Rahul Mamkootathil: രാഹുലിനെതിരായ പരാതി എത്തിക്‌സ് കമ്മിറ്റിയില്‍; സമിതി റിപ്പോര്‍ട്ട് നിര്‍ണായകം
Complaint against Rahul Mamkootathil in Ethics Committee: രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ഡികെ മുരളി എംഎല്‍എ നല്‍കിയ പരാതി സ്പീക്കര്‍ എഎന്‍ ഷംസീര്‍ നിയമസഭയുടെ എത്തിക്‌സ് കമ്മിറ്റിക്ക് വിട്ടു. സഭയുടെ അന്തസ്സിന് നിരക്കാത്ത പ്രവൃത്തികള്‍ ചെയ്ത രാഹുലിനെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യം.
തിരുവനന്തപുരം: ബലാത്സംഗക്കേസില്‍ അറസ്റ്റിലായ പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ഡികെ മുരളി എംഎല്‍എ നല്‍കിയ പരാതി സ്പീക്കര്‍ എഎന്‍ ഷംസീര്‍ നിയമസഭയുടെ എത്തിക്‌സ് കമ്മിറ്റിക്ക് വിട്ടു. സഭയുടെ അന്തസ്സിന് നിരക്കാത്ത പ്രവൃത്തികള്‍ ചെയ്ത രാഹുലിനെതിരെ നടപടി സ്വീകരിക്കണമെന്നായിരുന്നു മുരളിയുടെ ആവശ്യം. നിയമസഭയുടെ അന്തസ്സിന് നിരക്കാത്ത കുറ്റകൃത്യങ്ങൾ ചെയ്യുന്ന എംഎല്‍എമാരെ എത്തിക്‌സ് കമ്മിറ്റിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പുറത്താക്കാനാകും.
എന്നാല്‍ ഇതിന് ഏതെങ്കിലും എംഎല്‍എ പരാതി നല്‍കണം. ഈ പശ്ചാത്തലത്തിലാണ് ഡികെ മുരളി പരാതി കൊടുത്തത്. മുരളി പെരുന്നെല്ലിയാണ് എത്തിക്‌സ് കമ്മിറ്റിയുടെ അധ്യക്ഷന്‍. എംവി ഗോവിന്ദന്‍, പി ബാലചന്ദ്രന്‍, മാത്യു ടി തോമസ്, ടിപി രാമകൃഷ്ണന്‍, കെകെ ശൈലജ, എച്ച് സലാം എന്നീ എല്‍ഡിഎഫ് അംഗങ്ങളും, റോജി എം ജോണ്‍, യുഎ ലത്തീഫ് എന്നീ യുഡിഎഫ് അംഗങ്ങളും സമിതിയിലുണ്ട്.
രാഹുലിന്റെയും, പരാതി നല്‍കിയ ഡികെ മുരളിയുടെയും മൊഴി എത്തിക്‌സ് കമ്മിറ്റി രേഖപ്പെടുത്തും. ആവശ്യമെങ്കില്‍ മൊഴിയെടുക്കാന്‍ കമ്മിറ്റിക്ക് ആരെയും വിളിച്ചുവരുത്താം. ഇതിന് ശേഷം സമിതിയുടെ റിപ്പോര്‍ട്ട് നിയമസഭയുടെ പരിഗണനയില്‍ വരും.
വിധി ശനിയാഴ്ച
അതേസമയം, രാഹുലിന്റെ ജാമ്യാപേക്ഷയില്‍ പത്തനംതിട്ട പ്രിന്‍സിപ്പല്‍ ജില്ലാ സെഷന്‍സ് കോടതിയില്‍ വാദം പൂര്‍ത്തിയായി. ശനിയാഴ്ച വിധി പറയും. തിരുവല്ല മജിസ്‌ട്രേറ്റ് കോടതി ജാമ്യം നിഷേധിച്ചതിന് പിന്നാലെയാണ് രാഹുല്‍ സെഷന്‍സ് കോടതിയെ സമീപിച്ചത്.
നേരത്തെ, രാഹുലിനെതിരെ പരാതി നല്‍കിയ ആദ്യ കേസിലെ അതിജീവിത എംഎല്‍എയ്‌ക്കെതിരെ ഗുരുതര ആരോപണങ്ങളടങ്ങിയ സത്യവാങ്മൂലം സമര്‍പ്പിച്ചിരുന്നു. രാഹുല്‍ മാങ്കൂട്ടത്തില്‍ ക്രൂരനായ ലൈംഗിക കുറ്റവാളിയാണെന്നാണ് അതിജീവിതയുടെ ആരോപണം.