Kerala School Holiday : നാളത്തെ അവധി മറ്റെന്നാളത്തേക്ക് ഒന്ന് മാറ്റി തരാമോ? അവധി പ്രഖ്യാപിച്ച കളക്ടർക്ക് കമൻ്റ് ബോക്സിൽ പൊങ്കാല
Collector's Facebook Page comments: മദ്രസകൾക്ക് സമസ്ത ഞായർ അവധി പ്രഖ്യാപിച്ചിരുന്നു. സാധാരണ മഴക്കാല അവധികൾക്ക് വേണ്ടി മുറവിളികൂട്ടുന്നവർ ഇത്തവണ കളിയാക്കൽ ട്രാക്കിലേക്കാണ് മാറിയിരിക്കുന്നത്.

മലപ്പുറം : മലപ്പുറത്ത് കനത്ത മഴയെത്തുടർന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ കളക്ടർ അവധി പ്രഖ്യാപിച്ചതോടെ സോഷ്യൽ മീഡിയയിൽ കമന്റുകളുടെ പ്രവാഹമാണ്. മലപ്പുറം ജില്ലയിലെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപങ്ങൾക്കും ജില്ലാ കളക്ടർ വി.ആർ. വിനോദ് ആണ് അവധി പ്രഖ്യാപിച്ചത്. കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ജില്ലയിൽ റെഡ് അലർട്ട് മുന്നറിയിപ്പ് തുടരുന്നു. ഈ പശ്ചാത്തലത്തിലാണ് ജില്ലാ കളക്ടർ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചത്.
മദ്രസകൾ, ട്യൂഷൻ സെന്ററുകൾ ഉൾപ്പെടെയുള്ള മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുമാണ് അവധി പ്രഖ്യാപിച്ചിട്ടുള്ളത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് കളക്ടർ അവധി പ്രഖ്യാപിച്ചിരിക്കുന്നത്. ഇതോടെ ഫേസ്ബുക്ക് പോസ്റ്റിന് താഴെ രസകരമായ കമന്റുകളുടെ പ്രവാഹമാണ്. അല്ലെങ്കിലേ വെക്കേഷൻ, പോരാത്തതിന് ഞായറും, വല്ലാത്തൊരു അവധി പ്രഖ്യാനം ആയി എന്നാണ് ഒരാൾ പറഞ്ഞിരിക്കുന്നത്.
കളക്ടറേറ്റിൽ നിന്നും 20 കിലോമീറ്റർ പടിഞ്ഞാറ് ഭാഗത്ത് കൂരിയാട് എന്ന സ്ഥലത്ത് നാഷണൽ ഹൈവേ 66 ഇടിഞ്ഞുവീണു 5 ആളുകൾക്ക് പരിക്ക് പറ്റുകയും റോഡ് ഗതാഗതം മൊത്തം താറുമാറായി കിടക്കുകയും ചെയ്യുന്ന സ്ഥലത്ത് അവിടെ സന്ദർശിക്കാൻ പോലും തയ്യാറാവാത്തത് എന്തുകൊണ്ടാണ് മലപ്പുറം ജില്ലാ കലക്ടർ മറുപടി പ്രതീക്ഷിക്കുന്നു – എന്നാണ് മറ്റൊരാളുടെ പ്രതികരണം.
സ്പെഷ്യൽ ക്ലാസ് വെച്ച കണക്ക് ടീച്ചർക്കുള്ള മുന്നറിയിപ്പാണ്, ഉറക്കത്തിൽ നിന്ന് എണീറ്റു മെസ്സേജ് ഇട്ടതാണ് ഒരു കയ്യബദ്ധം, നാളെ ഞായറാഴ്ച്ചയാണ് മിഷ്ടർ കളക്ടർ…സൺഡേ ഫൺ ഡേ അല്ലെ സാർ, നാളെ ഉള്ളത് മറ്റെന്നാളത്തേക് ഒന്ന് മാറ്റി തരാമോ … ഇങ്ങനെ നീളുന്നു രസകരമായ കമന്റുകൾ. വെറുതെ തെറ്റ് ധരിച്ചു മഹാമനസ്കാനായ കളക്ടർ ഞായറാഴ്ച പൊതു അവധി പ്രഖ്യാപിച്ചിരിക്കുന്നു എന്ന് കളിയാക്കിയവരും ഉണ്ട്.
മദ്രസകൾക്ക് സമസ്ത ഞായർ അവധി പ്രഖ്യാപിച്ചിരുന്നു. സാധാരണ മഴക്കാല അവധികൾക്ക് വേണ്ടി മുറവിളികൂട്ടുന്നവർ ഇത്തവണ കളിയാക്കൽ ട്രാക്കിലേക്കാണ് മാറിയിരിക്കുന്നത്.