Shashi Tharoor issue with congress: ‘ശ്വാസം മുട്ടുന്നെങ്കിൽ പാർട്ടി വിടണം’; ശശി തരൂരിനെതിരെ കെ.മുരളീധരൻ
Shashi Tharoor issue with congress: ഇപ്പോഴത്തെ രീതിയിൽ മുന്നോട്ട് പോകുകയാണെങ്കിൽ, തരൂരിന്റെ രാഷ്ട്രീയവ്യക്തിത്വത്തെ തന്നെ ബാധിക്കുന്ന ഒന്നായി അത് മാറും. പാര്‍ട്ടിക്കും തരൂരിനും അതൊരു ബുദ്ധിമുട്ടായി മാറും, മുരളീധരൻ അഭിപ്രായപ്പെട്ടു.
തിരുവനന്തപുരം: ശശി തരൂർ എംപിക്കെതിരെ വിമർശനവുമായി കോൺഗ്രസ് നേതാവ് കെ മുരളീധരൻ. ശശി തരൂരിന് പാർട്ടിക്കുള്ളിൽ ശ്വാസം മുട്ടുന്ന സ്ഥിതിയാണെങ്കിൽ പാർട്ടി ഉപേക്ഷിക്കണമെന്നും ഇഷ്ടമുള്ള രാഷ്ട്രീയം സ്വീകരിക്കണമെന്നും കെ മുരളീധരൻ പറഞ്ഞു. ഇതുപോലെ മുന്നോട്ട് പോകുന്നത് പാർട്ടിക്കും തരൂരിനും ബുദ്ധിമുട്ടുണ്ടാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
കോൺഗ്രസ് നേതാക്കളെ ഒഴിച്ച് മറ്റെല്ലാവരെയും സ്തുതിക്കുന്ന നിലപാടാണ് തരൂർ സ്വീകരിച്ചിട്ടുള്ളത്. മോദിയെയും പിണറായിയെയും സ്തുതിക്കുന്നു. തരൂര്‍ വിഷയം ഇനിയും സംസാരിക്കാന്‍ ആഗ്രഹിക്കുന്നില്ല. അദ്ദേഹത്തിന്റെ ലക്ഷ്യം എന്താണെന്ന് അറിയില്ല, മുരളീധരൻ മാധ്യമങ്ങളോട് പറഞ്ഞു.
തരൂരിന് രണ്ട് വഴികളുണ്ട്. ഒന്നുകിൽ പാർട്ടിക്ക് വിധേയനായി പ്രവർത്തിക്കണം, അദ്ദേഹം വര്‍ക്കിങ് കമ്മിറ്റി അംഗമാണ്. സ്റ്റാന്‍ഡിങ് കമ്മിറ്റിയുടെ ചെയര്‍മാനാണ്. ആ നിലയ്ക്ക് പാര്‍ലമെന്ററി പ്രവര്‍ത്തനത്തിലും പാർട്ടി നൽകിയ ചുമതലകളിലും ശ്രദ്ധ കേന്ദ്രീകരിക്കണം. രണ്ട് പാർട്ടി വിട്ട് പുറത്ത് പോവുക.
അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടെങ്കിൽ ചർച്ച ചെയ്യേണ്ടത് പാർട്ടിക്കുള്ളിലായിരിക്കണം. എല്ലാ അഭിപ്രായങ്ങളും പാർട്ടി സ്വീകരിക്കണമെന്നില്ല. ഇപ്പോഴത്തെ രീതിയിൽ മുന്നോട്ട് പോകുകയാണെങ്കിൽ, തരൂരിന്റെ രാഷ്ട്രീയവ്യക്തിത്വത്തെ തന്നെ ബാധിക്കുന്ന ഒന്നായി അത് മാറും. പാര്‍ട്ടിക്കും തരൂരിനും അതൊരു ബുദ്ധിമുട്ടായി മാറും, മുരളീധരൻ അഭിപ്രായപ്പെട്ടു.