Govindachamy Jail Break: ജയിൽ ചാടുന്നയാളെക്കാൾ ശിക്ഷ സഹായിക്കുന്നയാൾക്ക്; 10 കൊല്ലം വരെ അകത്തുകിടക്കാൻ സാധ്യത: നിയമം വിശദമായി
What Is The Punishment For Aiding Jail Break: ഗോവിന്ദച്ചാമിയ്ക്ക് ജയിൽ ചാടാൻ സഹായം ലഭിച്ചു എന്നാണ് സംശയം. സഹായിച്ചവർക്ക് ഗോവിന്ദച്ചാമിയെക്കാൾ ശിക്ഷ ലഭിക്കും. അതാണ് നിയമം.
ഗോവിന്ദച്ചാമി ജയിൽ ചാടിയത് പലർക്കും അതിശയമാണ്. ഒറ്റക്കയ്യനായ പ്രതി നിരീക്ഷണ ക്യാമറകളുള്ള ഒരു ജയിലിൽ നിന്ന്, സെല്ലിലെ ഇരുമ്പ് കമ്പി മുറിച്ചുമാറ്റി, വസ്ത്രങ്ങക്ക് ഉപയോഗിച്ച് വടമുണ്ടാക്കി, ഇലക്ട്രിക് ഫെൻസിലെ വൈദ്യുതി ഓഫ് ചെയ്ത്, മതിലിലൂടെ ഊർന്ന് പുറത്തിറങ്ങിയെന്നത് വിശ്വസിക്കാനാവുന്നില്ലെന്നാണ് പലരുടെയും അഭിപ്രായം. ഗോവിന്ദച്ചാമിയ്ക്ക് പുറത്തുനിന്നോ അകത്തുനിന്നോ സഹായം ലഭിച്ചിട്ടുണ്ടാവാമെന്നാണ് സംശയം. ആരെങ്കിലും സഹായം നൽകിയിട്ടുണ്ടെങ്കിൽ അവർക്ക് ജയിൽ ചാടിയ ഗോവിന്ദച്ചാമിയെക്കാൾ ശിക്ഷ അനുഭവിക്കേണ്ടിവരും.
ചാടുന്നയാൾക്ക്
ജയിൽ ചാടുന്ന പ്രതികൾക്കെതിരെ ഇന്ത്യൻ ശിക്ഷാനിയമം (ഭാരതീയ ന്യായ സംഹിത – ബിഎൻഎസ്) പ്രകാരം 260ആം വകുപ്പനുസരിച്ച് നടപടിയെടുക്കും. രണ്ട് വർഷം വരെ തടവാണ് ശിക്ഷ. ഒപ്പം പിഴയും ഒടുക്കണം. തടവ് അല്ലെങ്കിൽ പിഴ, അതല്ലെങ്കിൽ രണ്ടും എന്നിങ്ങനെയാണ് നിയമം. അതായത്, ഗോവിന്ദച്ചാമിയ്ക്ക് താൻ ഇപ്പോൾ അനുഭവിക്കുന്ന തടവ് ശിക്ഷ കൂടാതെ രണ്ട് വർഷം അധിക തടവ് അനുഭവിക്കേണ്ടിവരും.
സഹായിക്കുന്നയാൾക്ക്
പ്രതിയെ ജയിൽ ചാടാൻ സഹായിക്കുന്ന പൗരന് ബിഎൻഎസ് വകുപ്പ് 158 പ്രകാരം ജീവപര്യന്തം അല്ലെങ്കിൽ 10 വർഷം വരെ തടവും പിഴയും ശിക്ഷയായി ലഭിക്കും. രക്ഷപ്പെടാനുള്ള ആയുധമോ സഹായമോ നൽകുക, ഒപ്പം നിന്ന് രക്ഷപ്പെടുത്തുകയോ രക്ഷപ്പെടാൻ സഹായിക്കുകയോ ചെയ്യുക, രക്ഷപ്പെട്ട പ്രതിയെ ഒളിപ്പിക്കുക, പ്രതിയെ തിരികെ പിടികൂടാൻ ശ്രമിക്കുന്നതിനെ ചെറുക്കുക എന്നിവയൊക്കെ 158ആം വകുപ്പിൽ ഉൾപ്പെടും.




Also Read: സൗമ്യ കൊലക്കേസ് പ്രതി ഗോവിന്ദച്ചാമി പിടിയിൽ
ജയിൽ ജീവനക്കാർക്ക്
പ്രതിയെ രക്ഷപ്പെടാൻ സഹായിക്കുന്നത് സർക്കാർ ജീവനക്കാരാണെങ്കിലും (ജയിൽ ഉദ്യോഗസ്ഥർ, പോലീസുകാർ, മറ്റേതെങ്കിലും സർക്കാർ ഉദ്യോഗസ്ഥർ) ശിക്ഷ ഇത് തന്നെ. വകുപ്പ് 156 ആയി മാറും. ഡ്യൂട്ടിയിലുള്ള ജയിൽ ജീവനക്കാർക്ക് (അശ്രദ്ധ, ഉത്തരവാദിത്തത്തിൽ വീഴ്ച) വകുപ്പ് 261 പ്രകാരം രണ്ട് വർഷം വരെ തടവും പിഴയും.
അഭയം നൽകുന്നവർക്ക്
ജയിൽ ചാടിയ പ്രതി വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടവരാണെങ്കിൽ അഭയം നൽകുന്നവർക്ക് ഏഴ് വർഷം വരെയും ജീവപര്യന്തമാണെങ്കിൽ മൂന്ന് വർഷം വരെയും തടവ് ലഭിക്കും. ഇതിലും ചെറിയ കാലയളവാണെങ്കിൽ പ്രതിയുടെ തടവിൻ്റെ നാലിലൊന്ന് സമയം അഭയം നൽകുന്നവർ ശിക്ഷ അനുഭവിക്കണം.