Kottayam Medical College Accident: ‘കുടുംബത്തിൻ്റെ ദു:ഖം, എന്റേയും’; പ്രതിഷേധം കനക്കുന്നതിനിടെ ബിന്ദുവിൻ്റെ വീട്ടിലെത്തി മന്ത്രി വീണ ജോർജ്
Kottayam Medical College Accident Victim Bindu: ഇവരെ ആശ്വസിപ്പിച്ച് വേണ്ടത് ചെയ്യാമെന്ന് ഉറപ്പ് നൽകിയുമാണ് മന്ത്രി വീട്ടിൽ നിന്ന് മടങ്ങിയത്. പ്രാദേശിക സിപിഎം നേതാക്കളുമായാണ് മന്ത്രി വീട്ടിലെത്തിയത്.

കോട്ടയം: കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ കെട്ടിടം തകർന്ന് വീണ് മരിച്ച തലയോലപ്പറമ്പ് സ്വദേശിനി ബിന്ദുവിന്റെ വീട്ടിലെത്തി ആരോഗ്യ മന്ത്രി വീണ ജോർജ്. ഇന്ന് രാവിലെ ഏഴ് മണിയോടെ വീട്ടിലെത്തിയ മന്ത്രി ബിന്ദുവിൻ്റെ ഭർത്താവിനോടും അമ്മയോടും മന്ത്രി സംസാരിച്ചു. ഇവരെ ആശ്വസിപ്പിച്ച് വേണ്ടത് ചെയ്യാമെന്ന് ഉറപ്പ് നൽകിയുമാണ് മന്ത്രി വീട്ടിൽ നിന്ന് മടങ്ങിയത്. പ്രാദേശിക സിപിഎം നേതാക്കളുമായാണ് മന്ത്രി വീട്ടിലെത്തിയത്. പ്രതിഷേധം കനക്കുന്നതിനിടെയാണ് മന്ത്രി ബിന്ദുവിന്റെ വീട്ടിലെത്തിയത്.
ബിന്ദുവിന്റെ മകളുടെ തുടര്‍ചികിത്സ കുടുംബം എവിടെയാണോ ആവശ്യപ്പെടുന്നത് അവിടെ ചെയ്യാന്‍ വേണ്ട ഏര്‍പ്പാടുകളെല്ലാം ചെയ്യുമെന്നും മന്ത്രി ഉറപ്പുനല്‍കി. കോട്ടയം മെഡിക്കല്‍ കോളേജിലാണ് ചികിത്സ തുടരാന്‍ ഉദ്ദേശിക്കുന്നതെങ്കില്‍ തിങ്കളാഴ്ച തന്നെ കുട്ടിയുടെ ഓപ്പറേഷന്‍ നടത്താന്‍ വേണ്ട സൗകര്യങ്ങള്‍ ഒരുക്കാമെന്നും മന്ത്രി ഉറപ്പുനല്‍കി. മന്ത്രി എത്തിയതിൽ സന്തോഷമുണ്ടെന്ന് കുടുംബം അറിയിച്ചു.
അത്യന്തം ദുഃഖകരമായ സംഭവമാണ് ഉണ്ടായതെന്നാണ് മന്ത്രി പറഞ്ഞത്. കുടുംബത്തിന്റെ ദുഃഖം തന്റേയുംകൂടിയാണ്. ബിന്ദുവിന്റെ അമ്മയേയും ഭര്‍ത്താവിനേയും മക്കളെയും കണ്ടുവെന്നും സര്‍ക്കാര്‍ പൂര്‍ണമായും അവര്‍ക്കൊപ്പം ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയനുമായി ഇക്കാര്യം സംസാരിച്ചിരുന്നു. അതിന്റെ അടിസ്ഥാനത്തില്‍ ഉചിതമായ തീരുമാനങ്ങള്‍ ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു.
അതേസമയം ഇന്ന് ചേരുന്ന സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിൽ മന്ത്രി വീണ ജോർജിനെതിരെ പാർട്ടിയിൽ നിന്ന് ഉയർന്ന പരസ്യ വിമർശനങ്ങൾ ചർച്ച ചെയ്യും .മന്ത്രിയെ വിമർശിച്ചു ഫേസ്ബുക്ക് പോസ്റ്റ് ഇട്ട നേതാക്കൾക്കെതിരെ നടപടി ഉണ്ടാകുമെന്ന് ജില്ലാ സെക്രട്ടറി നേരത്തെ വ്യക്തമാക്കിയിരുന്നു. ഇരവിപേരൂർ ഏരിയ കമ്മിറ്റി അംഗവും മുൻ സിഡബ്ല്യുസി അധ്യക്ഷനുമായ അഡ്വ എൻ രാജീവ്, ഇലന്തൂർ ലോക്കൽ കമ്മിറ്റിയംഗം ജോൺസൺ എന്നിവരാണ് ഫേസ്ബുക്ക് പോസ്റ്റ് ഇട്ടത്.