Amebic Meningoencephalitis: ജലസംഭരണികൾ ക്ലോറിനേറ്റ് ചെയ്യണം…അമീബിക് മസ്തിഷ്‌കജ്വരം തടയാൻ നിര്‍ദേശങ്ങളുമായി ആരോഗ്യവകുപ്പ്
Health Department Issues Directives to Prevent Amebic Meningoencephalitis: ജലസ്രോതസ്സുകളിലേക്ക് മാലിന്യങ്ങൾ ഒഴുക്കി വിടുന്നത് ഒഴിവാക്കണം. ഖരമാലിന്യങ്ങൾ നിക്ഷേപിക്കുന്നത് കർശനമായി തടയണം.

Amoebic Meningoencephalitis (3)
തിരുവനന്തപുരം: അമീബിക് മസ്തിഷ്കജ്വരം കൂടുതലായി റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ പ്രതിരോധ നടപടികളുമായി ആരോഗ്യവകുപ്പ്. രോഗം തടയുന്നതിനായി ജലസ്രോതസ്സുകളിൽ ക്ലോറിനേഷൻ നിർബന്ധമാക്കി ഉത്തരവിറക്കി. സംസ്ഥാനത്ത് അമീബിക് മസ്തിഷ്ക ജ്വരം വ്യാപനം കൂടുന്ന സാഹചര്യത്തിലാണ് ഈ ഉത്തരവ് എത്തിയത്.
കോഴിക്കോട് മെഡിക്കൽ കോളേജിൽ രോഗം ബാധിച്ച് ഒൻപത് പേരാണ് ഇപ്പോൾ ചികിത്സയിലുള്ളത്. മലപ്പുറം, പാലക്കാട്, കോഴിക്കോട് ജില്ലകളിലുള്ളവരാണ് മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്നത്. രോഗം സ്ഥിരീകരിച്ച രാമനാട്ടുകര സ്വദേശി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലാണ് ചികിത്സയിലുള്ളത്.
പ്രധാന നിർദേശങ്ങൾ
- മലിനമായ കുളങ്ങൾ, തടാകങ്ങൾ, ഒഴുക്ക് കുറഞ്ഞ തോടുകൾ എന്നിവിടങ്ങളിൽ കുളിക്കുന്നത് ഒഴിവാക്കണം.
- നീന്തൽ പരിശീലന കേന്ദ്രങ്ങൾ, വാട്ടർ തീം പാർക്കുകൾ തുടങ്ങിയ സ്ഥലങ്ങളിലെ ജലാശയങ്ങളിൽ നിർബന്ധമായും ക്ലോറിനേഷൻ നടത്തണം. ക്ലോറിന്റെ അളവ് പരിശോധിച്ച് രേഖപ്പെടുത്തുകയും വേണം.
- കുടിവെള്ളത്തിനായി ഉപയോഗിക്കുന്ന ജലസംഭരണികളും ക്ലോറിനേറ്റ് ചെയ്യണം.
- ജലസ്രോതസ്സുകളിലേക്ക് മാലിന്യങ്ങൾ ഒഴുക്കി വിടുന്നത് ഒഴിവാക്കണം. ഖരമാലിന്യങ്ങൾ നിക്ഷേപിക്കുന്നത് കർശനമായി തടയണം.
ഈ നിർദേശങ്ങൾ പാലിക്കപ്പെടുന്നുണ്ടെന്ന് പബ്ലിക് ഹെൽത്ത് ഓഫീസർമാർ ഉറപ്പുവരുത്തണം. നിയമം ലംഘിക്കുന്നവർക്കെതിരെ പൊതുജനാരോഗ്യ നിയമപ്രകാരം കേസെടുക്കുമെന്നും ആരോഗ്യവകുപ്പ് അറിയിച്ചു. കൂടാതെ, പബ്ലിക് ഓഫീസർമാർ ആഴ്ചതോറും സംസ്ഥാന സർവൈലൻസ് ഓഫീസർക്ക് റിപ്പോർട്ട് നൽകണമെന്നും ഉത്തരവിൽ പറയുന്നു.