AMMA : ‘ധാർമികത ഉയർത്തിപ്പിടിച്ചാണ് ഭരണസമിതി രാജിവച്ചത്’; കോൺക്ലേവ് തട്ടിക്കൂട്ട് പരിപാടിയെന്ന് ജോയ് മാത്യു
Joy Mathew Responds : അമ്മ ഭരണസമിതിയുടെ കൂട്ടരാജിയ്ക്ക് പിന്നാലെ പ്രതികരിച്ച് സമിതി അംഗമായ ജോയ് മാത്യു. ധാർമ്മികത ഉയർത്തിപ്പിടിച്ചാണ് രാജിവച്ചതെന്നും ഇതേ കമ്മറ്റി അഡ്ഹോക്ക് കമ്മറ്റിയായി തുടരുമെന്നും അദ്ദേഹം പ്രതികരിച്ചു.
അമ്മ ഭരണസമിതിയുടെ കൂട്ടരാജിയെ ന്യായീകരിച്ച് സമിതി അംഗമായ ജോയ് മാത്യു. ധാർമ്മികത ഉയർത്തിപ്പിടിച്ചാണ് ഭരണ സമിതിയുടെ രാജി (AMMA) എന്ന് ജോയ് മാത്യു പറഞ്ഞു. സർക്കാർ നിർദ്ദേശിച്ച കോൺക്ലേവ് തട്ടിക്കൂട്ട് പരിപാടിയാണ്. കോൺക്ലേവിനെ താൻ പിന്തുണയ്ക്കില്ലെന്നും ജോയ് മാത്യു മാധ്യമങ്ങളോട് പ്രതികരിച്ചു.
ഇതേ കമ്മിറ്റി തന്നെ അഡ്ഹോക്ക് കമ്മിറ്റിയായി തുടരും എന്ന് ജോയ് മാത്യു പറഞ്ഞു. തീരുമാനം ഏകകണ്ഠമായാണ് നടപ്പാക്കിയത്. സംഘടനയിൽ നിന്ന് കൊണ്ട് തന്നെ പോരാട്ടം തുടരും. സ്ത്രീകൾ ഭാരവാഹിത്വത്തിലേക്ക് വരുന്നത് സ്വാഗതാർഹമാണ്. ഞങ്ങളെല്ലാം വികാരാധീനരായി. ഒരുപാട് നല്ല കാര്യങ്ങൾ ചെയ്യണം എന്ന ലക്ഷ്യത്തോടെയാണ് കമ്മിറ്റി രൂപീകരിച്ചത്. ഇത്തരം സാഹചര്യം ദുഃഖകരമാണ്. ഉത്തരവാദിത്തത്തിൽ നിന്ന് ഒളിച്ചോടില്ല.
Also Read : Mohanlal resignation: മമ്മൂട്ടിയുൾപ്പെടെ രാജിവയ്ക്കാനാണ് മോഹൻലാലിന് നിർദേശം നൽകിയതെന്ന് റിപ്പോർട്ട്
വ്യക്തിപരമായി കോൺക്ലേവിന് എതിരാണ്. കമ്മറ്റി നിർദ്ദേശങ്ങൾ പ്രാവർത്തികമാക്കണം. കോൺക്ലേവ് തട്ടിക്കൂട്ട് പരിപാടിയാണ്. പരിപാടിയിൽ നിന്ന് മുകേഷ് വിട്ടുനിൽക്കണം. മുകേഷ് ഭരണസമിതി അംഗമല്ല. മുകേഷ് ഒഴിയണമെന്ന് പറയേണ്ടത് അദ്ദേഹത്തിൻ്റെ പാർട്ടിയാണ്. നാലരക്കൊല്ലം റിപ്പോർട്ട് പൂഴ്ത്തി വെച്ച സാംസ്കാരിക മന്ത്രിയാണ് ഏറ്റവും വലിയ കുറ്റക്കാരൻ. അമ്മയിലെ ചില അംഗങ്ങൾക്ക് വീഴ്ച സംഭവിച്ചിട്ടുണ്ട്. അതിലൊരാൾ തലപ്പത്തുള്ള ആളാണ്. ജനറൽ സെക്രട്ടറിക്കെതിരെ ആരോപണം വരുമ്പോൾ ധാർമ്മികതയുടെ വിഷയമുണ്ട്. മോഹൻലാൽ പ്രസിഡൻ്റാകണം എന്ന് ഇങ്ങോട്ട് ആവശ്യപ്പെട്ടതല്ല. അദ്ദേഹത്തിൻ്റെ രാജിയല്ല പ്രധാനം എന്നും ജോയ് മാത്യു പ്രതികരിച്ചു.
‘ഹേമാ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തു വന്നതിനെ തുടര്‍ന്ന് സാമൂഹ്യ-ദൃശ്യ-അച്ചടി മാധ്യമങ്ങളില്‍ ‘അമ്മ’സംഘടനയിലെ ഭരണ സിമിതിയിലെ ചില ഭാരവാഹികള്‍ നേരിടേണ്ടി വന്ന ലൈംഗികാരോപണങ്ങളുടെ പശ്ചാത്തലത്തില്‍, ‘അമ്മ’യുടെ നിലവിലുള്ള ഭരണ സമിതി അതിന്റെ ധാര്‍മ്മികമായ ഉത്തരവാദിത്വം മുന്‍നിര്‍ത്തി രാജി വെയ്ക്കുന്നു. രണ്ട് മാസത്തിനുള്ളില്‍ പൊതുയോഗം കൂടി, പുതിയ ഭരണ സമിതിയെ തിരഞ്ഞെടുക്കും. ‘അമ്മ’ ഒന്നാം തീയതി നല്കുന്ന കൈനീട്ടവും, ആരോഗ്യ ചികിത്സയ്ക്ക് നല്‍കിപ്പോരുന്ന സഹായവും ‘അമ്മ’യുടെ സമാദരണീയരായ അംഗങ്ങള്‍ക്ക് തടസ്സം കൂടാതെ ലഭ്യമാക്കാനും, പൊതുയോഗം വരെ ഓഫിസ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനും നിലവിലുള്ള ഭരണ സമിതി താത്ക്കാലിക സംവിധാനമായി തുടരും.
‘അമ്മ’യെ നവീകരിക്കാനും, ശക്തിപ്പെടുത്തുവാനും കെല്പുള്ള പുതിയൊരു നേതൃത്വം ‘അമ്മ’യ്ക്കുണ്ടാവുമെന്ന ശുഭപ്രതീക്ഷയിലാണ് ഞങ്ങള്‍. എല്ലാവര്‍ക്കും നന്ദി, വിമര്‍ശിച്ചതിനും തിരുത്തിയതിനും’, രാജിവെച്ചുകൊണ്ടുള്ള മോഹന്‍ലാലിന്റെ വാര്‍ത്താകുറിപ്പില്‍ പറയുന്നു.
ഇതിനിടെ മുകേഷ്, ജയസൂര്യ, മണിയന്‍പിള്ള രാജു, ഇടവേള ബാബു എന്നിവരുള്‍പ്പെടെ ഏഴു പേര്‍ക്കെതിരെ നടി പരാതിനൽകിയിരുന്നു. ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട് ആരോപണങ്ങൾ അന്വേഷിക്കാൻ സര്‍ക്കാര്‍ നിയോഗിച്ച പ്രത്യേക അന്വേഷണ സംഘത്തിനു ഇ-മെയിൽ വഴിയാണ് നടി പരായി നല്‍കിയത്. വ്യത്യസ്ത സമയങ്ങളില്‍ തനിക്കു നേരെ ലൈംഗിക അതിക്രമമുണ്ടായി എന്നാണ് പരാതിയില്‍ പറയുന്നത്. ചലച്ചിത്ര താരങ്ങൾക്കുപുറമെ രണ്ട് പ്രൊഡക്ഷൻ എക്സിക്യൂട്ടീവുമാർക്കും പ്രൊഡ്യൂസറായിരുന്ന അഡ്വ. ചന്ദ്രശേഖറിനുമെതിരെയാണ് പരാതി. ഓരോരുത്തർക്കുമെതിരേ പ്രത്യേകം പരാതി മെയിലായി അയക്കുകയായിരുന്നു.
ഹേമ കമ്മിറ്റി പുറത്തുവന്നതിനു പിന്നാലെയാണ് മുകേഷ്, ജയസൂര്യ ഉൾപ്പെടെയുള്ളവർക്കെതിരെ ആരോപണവുമായി നടി രംഗത്ത് എത്തിയത്. കലണ്ടർ സിനിമയുടെ ഷൂട്ടിങ്ങിനിടെ ഹോട്ടലിൽ വച്ച് മുകേഷ് കടന്നുപിടിച്ചെന്നായിരുന്നു നടിയുടെ ആരോപണം. താൻ എതിർത്തതിന്റെ പേരിൽ അമ്മയിലെ തന്റെ അംഗത്വ അപേക്ഷ മുകേഷ് ഇടപ്പെട്ട് തടസ്സപ്പെടുത്തിയെന്നും താരം പറഞ്ഞു. ഇടവേള ബാബുവും മണിയൻപിള്ള രാജുവും ലൈംഗിക ചുവയോടെ സംസാരിച്ചിട്ടുണ്ടെന്നും എന്നാൽ മണിയൻപിള്ള രാജുവിൽ അന്നുണ്ടായ മോശമ അനുഭവത്തെകുറിച്ച് കൂടെയുണ്ടായിരുന്ന നടിയോട് തുറന്നുപറഞ്ഞിരുന്നുവെന്നും നടി പറയുന്നു.
Also Read : Hema Committee report: ജയസൂര്യയും മുകേഷും ഉൾപ്പെടെ ഏഴുപേർക്കെതിരേ പരാതി നൽകി നടി
ബാലചന്ദ്ര മേനോൻ്റെ സിനിമയായ ദേ ഇങ്ങോട്ട് നോക്കിയെ എന്ന ചിത്രത്തിൽ അഭിനയിക്കാൻ എത്തിയപ്പോഴാണ് ജയസൂര്യയിൽ നിന്ന് മോശം അനുഭവമുണ്ടായതെന്ന് നടി പറഞ്ഞു. സെക്രട്ടേറിയേറ്റിൽ വച്ച നടന്ന ഷൂട്ടിങിനിടെയിൽ ടോയ്ലറ്റിൽ പോയി വരുമ്പോൾ ജയസൂര്യ പിന്നിൽ നിന്ന് വന്ന് കടന്നുപിടിച്ചു. തിരിഞ്ഞു നോക്കിയപ്പോഴും ഉപദ്രവം തുടർന്നു. തള്ളി മാറ്റിയശേഷം അവിടെനിന്നും ഓടിപോവുകയായിരുന്നു. തിരുവനന്തപുരത്ത് ഫ്ലാറ്റുണ്ടെന്നും താൽപര്യമുണ്ടെങ്കിൽ പറയണമെന്നുമാണ് ജയസൂര്യ അന്ന് പറഞ്ഞതായി നടി ആരോപിച്ചു. പറ്റില്ലെന്ന പറഞ്ഞശേഷം പിന്നീട് മറ്റ് പ്രശ്നങ്ങൾ ഒന്നും ഉണ്ടായില്ലെന്നും നടി പറയുന്നു. വർഷങ്ങൾക്കു മുൻപ് നടന്ന സംഭവത്തെക്കുറിച്ച് അന്ന് പ്രതികരിച്ചെങ്കിലും നടപടിയുണ്ടായില്ലെന്നും നടി പറയുന്നു.