Kerala dairy farmers: പശുവളർത്തുന്ന 10 ലക്ഷം കർഷകർക്ക് വൻ നേട്ടം, കേരള ബാങ്കിന്റെ പുതിയ സ്കീം
Insurance coverage for loans taken by dairy farmers: ധാരണാപത്രത്തിന്റെ ഭാഗമായി, കേരള ബാങ്ക് കർഷകർക്കായി 'ക്ഷീരമിത്ര' എന്നൊരു പ്രത്യേക വായ്പാ പദ്ധതിയും ഒരുക്കിയിട്ടുണ്ട്.
തിരുവനന്തപുരം: മിൽമയുടെ കീഴിൽ പ്രവർത്തിക്കുന്ന ലക്ഷക്കണക്കിന് ക്ഷീരകർഷകർക്ക് ഇനി ആശ്വാസിക്കാം. അവരുടെ വായ്പകൾക്ക് ഇൻഷുറൻസ് പരിരക്ഷ നൽകാൻ കേരള ബാങ്ക്, അഗ്രിക്കൾച്ചറൽ ഇൻഷുറൻസ് കമ്പനി ഓഫ് ഇന്ത്യ ലിമിറ്റഡുമായി (AIC) ഒരു സുപ്രധാന ധാരണാപത്രം ഒപ്പിട്ടിരിക്കുന്നു.
ബാങ്ക് പ്രസിഡന്റ് ഗോപി കോട്ടമുറിക്കലിന്റെ സാന്നിധ്യത്തിൽ, ബാങ്കിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ജോർട്ടി എം. ചാക്കോയ്ക്ക്, AIC ജനറൽ മാനേജർ ലളിത് ഖർബാണ്ഡ ധാരണാപത്രം കൈമാറിയപ്പോൾ, അത് ലക്ഷക്കണക്കിന് കർഷകരുടെ സ്വപ്നങ്ങൾക്ക് നിറം പകരുന്ന ഒരു നിമിഷമായിരുന്നു.
കേരള ബാങ്ക് ശാഖകൾ മുഖേന ക്ഷീരകർഷകർക്കായി നൽകുന്ന വായ്പകളിലാണ് ഈ ഇൻഷുറൻസ് പരിരക്ഷ ഉണ്ടാവുക. 10.6 ലക്ഷത്തിലധികം വരുന്ന ക്ഷീരകർഷകർക്കും ഇൻഷുറൻസ് ലഭ്യമാകും എന്നാണ് നിലവിലെ വിലയിരുത്തൽ.
ബാങ്കിന്റെ ക്ഷീരകർഷകർക്കായുള്ള വായ്പകൾ എടുക്കുന്നവർക്കും ബാങ്ക് മിൽമയുമായി ഒപ്പിട്ട ധാരണാപത്രപ്രകാരമുള്ള ക്ഷീരകർഷകർക്ക് ‘ക്ഷീരമിത്ര’ വായ്പപ്പദ്ധതിയിലൂടെ ലളിതമായ വ്യവസ്ഥയിൽ കന്നുകാലികളെ വാങ്ങാനും അടിസ്ഥാനസൗകര്യവികസനത്തിനും മറ്റ് അനുബന്ധ ആവശ്യങ്ങൾക്കുമായി മൂന്നുലക്ഷം രൂപവരെ കേരളബാങ്ക് വായ്പനൽകുന്നുണ്ട്.
എന്തിന് ഇൻഷുറൻസ്
കർഷകരുടെ വരുമാനം പലപ്പോഴും കാലിസമ്പത്തിനെ ആശ്രയിച്ചിരിക്കുന്നതുകൊണ്ട്, കന്നുകാലികൾക്ക് അസുഖം വന്നാലോ മരണപ്പെട്ടാലോ വായ്പയെടുക്കുന്ന തുക വെള്ളത്തിലാകും. ഇങ്ങനെ ഉണ്ടാകുന്ന വലിയ സാമ്പത്തിക നഷ്ടത്തിൽ നിന്ന് അവരെ ഇത് സംരക്ഷിക്കുന്നതിന് ഈ ഇൻഷുറൻസ് പരിരക്ഷ സഹായിക്കും.
ക്ഷീരമിത്ര
ധാരണാപത്രത്തിന്റെ ഭാഗമായി, കേരള ബാങ്ക് കർഷകർക്കായി ‘ക്ഷീരമിത്ര’ എന്നൊരു പ്രത്യേക വായ്പാ പദ്ധതിയും ഒരുക്കിയിട്ടുണ്ട്. ഈ പദ്ധതിയിലൂടെ, ക്ഷീരകർഷകർക്ക് ലളിതമായ വ്യവസ്ഥകളിൽ മൂന്ന് ലക്ഷം രൂപ വരെ വായ്പ ലഭിക്കും. പുതിയ കന്നുകാലികളെ വാങ്ങാനും, തൊഴുത്ത് നവീകരിക്കാനും, തീറ്റപ്പുൽ കൃഷി ചെയ്യാനുമെല്ലാമുള്ള അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാനും മറ്റ് അനുബന്ധ ആവശ്യങ്ങൾക്കും ഈ വായ്പ ഉപയോഗിക്കാം.
ഈ പുതിയ കൂട്ടുകെട്ട് കേരളത്തിലെ ക്ഷീരമേഖലയ്ക്ക് വലിയ ഉത്തേജനം നൽകുമെന്നാണ് പ്രതീക്ഷിക്കുന്നത്.