Durga Kami’s Death: എറണാകുളം ജനറൽ ആശുപത്രിയിൽ ഹൃദയം മാറ്റിവച്ച നേപ്പാൾ യുവതി മരിച്ചു
Durga Kami Dies: തുടർന്ന് കട്ടിലിൽ എഴുന്നേറ്റിരിക്കുകയും ഭക്ഷണം കഴിക്കുകയും ചെയ്തിരുന്നു. എന്നാൽ വൈകിട്ടോടെ ഹൃദയവും ശ്വാസകോശവും നിലയ്ക്കുകയായിരുന്നു.

Durga Kami
കൊച്ചി: എറണാകുളം ജനറൽ ആശുപത്രിയിൽ ഹൃദയമാറ്റ ശസ്ത്രക്രിയയ്ക്കു വിധേയയായ നേപ്പാൾ യുവതി ദുർഗ കാമി ( 22 ) മരിച്ചു. ഇന്നലെ രാത്രി പത്ത് മണിയോടെയായിരുന്നു മരണം. വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ട് മണിക്ക് ദുർഗയെ എക്മോ സപ്പോർട്ടിൽ നിന്നു മാറ്റിയിരുന്നു. തുടർന്ന് കട്ടിലിൽ എഴുന്നേറ്റിരിക്കുകയും ഭക്ഷണം കഴിക്കുകയും ചെയ്തിരുന്നു. എന്നാൽ വൈകിട്ടോടെ ഹൃദയവും ശ്വാസകോശവും നിലയ്ക്കുകയായിരുന്നു.
ഡോക്ടർമാർ കുറെ പരിശ്രമിച്ചെങ്കിലും ദുർഗയെ തിരികെ ജീവിതത്തിലേക്ക് എത്തിക്കാൻ കഴിഞ്ഞില്ല. ഡിസംബർ 22 നായിരുന്നു ദുർഗയുടെ ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തിയത്. വാഹനാപകടത്തിൽ ചികിത്സയിലിരിക്കെ മസ്തിഷ്ക മരണം സംഭവിച്ച കൊല്ലം ചാത്തന്നൂർ സ്വദേശി ഷിബുവിന്റെ ഹൃദയമാണു ദുർഗയ്ക്കു മാറ്റിവച്ചത്. ജനറൽ ആശുപത്രിയിലായിരുന്നു ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടന്നത്. ഇതോടെ രാജ്യത്ത് ആദ്യമായാണ് ഒരു ജില്ലാതല ആശുപത്രിയില്‍ ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്തി വിജയിപ്പിച്ചത്.
Also Read:പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് തിരുവനന്തപുരത്ത്; വിവിധ കേന്ദ്ര പദ്ധതികളുടെ ഉദ്ഘാടനം നടക്കും
ശസ്ത്രക്രിയയ്ക്ക് ശേഷം സാധാരണ നിലയിലേക്ക് തിരിച്ചുവന്ന ദുർഗ മരുന്നുകളോടു വേഗത്തിൽ പ്രതികരിച്ചിരുന്നു. അനാഥയായ നേപ്പാൾ സ്വദേശിനി ദുർഗയ്ക്കാണ് കോടതിയുടെ പ്രത്യേക അനുമതിയോടെ ശസ്ത്രക്രിയ നടത്തിയത്. ദുർഗയ്ക്ക് ഒരു അനുജൻ മാത്രമാണുള്ളത്. അമ്മയും മൂത്ത സഹോദരനും പാരമ്പര്യമായ ഹൃദ്രോഗം കാരണം മരണപ്പെട്ടിരുന്നു. ഇതേ അസുഖമായിരുന്നു ദുർഗയ്ക്കും.
ഹൃദയം മാറ്റിവെക്കല്‍ ശസ്ത്രക്രിയക്ക് വിധേയയായ ഇരുപത്തിയൊന്ന് വയസുള്ള നേപ്പാള്‍ സ്വദേശിനി മരണമടഞ്ഞ വിവരം അറിയിച്ചുകൊണ്ട് മന്ത്രി വീണ ജോർജ് ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചിരുന്നു.