Ditwah Cyclone: ഇന്നും മഴയുണ്ട്; ഡിറ്റ് വാ ചുഴലിക്കാറ്റ് കേരളത്തെ ബാധിക്കുമോ?
Kerala Weather Update November 29: കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമായി ഇന്ന് (നവംബര്‍ 29) രാത്രി 11.30 വരെ കേരള തീരത്ത് കടലാക്രമണത്തിന് സാധ്യതയുണ്ട്. അതിനാല്‍ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്ന് നിര്‍ദേശം.

പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: സംസ്ഥാനത്ത് അഞ്ച് ദിവസം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ശ്രീലങ്കന്‍ തീരത്തിന് സമീരത്തായ തെക്കുപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിന് മുകളിലായി സ്ഥിതി ചെയ്യുന്ന ഡിറ്റ് വാ ചുഴലിക്കാറ്റിന്റെ സ്വാധീനഫലമായാണ് സംസ്ഥാനത്ത് മഴ ശക്തമാകുന്നത്. ചുഴലിക്കാറ്റ് ഞായറാഴ്ചയോടെ വടക്കന്‍ തമിഴ്‌നാട്-പുതുച്ചേരി, തെക്കന്‍ ആന്ധ്രപ്രദേശ് തീരങ്ങളിലേക്ക് നീങ്ങാന്‍ സാധ്യതയുണ്ടെന്നും വകുപ്പ് വ്യക്തമാക്കി.
കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമായി ഇന്ന് (നവംബര്‍ 29) രാത്രി 11.30 വരെ കേരള തീരത്ത് കടലാക്രമണത്തിന് സാധ്യതയുണ്ട്. അതിനാല്‍ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്ന് നിര്‍ദേശം. കടലാക്രമണം രൂക്ഷമാകാന്‍ സാധ്യതയുള്ളതിനാല്‍ അപകട മേഖലകളില്‍ നിന്ന് അധികൃതരുടെ നിര്‍ദേശാനുസരണം മാറി താമസിക്കണമെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ശക്തമായ മഴയ്ക്കുള്ള സാധ്യത കണക്കിലെടുത്ത് ഇന്ന് സംസ്ഥാനത്ത് അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം, വയനാട് എന്നീ ജില്ലകളിലാണ് മഴ മുന്നറിയിപ്പുള്ളത്. ഇവിടങ്ങളില്‍ 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കാന്‍ സാധ്യതയുണ്ടെന്ന് വകുപ്പ് വ്യക്തമാക്കി.
അതേസമയം, ഡിറ്റ് വാ ചുഴലിക്കാറ്റ് ശ്രീലങ്കയില്‍ കനത്ത നാശം വിതച്ചു. രാജ്യത്തുണ്ടായ പ്രളയത്തിലും മണ്ണിടിച്ചിലിലും 56 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. 21 പേരെ കാണാനില്ലെന്ന് ദുരന്തനിവാരണ കേന്ദ്രം അറിയിച്ചു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കനത്ത മഴയെ തുടര്‍ന്ന് റോഡുകളും വീടുകളും ഉള്‍പ്പെടെ വെള്ളത്തിനടിയിലായി.
യെല്ലോ അലര്‍ട്ട് നവംബര്‍ 29 ശനി
പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം, വയനാട്