Thiruvananthapuram groom death: പിണങ്ങി നിന്ന വീട്ടുകാരെ അനുനയിപ്പിക്കാൻ അവസാന ശ്രമം! കല്യാണദിവസം പുലർച്ചെ വരൻ വാഹനാപകടത്തിൽ മരിച്ചു
Thiruvananthapuram groom death: ദീർഘനാളായി പ്രണയത്തിലായിരുന്ന യുവതിയുമായി ആയിരുന്നു വിവാഹം. എന്നാൽ രാഗേഷിന്റെ വീട്ടുകാർക്ക് ഈ കല്യാണത്തോടെ എതിർപ്പ് ആയിരുന്നു....

Accident Sreekaryam
തിരുവനന്തപുരം: ശ്രീകാര്യത്ത് വിവാഹം നടക്കേണ്ട ദിവസം പുലർച്ചെ വരൻ വാഹനാപകടത്തിൽ മരിച്ചു. ചെമ്പഴന്തി പോട്ടയിൽ അയ്യങ്കാളി നഗർ പുന്നക്കുഴി രോഹിണിയിൽ രാഗേഷ് ആണ് മരിച്ചത്. 28 വയസ്സായിരുന്നു. രാജൻ ആശാരി ശ്രീലത എന്നിവരാണ് മാതാപിതാക്കൾ. കാട്ടായിക്കോണം സ്വദേശിനിയുമായുള്ള രാഗേഷിന്റെ വിവാഹം തിങ്കളാഴ്ച നിശ്ചയിച്ചിരിക്കെയാണ് പാങ്ങപ്പാറയ്ക്ക് സമീപം പുലർച്ചെ 12ന് രാഗേഷ് അപകടത്തിൽ പെട്ട് മരിക്കുന്നത്.
ശ്രീകാര്യത്തിനും കഴക്കൂട്ടത്തിനും ഇടക്ക് മാങ്കുഴിയിൽ വച്ചാണ് അപകടമുണ്ടായത്. രാഗേഷ് സഞ്ചരിച്ചിരുന്ന ബൈക്ക് എതിരെ വന്ന കെഎസ്ആർടിസി സ്വിഫ്റ്റ് ഇലക്ട്രിക് ബസ്സിൽ കൂട്ടിയിടിക്കുകയായിരുന്നു. സംഭവസ്ഥലത്ത് വച്ച് തന്നെ രാഗേഷ് മരിച്ചിരുന്നു. കണിയാപുരം ഡിപ്പോയിൽ നിന്നും വൈദ്യുതി ചാർജ് ചെയ്ത ശേഷം വികാസ് ഭവനിലേക്ക് പോവുകയായിരുന്ന ബസ്സുമായാണ് കൂട്ടിയിടിച്ചത്. ശ്രീകാര്യത്തിൽ നിന്നും കഴക്കൂട്ടം ഭാഗത്തേക്ക് ബൈക്കിൽ പോവുകയായിരുന്നു രാഗേഷ്. ബസ്സുമായി നേർക്കുനേരെ ഇടിച്ചുണ്ടായ അപകടത്തിൽ രാഗേഷിന്റെ തല പൊട്ടി ചിതറി. ബൈക്ക് പൂർണ്ണമായും തകർന്നിട്ടുണ്ട്.
തിങ്കളാഴ്ച രാവിലെ ആയിരുന്നു രാഗേഷിന്റെ വിവാഹം നിശ്ചയിച്ചിരുന്നത്. കാട്ടായിക്കോണം വാഴവിളയിലെ പാട്ടാരി ശ്രീ മഹാദേവക്ഷേത്രത്തിൽ വച്ച് വിവാഹം നടത്താനായിരുന്നു തീരുമാനിച്ചത്. ദീർഘനാളായി പ്രണയത്തിലായിരുന്ന യുവതിയുമായി ആയിരുന്നു വിവാഹം. എന്നാൽ രാഗേഷിന്റെ വീട്ടുകാർക്ക് ഈ കല്യാണത്തോടെ എതിർപ്പ് ആയിരുന്നു. അതിനാൽ തന്നെ വിവാഹത്തിൽ പങ്കെടുക്കുവാൻ വിസമ്മതിച്ച ഇവരെ അവസാന ശമം എന്നോണം കല്യാണത്തിന് ക്ഷണിക്കാൻ വേണ്ടിയാണ് ഞായറാഴ്ച തന്റെ വീട്ടിലെത്തിയത്. എന്നാൽ വിവാഹത്തിന്റെ പേരിൽ വീണ്ടും അച്ഛനും അമ്മയുമായി തർക്കിച്ചതായി ബന്ധുക്കൾ പറയുന്നു.
ഈ വഴക്കിനെ തുടർന്നാണ് രാഗേഷ് ബൈക്ക് എടുത്ത് കഴക്കൂട്ടം ഭാഗത്തേക്ക് പോയത്. പ്രണയത്തിന്റെ പേരിൽ ബന്ധുക്കളുമായി പിണങ്ങി വീട് വിട്ടിരുന്ന രാഗേഷ് ചന്തവിളയിൽ പെൺകുട്ടിയുടെ വീട്ടുകാർ ഏർപ്പാടാക്കി നൽകിയ ഒരു വാടക വീട്ടിലായിരുന്നു താമസം. വിവാഹത്തിനു വേണ്ടിയുള്ള എല്ലാ ക്രമീകരണങ്ങളും പെൺകുട്ടിയുടെ വീട്ടുകാരാണ് നടത്തിയിരുന്നത്. അടുത്ത ബന്ധുക്കളെയും സുഹൃത്തുക്കളെയും മാത്രം പങ്കെടുപ്പിച്ച ലളിതമായ ചടങ്ങുകളോട് ആണ് വിവാഹം നടത്താൻ തീരുമാനിച്ചിരുന്നത്. അതേസമയം നിലവിൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലാണ് രാകേഷിന്റെ മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്. ചൊവ്വാഴ്ച ഉച്ചയോടെ പോസ്റ്റ്മോർട്ടത്തിനുശേഷം വീട്ടുവളപ്പിൽ സംസ്കരിക്കും.