ADM Naveen Babu death : നട്ടെല്ലിൻ്റെ സ്ഥാനത്ത് വാഴപ്പിണ്ടി ആകുമ്പോൾ ഇതിലപ്പുറവും കാണേണ്ടി വരും.. കമന്റ് ബോക്സ് അടച്ചുപൂട്ടി കളക്ടർ
Kannur Collector's tribute post: ആ സദസ്സിൽ താങ്കൾ അവസരോചിതമായി ഒന്ന് ഇടപെട്ടിരുന്നെങ്കിൽ, ഒരു പക്ഷേ, ആ സഹപ്രവർത്തകന്റെ ജീവൻ രക്ഷിക്കാമായിരുന്നു'- എന്നിങ്ങനെയാണ് കലക്ടറുടെ പോസ്റ്റുകൾക്ക് താഴെ വരുന്ന കമന്റുകൾ.
കണ്ണൂർ: എഡിഎം കെ നവീൻ ബാബുവിന് ആദരാഞ്ജലിയർപ്പിച്ച് കണ്ണൂർ ജില്ലാ കലക്ടർ അരുൺ കെ വിജയൻറെ പോസ്റ്റ് വൈറലാകുന്നു. കമന്റ് ബോക്സ് പൂട്ടിയാണ് കലക്ടർ കണ്ണൂരിന്റെ ഫെയ്സ്ബുക്ക് പേജിലും ഇൻസ്റ്റഗ്രാം പേജിലും പോസ്റ്റിട്ടിരിക്കുന്നത് എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയയിലിട്ട പോസ്റ്റുകൾക്ക് താഴെ രൂക്ഷ വിമർശനങ്ങൾ ഉയർന്ന സാഹചര്യത്തിലാണ് കലക്ടർ കമന്റ് ബോക്സ് പൂട്ടിയത് എന്നാണ് വിവരം.
എഡിഎം നവീൻ ബാബുവിൻറെ യാത്രയയപ്പ് ചടങ്ങിൽ കലക്ടർ അരുണും ഉണ്ടായിരുന്നു. അദ്ദേഹം അവിടെ ഉള്ളപ്പോഴാണ് ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് പിപി ദിവ്യ നവീനെ പരസ്യമായി അപമാനിക്കുകയും അഴിമതി ആരോപണം ഉന്നയിക്കുകയും ചെയ്തത്. ക്ഷണിക്കാതെ കയറി വന്ന ദിവ്യയെ തടഞ്ഞില്ലെന്ന് മാത്രമല്ല അവർ പറഞ്ഞതെല്ലാം മിണ്ടാതെ കേട്ടിരുന്നതുമാണ് സോഷ്യൽ മീഡിയയിൽ മോശം കമന്റുകൾ വരാൻ കാരണമായത്.
‘താങ്കളുടെ സാന്നിധ്യത്തിൽ ഒരു സഹപ്രവർത്തകനെ അപമാനിച്ചപ്പോൾ സാറെല്ലാം കണ്ടിരിക്കുകയായിരുന്നു..നട്ടെല്ലിൻ്റെ സ്ഥാനത്ത് വാഴപ്പിണ്ടി ആകുമ്പോൾ ഇതല്ല ഇതിലപ്പുറവും ജനങ്ങൾ കാണേണ്ടി വരും’, ‘ആ സദസ്സിൽ താങ്കൾ അവസരോചിതമായി ഒന്ന് ഇടപെട്ടിരുന്നെങ്കിൽ, ഒരു പക്ഷേ, ആ സഹപ്രവർത്തകന്റെ ജീവൻ രക്ഷിക്കാമായിരുന്നു’- എന്നിങ്ങനെയാണ് കലക്ടറുടെ പോസ്റ്റുകൾക്ക് താഴെ വരുന്ന കമന്റുകൾ.
കലക്ടർ അരുൺ കെ വിജയൻറെ പോസ്റ്റ്
സഹപ്രവർത്തകനായ കണ്ണൂർ ജില്ല അഡീഷണൽ ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് ശ്രീ നവീൻ ബാബുവിൻറെ വിയോഗത്തിൽ അഗാധമായ അനുശോചനം രേഖപ്പെടുത്തുന്നു. സൗമ്യനായി ഒരു നല്ല ഉദ്യോഗസ്ഥനായിരുന്നു അദ്ദേഹം. സർവീസിൽ സേവനമനുഷ്ഠിച്ച എല്ലായിടത്തും സഹപ്രവർത്തകരുടെ സ്നേഹാദരങ്ങൾ അദ്ദേഹം നേടിയെടുത്തിട്ടുണ്ട്.
നടപടിക്രമങ്ങൾ പൂർത്തിയാക്കി അദ്ദേഹത്തിൻ്റെ ഭൗതിക ശരീരം കുടുംബത്തിന് കൈമാറി. സംസ്കാര ചടങ്ങുകൾ നാളെ ഉച്ചയ്ക്ക് ശേഷം പത്തനംതിട്ടയിൽ നടക്കും. വളരെ ദൗർഭാഗ്യകരമായ ഈ സന്ദർഭത്തിൽ അദ്ദേഹത്തിൻറെ കുടുംബത്തിന്റെ ദുഖത്തിൽ പങ്ക് ചേരുന്നു.