Kerala 2026 Election Opinion Polls: മൂന്നാമൂഴത്തിനും സാധ്യത? ജനമനസ്സറിയാൻ പോലീസ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ സർവ്വേ
Kerala Govt Third Term: തുടർ ഭരണ സാധ്യതയെ കുറിച്ചുള്ള ജനങ്ങളുടെ തീരുമാനം അറിയുന്നതിനായാണ് രഹസ്യാന്വേഷണ ഏജൻസിയുടെ നീക്കം. പെൻഷൻ തുക 2000 രൂപയാക്കി ഉയർത്തിയത്...
കണ്ണൂർ: എൽഡിഎഫ് സർക്കാരിന് മൂന്നാം ഊഴത്തിലും സാധ്യതയുണ്ടോ എന്നറിയാനുള്ള പോലീസ് രഹസ്യന്വേഷണ വിഭാഗത്തിന്റെ സർവ്വേ ആരംഭിച്ചു. തുടർ ഭരണ സാധ്യതയെ കുറിച്ചുള്ള ജനങ്ങളുടെ തീരുമാനം അറിയുന്നതിനായാണ് രഹസ്യാന്വേഷണ ഏജൻസിയുടെ നീക്കം. പെൻഷൻ തുക 2000 രൂപയാക്കി ഉയർത്തിയത് ഉൾപ്പെടെ ഈ അടുത്തായി സർക്കാർ പ്രഖ്യാപിച്ച ജനക്ഷേമ പദ്ധതികളിൽ ജനങ്ങളുടെ അഭിപ്രായം എന്താണെന്നും അത് തിരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമോ അത് വോട്ടായി മാറാനുള്ള സാധ്യതയുണ്ടോ എന്നതാണ് പ്രധാനമായും അന്വേഷിക്കുക. കൂടാതെ തദ്ദേശ തിരഞ്ഞെടുപ്പിൽ ഓരോ പോത്തിനെയും വിജയസാധ്യത തിരിച്ചറിയാനും അന്വേഷണം നടക്കുന്നുണ്ട്.
സാധാരണ നിലയിൽ തിരഞ്ഞെടുപ്പിനു മുൻപ് രഹസ്യാന്വേഷണ വിഭാഗം രാഷ്ട്രീയ സാഹചര്യങ്ങളെ കുറിച്ച് റിപ്പോർട്ട് സമർപ്പിക്കാറുണ്ട്. എന്നാൽ ഇത്തവണ സൂക്ഷ്മമായി വിലയിരുത്താനാണ് നീക്കം. പ്രധാനമായും തൊഴിലാളികൾ ബസ് ജീവനക്കാർ ഓട്ടോറിക്ഷ തൊഴിലാളികൾ യുവജനങ്ങൾ വിദ്യാർത്ഥികൾ വയോജനങ്ങൾ വനിതകൾ കച്ചവടക്കാർ എന്നിവയിൽ നിന്നാണ് എൽഡിഎഫ് സർക്കാർ മൂന്നാം തവണയും ഭരണത്തിൽ വരുമോ എന്നതിന്റെ അഭിപ്രായങ്ങൾ ശേഖരിക്കുക. ഈ മാസം 15 നുള്ളിൽ റിപ്പോർട്ട് നൽകാനാണ് നിർദ്ദേശം.
ഒരു പാർട്ടിയിലും പക്ഷം ചാരാതെ നിഷ്പക്ഷമായ നിലപാട് ഉള്ളവരുടെ വോട്ട് അനുകൂലമാകുമോ എന്ന കാര്യത്തിലും അന്വേഷണം നടത്തും. കൂടാതെ പൊതുജനങ്ങൾ നേരിടുന്ന പൊതുവായ പ്രശ്നങ്ങളും പ്രാദേശികമായ പ്രശ്നങ്ങളും മനസ്സിലാക്കി അത് സർക്കാരിനെ അറിയിക്കാനും നിർദ്ദേശം നൽകിയിട്ടുണ്ട്. ശബരിമലയിൽ ദ്വാരപാലക ശില്പത്തിലെ സ്വർണ്ണപ്പാളി മോഷണ വിഷയം വിശ്വാസികൾക്കിടയിൽ അവമതിപ്പുണ്ടാക്കിയിട്ടുണ്ടോ എന്നും സർക്കാരിന്റെ പ്രതിച്ഛായ തകർന്ന വിഷയങ്ങൾ എന്തെങ്കിലും ഉണ്ടോ എന്നും ചോദിച്ചറിയാൻ നിർദ്ദേശം. കൂടാതെ ഇത് സംബന്ധിച്ച വിവരങ്ങൾ ഭരണ മുന്നണിയുടെ തിരഞ്ഞെടുപ്പ് പ്രകടനപത്രികയിൽ ഉൾക്കൊള്ളിക്കാനും നീക്കമുണ്ട്.