KB Ganesh Kumar: ‘നാല് നായന്മാര്‍ രാജിവച്ചാല്‍ അവര്‍ക്ക് പോയി, സുകുമാരന്‍ നായര്‍ കരുത്തുറ്റ നേതാവ്’
KB Ganesh Kumar says G Sukumaran Nair is a strong leader: ഏറ്റവും കരുത്തുറ്റ നേതാവാണ് ജി സുകുമാരന്‍ നായര്‍. പത്തനാപുരം എന്‍എസ്എസ് താലൂക്ക് യൂണിയന്‍ അദ്ദേഹത്തിന്റെ പിന്നില്‍ പാറപോലെ ഉറച്ചുനില്‍ക്കും. അദ്ദേഹത്തിന്റെ നിലപാട് രാഷ്ട്രീയമല്ലെന്ന് ഗണേഷ് കുമാര്‍
KB Ganesh Kumar supports G Sukumaran Nair: എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായരെ പിന്തുണച്ച് മന്ത്രി കെ.ബി. ഗണേഷ് കുമാര്‍. അദ്ദേഹത്തിന്റെ കാലം കഴിഞ്ഞാല്‍ നായര്‍ സര്‍വീസ് സൊസൈറ്റിയെയും, സമുദായത്തെയും ഇത്രയധികം സ്‌നേഹിക്കുന്ന ഒരു വ്യക്തിയെ ഈ സംസ്ഥാനത്ത് എങ്ങനെ കണ്ടുപിടിക്കുമെന്ന് ചിന്തിക്കേണ്ടിയിരിക്കുന്നുവെന്ന് ഗണേഷ് കുമാര്‍ പറഞ്ഞു. പത്തനാപുരം എന്‍എസ്എസ് താലൂക്ക് യൂണിയന്‍ പ്രസിഡന്റായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ട ശേഷം നടത്തിയ പ്രസംഗത്തിലാണ് ഗണേഷ് കുമാര്‍ സുകുമാരന്‍ നായര്‍ക്കുള്ള പിന്തുണ പ്രഖ്യാപിച്ചത്.
സുകുമാരന്‍ നായര്‍ക്കെതിരെ ഫ്‌ളക്‌സ് വച്ചവരെയും മന്ത്രി വിമര്‍ശിച്ചു. ‘250 രൂപ കൊടുത്താല്‍ ഏത് അലവലാതിക്കും ഫ്‌ളക്‌സ് ബോര്‍ഡടിക്കാം’ എന്നായിരുന്നു മന്ത്രിയുടെ വിമര്‍ശനം. ഏറ്റവും കരുത്തുറ്റ നേതാവാണ് ജി സുകുമാരന്‍ നായര്‍. പത്തനാപുരം എന്‍എസ്എസ് താലൂക്ക് യൂണിയന്‍ അദ്ദേഹത്തിന്റെ പിന്നില്‍ പാറപോലെ ഉറച്ചുനില്‍ക്കും. അദ്ദേഹത്തിന്റെ നിലപാട് രാഷ്ട്രീയമല്ല. എന്‍എസ്എസ് സമദൂര സിദ്ധാന്തത്തില്‍ തന്നെയാണ് മുന്നോട്ടുപോകുന്നതെന്നും ഗണേഷ് കുമാര്‍ പറഞ്ഞു.
” ഏതോ കുടുംബത്തിലെ നാല് നായന്മാര്‍ എന്‍എസ്എസില്‍ നിന്ന് രാജിവച്ചു. രാജിവച്ചാല്‍ അവര്‍ക്ക് പോയി. നമുക്കെന്താ? ചങ്ങനാശേരിയിലുള്ള ഒരു കുടുംബത്തിലെ നാല് പേര്‍ എന്‍എസ്എസില്‍നിന്ന് രാജിവച്ചെങ്കില്‍ അതിനിര്‍ത്ഥം, കേരളത്തിലെ എല്ലാ നായന്മാരും സംഘടനയില്‍ നിന്ന് രാജിവയ്ക്കുമെന്നാണോ? അല്ല”- ഗണേഷ് കുമാര്‍ വിമര്‍ശിച്ചു.




കഴിഞ്ഞ ദിവസം സുകുമാരന്‍ നായര്‍ സര്‍ക്കാരിനെക്കുറിച്ച് നല്ല അഭിപ്രായം പറഞ്ഞു. ഇതിന് മുമ്പ് അദ്ദേഹം സര്‍ക്കാരിന് എതിരെ പറഞ്ഞിട്ടുണ്ട്. യുഡിഎഫ് സര്‍ക്കാരിനും, കേന്ദ്രസര്‍ക്കാരിനും അനുകൂലമായി പറഞ്ഞിട്ടുണ്ട്. അതാത് കാലഘട്ടങ്ങളില്‍ എന്‍എസ്എസ് അഭിമുഖീകരിക്കുന്ന വിഷയങ്ങളെക്കുറിച്ചാണ് അദ്ദേഹം പറഞ്ഞിട്ടുള്ളത്. രാഷ്ട്രീയ നിലപാടല്ല അദ്ദേഹം വ്യക്തമാക്കുന്നതെന്നും മന്ത്രി അഭിപ്രായപ്പെട്ടു.
വിവാദങ്ങളില്ലാതെ കഴിഞ്ഞ ശബരിമല സീസണ്‍ സര്‍ക്കാര്‍ നന്നായി കൈകാര്യം ചെയ്തു. സര്‍ക്കാരിന്റെ എല്ലാ സംവിധാനങ്ങളും ഉണര്‍ന്ന് പ്രവര്‍ത്തിച്ചെന്ന് പറഞ്ഞാല്‍ അതിന്റെ അര്‍ത്ഥം മറ്റുള്ളവര്‍ മോശക്കാരാണ് എന്നല്ല. അങ്ങനെ വ്യാഖാനിക്കരുത്. ജനറല്‍ സെക്രട്ടറി അങ്ങനെയല്ല പറഞ്ഞതെന്നും ഗണേഷ് കുമാര്‍ വ്യക്തമാക്കി.