Idukki Fraud Case: ‘വീടിന് ദോഷമുണ്ട്, സ്വർണം നൽകി പ്രാർഥിക്കണം’; വീട്ടമ്മയെ പറ്റിച്ച സർക്കാർ ജീവനക്കാരനടക്കം പിടിയിൽ
Karimannoor Gold Fraud Case: വീട്ടമ്മയുടെ ബന്ധുക്കൾക്ക് തോന്നിയ സംശയമാണ് ഞെട്ടിക്കുന്ന വിവരം പുറത്തുകൊണ്ടുവന്നത്. ഇവരുടെ വീട്ടിൽ പ്രതികൾ ഇടയ്ക്കിടെ വരാറുണ്ടായിരുന്നു. എന്നാൽ വീട്ടിലുണ്ടായിരുന്ന സ്വർണം കാണാതെ പോയതാണ് സംശയത്തിന് ഇടയാക്കിയത്.
ഇടുക്കി: വിശ്വാസത്തിന്റെ മറവിൽ വീട്ടമ്മയെ പറ്റിച്ച് സ്വർണം കൈക്കലാക്കിയ കേസിൽ നാലുപേർ അറസ്റ്റിൽ. ഇവരിൽ നിന്ന് തട്ടിയെടുത്ത സ്വർണം വിറ്റ് എട്ടരലക്ഷം രൂപയാണ് പ്രതികൾ കൈപ്പറ്റിയത്. ഒരു സർക്കാർ ജീവനക്കാരനും മൂന്നു സ്ത്രീകളും ഉൾപ്പെടുന്നവരാണ് പിടിയിലായത്. കരിമണ്ണൂർ പള്ളിക്കാമുറി പാഴൂക്കര സ്വദേശിനിയായ 66-കാരിയാണ് തട്ടിപ്പിനിരയായത്.
പുറപ്പുഴ ഗവ. ടെക്‌നിക്കൽ ഹൈസ്‌കൂൾ ജീവനക്കാരനായ തൊടുപുഴ കോലാനി പുത്തൻവീട്ടിൽ വിജീഷ് അജയകുമാർ (34), അത്തിവീട്ടിൽ സുലോചന ബാബു (44), മകൾ അഞ്ജു ബാബു (29), അഞ്ചപ്ര വീട്ടിൽ ഷാജിത (29) എന്നിവരാണ് പ്രതികൾ. പലതവണയായി വീട്ടമ്മയുടെ കൈക്കൽനിന്ന് 11 പവൻ സ്വർണമാണ് ഇവർ തട്ടിയെടുത്തത്.
സംഭവം ഇങ്ങനെ
ലോഷൻ, പപ്പടം, കത്തി എന്നിവ വിൽക്കാനെന്ന പേരിലാണ് പ്രതികൾ വീടുകളിലെത്തുക. വീട്ടുകാരെ സമീപിച്ച് വിശ്വാസം നേടിയെടുക്കും. പിന്നാലെയാണ് തട്ടിപ്പ്. വീടിനുദോഷമുണ്ടെന്നും ഇതുമാറാൻ ആലപ്പുഴയിലെ ധ്യാനകേന്ദ്രത്തിൽ സ്വർണം നൽകി പ്രത്യേക പ്രാർഥന നടത്തണമെന്നുമാണ് ഇവരുടെ നിർദ്ദേശം. ഇത്തരം കാര്യങ്ങൾ പറഞ്ഞ് വിശ്വസിപ്പിച്ചാണ് ഇവർ വയോധികയുടെ കൈയ്യിൽനിന്ന് സ്വർണം തട്ടിയെടുത്തത്.
Also Read: സ്വത്ത് തർക്കം; അമ്മയെ മർദിച്ച മകൻ അറസ്റ്റിൽ
വയോധിക തനിച്ചാണ് താമസം. തട്ടിപ്പിൻ്റെ പ്രധാന ആസൂത്രകൻ വിജീഷാണ്. ഇയാൾ വീടുകൾ കണ്ടുവെച്ച് പ്രതികളായ മറ്റുസ്ത്രീകളെ ഇവിടേക്കെത്തിക്കും. ഇത്തരത്തിൽ തട്ടിയെടുത്ത അഞ്ചുപവന്റെ സ്വർണമാല കഴിഞ്ഞ ദിവസം വിജീഷ് 3.80 ലക്ഷം രൂപയ്ക്കാണ് വിറ്റത്. മറ്റ് സ്വർണവും ഇത്തരത്തിൽ വിറ്റതായാണ് പോലീസ് പറയുന്നത്. സ്വർണം വിറ്റ സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി തൊണ്ടിമുതൽ കണ്ടെടുത്തിട്ടുണ്ട്.
വീട്ടമ്മയുടെ ബന്ധുക്കൾക്ക് തോന്നിയ സംശയമാണ് ഞെട്ടിക്കുന്ന വിവരം പുറത്തുകൊണ്ടുവന്നത്. ഇവരുടെ വീട്ടിൽ പ്രതികൾ ഇടയ്ക്കിടെ വരാറുണ്ടായിരുന്നു. എന്നാൽ വീട്ടിലുണ്ടായിരുന്ന സ്വർണം കാണാതെ പോയതാണ് സംശയത്തിന് ഇടയാക്കിയത്. പിന്നാലെ പോലീസിൽ വിവരം അറിയിക്കുകയും സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ പ്രതികളെ കണ്ടെത്തുകയുമായിരുന്നു. ചാരിറ്റി പ്രവർത്തനം നടത്തിയിരുന്ന വിജീഷ് മുൻപും ഇത്തരം തട്ടിപ്പുകൾ നടത്തിയതായാണ് വിവരം. നിലവിൽ നാല് പ്രതികളും റിമാൻഡിലാണ്.