Infant Death: സുന്നത്തിനായി അനസ്‌തേഷ്യ നല്‍കിയ കുഞ്ഞ് മരിച്ച സംഭവം; പോസ്റ്റ്‌മോര്‍ട്ടം ഇന്ന്
Infant Death In Kozhikode: ബന്ധുക്കള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കാക്കൂരിലെ സ്വകാര്യ ക്ലിനിക്കിനെതിരെ പോലീസ് കേസെടുത്തു. അസ്വാഭാവിക മരണം ചൂണ്ടിക്കാട്ടിയാണ് കേസ്. ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം രാവിലെ 10 മണിയോടെയാണ് പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ ആരംഭിക്കുക.

കോഴിക്കോട്: സുന്നത്ത് കര്‍മം നടത്തുന്നതിനായി അനസ്‌തേഷ്യ നല്‍കിയതിന് പിന്നാലെ മരിച്ച കുഞ്ഞിന്റെ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ ഇന്ന് (ജൂലൈ 7) നടക്കും. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വെച്ചാണ് പോസ്റ്റ്‌മോര്‍ട്ടം നടക്കുന്നത്. ചേളന്നൂര്‍ സ്വദേശികളായ ദമ്പതികളുടെ രണ്ട് മാസം പ്രായമായ കുഞ്ഞാണ് മരിച്ചത്.
ബന്ധുക്കള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കാക്കൂരിലെ സ്വകാര്യ ക്ലിനിക്കിനെതിരെ പോലീസ് കേസെടുത്തു. അസ്വാഭാവിക മരണം ചൂണ്ടിക്കാട്ടിയാണ് കേസ്. ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം രാവിലെ 10 മണിയോടെയാണ് പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ ആരംഭിക്കുക.
ജൂലൈ ആറിനായിരുന്നു സംഭവം. കോഴിക്കോട് കാക്കൂരിലെ സ്വകാര്യ ക്ലിനിക്കില്‍ വെച്ച് കഴിഞ്ഞ ദിവസം രാവിലെ സുന്നത്ത് നടത്തുന്നതിന് അനസ്‌തേഷ്യ നല്‍കി. അനസ്‌തേഷ്യയ്ക്ക് പിന്നാലെ കുഞ്ഞിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. ക്ലിനിക്കില്‍ സുന്നത്ത് നടത്തുന്ന സമയത്ത് പീഡിയാട്രീഷ്യന്‍ ഉണ്ടായിരുന്നില്ല.




ഇതോടെ വിദഗ്ധ ചികിത്സയ്ക്ക് ശിശുരോഗ വിദഗ്ധനുള്ള ആശുപത്രിയിലേക്ക് കുഞ്ഞിനെ കൊണ്ടുപോകാന്‍ മാതാപിതാക്കളോട് ആശുപത്രി അധികൃതര്‍ നിര്‍ദേശിച്ചു. ഉടന്‍ തന്നെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ കുഞ്ഞിനെ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
ഇവിടെ നിന്നും നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് പോലീസ് കേസെടുത്തത്. മരുന്നിന്റെ അലര്‍ജിയോ അല്ലെങ്കില്‍ മറ്റെന്തെങ്കിലും കാരണമാണോ മരണത്തിനിടയാക്കിയത് എന്ന വിവരം ലഭ്യമല്ല. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വന്നതിന് ശേഷം മാത്രം മരണവുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ ലഭിക്കൂവെന്ന് പോലീസ് വ്യക്തമാക്കി.