AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Trawling Ban In Kerala: തീരപ്രദേശത്ത് ഇനി വറുതിയുടെ നാളുകള്‍; ജൂണ്‍ 10 മുതല്‍ 52 ദിവസത്തേക്ക് ട്രോളിങ് നിരോധനം; നടപടിക്ക് പിന്നില്‍

Trawling ban imposed in the sea off the Kerala coast: മത്സ്യസമ്പത്ത് സംരക്ഷിക്കുന്നതിനാണ് ട്രോളിങ് നിരോധനം നടപ്പിലാക്കുന്നത്‌. ഇതിനൊപ്പം മത്സ്യത്തൊഴിലാളികളുടെ വരുമാനമാര്‍ഗം ഉറപ്പുവരുത്തുന്നതിനും ഈ നടപടിയിലൂടെ ലക്ഷ്യമിടുന്നു. മത്സ്യങ്ങളുടെ പ്രജനന കാലമായതിനാലാണ് ജൂണ്‍-ജൂലൈ മാസങ്ങളില്‍ ട്രോളിങ് നിരോധനം ഏര്‍പ്പെടുത്തുന്നത്

Trawling Ban In Kerala: തീരപ്രദേശത്ത് ഇനി വറുതിയുടെ നാളുകള്‍; ജൂണ്‍ 10 മുതല്‍ 52 ദിവസത്തേക്ക് ട്രോളിങ് നിരോധനം; നടപടിക്ക് പിന്നില്‍
വിഴിഞ്ഞം ഫിഷിങ് ഹാര്‍ബര്‍ Image Credit source: PTI
jayadevan-am
Jayadevan AM | Published: 05 Jun 2025 17:52 PM

തിരുവനന്തപുരം: സംസ്ഥാനത്ത് ജൂണ്‍ 10 മുതല്‍ ട്രോളിങ് നിരോധനം ഏര്‍പ്പെടുത്തി. മന്ത്രിസഭായോഗത്തിലാണ് തീരുമാനം. ജൂണ്‍ 10 മുതല്‍ ജൂലൈ 31 വരെ 52 ദിവസത്തേക്കാണ് ട്രോളിങ് നിരോധനം ഏര്‍പ്പെടുത്തിയത്. ജൂണ്‍ ഒമ്പത് അര്‍ധരാത്രി മുതല്‍ നടപടി പ്രാബല്യത്തില്‍ വരും. ജൂലൈ 31 അര്‍ധരാത്രിയില്‍ നിരോധനം നീക്കും. ട്രോളിങ് നിരോധനം സംബന്ധിച്ച് വിജ്ഞാപനം പുറപ്പെടുവിച്ചു. ട്രോളിങ് നിരോധനത്തിന് മുന്നോടിയായി സംസ്ഥാനത്തെ എല്ലാ തീരദേശ ജില്ലകളിലും കണ്‍ട്രോള്‍ റൂമുകള്‍ പ്രവര്‍ത്തിക്കും. മെയ് 15 മുതല്‍ കണ്‍ട്രോള്‍ റൂമുകളുടെ പ്രവര്‍ത്തനം ആരംഭിച്ചിരുന്നു. ഇവ 24 മണിക്കൂറും പ്രവര്‍ത്തിക്കും.

നിരോധനം ലംഘിക്കുന്നുണ്ടോയെന്ന് അറിയാന്‍ പട്രോളിങ് അടക്കം നടത്തും. ഇതിനായി സ്വകാര്യ ബോട്ടുകളടക്കം വാടകയ്‌ക്കെടുക്കാനാണ് തീരുമാനം. വിവിധ ഫിഷറീസ് സ്റ്റേഷനുകള്‍ കേന്ദ്രീകരിച്ച് 3 മറൈന്‍ ആംബുലന്‍സുകള്‍ പ്രവര്‍ത്തിക്കും. വിഴിഞ്ഞം, ബേപ്പൂര്‍, വൈപ്പിന്‍ എന്നീ മൂന്ന്‌ ഫിഷറീസ് സ്റ്റേഷനുകള്‍ കേന്ദ്രീകരിച്ചാകും പ്രവര്‍ത്തനം. നിരോധനം നടപ്പാക്കുന്നതിന് കഴിഞ്ഞ തവണ സ്വീകരിച്ച നടപടികള്‍ കാര്യക്ഷമമായി ഇത്തവണയും തുടരുമെന്ന് മന്ത്രി സജി ചെറിയാന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.

ട്രോളിങ് നിരോധനം എന്തിന്?

കടലിലെ മത്സ്യസമ്പത്ത് സംരക്ഷിക്കുന്നതിനാണ് ട്രോളിങ് നിരോധനം നടപ്പിലാക്കുന്നത്‌. ഇതിനൊപ്പം മത്സ്യത്തൊഴിലാളികളുടെ വരുമാനമാര്‍ഗം ഉറപ്പുവരുത്തുന്നതിനും ഈ നടപടിയിലൂടെ ലക്ഷ്യമിടുന്നു. മത്സ്യങ്ങളുടെ പ്രജനന കാലമായതിനാലാണ് ജൂണ്‍-ജൂലൈ മാസങ്ങളില്‍ ട്രോളിങ് നിരോധനം ഏര്‍പ്പെടുത്തുന്നത്. 2015ല്‍ ജൂണ്‍ ഒന്ന് മുതല്‍ ജൂലൈ 31 വരെ കേന്ദ്രസര്‍ക്കാര്‍ രാജ്യമെമ്പാടും മത്സ്യബന്ധന നിരോധനം ഏര്‍പ്പെടുത്തിയിരുന്നെങ്കിലും പല സംസ്ഥാനങ്ങളും നടപടിയെ എതിര്‍ത്തു.

പല സംസ്ഥാനങ്ങള്‍, പല രീതികള്‍

ഓരോ സംസ്ഥാനത്തും ഓരോ സമയത്താണ് ട്രോളിങ് നിരോധനം നടപ്പിലാക്കുന്നത് കേരളത്തില്‍ ജൂണ്‍ ആദ്യ പകുതിയില്‍ നിരോധനം ആരംഭിക്കുന്നതാണ് പതിവ്. ഇത്തവണയും ആ രീതിയില്‍ മാറ്റമുണ്ടായില്ല. പ്രാദേശിക പാരിസ്ഥിതി സാഹചര്യങ്ങള്‍ക്കനുസരിച്ചാണ് ഓരോ സംസ്ഥാനവും ദൈര്‍ഘ്യം നിശ്ചയിക്കുന്നത്.

യന്ത്രവൽകൃത ട്രോളറുകളെയാണ് പ്രധാനമായും ലക്ഷ്യമിടുന്നത്. പരമ്പരാഗത മോട്ടോര്‍ ഘടിപ്പിച്ചിട്ടില്ലാത്ത മത്സ്യബന്ധന ബോട്ടുകള്‍ക്ക് ഇളവുകളും നല്‍കാറുണ്ട്. മത്സ്യങ്ങളുടെ പ്രജനന കാലത്ത് നിരോധനം ഏര്‍പ്പെടുത്തുന്നതിലൂടെ കടലിലെ മത്സ്യസമ്പത്ത് വര്‍ധിക്കുമെന്നതാണ് ട്രോളിങ് നിരോധനത്തിന്റെ ഗുണം.

Read Also: Kochi Ship Accident : മുങ്ങിയ കപ്പലിൽ എന്തെല്ലാം? പരിണതഫലം എന്താണെന്ന് ജനങ്ങൾക്ക് അറിയാൻ അവകാശമുണ്ടെന്ന് ഹൈക്കോടതി

ബാലകൃഷ്ണൻ നായർ കമ്മിറ്റി

ട്രോളിംഗിന്റെ ആഘാതം പരിശോധിക്കാൻ കേരള സർക്കാർ നിയോഗിച്ച ബാലകൃഷ്ണൻ നായർ കമ്മിറ്റിയുടെ ശുപാർശകളുടെ അടിസ്ഥാനത്തിൽ 1988-ലാണ് മൺസൂൺ കാലത്ത് ട്രോളിംഗ് ആദ്യമായി നിരോധിച്ചത്. തീരത്തുനിന്ന് 22 കി.മീ വരെ ദൂരത്ത് ഈ കാലയളവില്‍ മത്സ്യബന്ധനം അനുവദിക്കാറില്ല.

മത്സ്യത്തൊഴിലാളികള്‍ എന്തു ചെയ്യും?

ട്രോളിങ് നിരോധനകാലത്ത് മത്സ്യത്തൊഴിലാളികള്‍ക്ക് സര്‍ക്കാര്‍ ആശ്വാസ നടപടികള്‍ പ്രഖ്യാപിക്കാറുണ്ട്. അതില്‍ പ്രധാനമാണ് സൗജന്യ റേഷന്‍. നിരോധനം ബാധിക്കുന്ന മത്സ്യത്തൊഴിലാളികള്‍ക്കാണ് റേഷന്‍ ഏര്‍പ്പെടുത്തുന്നത്. ഇത്തവണയും റേഷന്‍ വിതരണമുണ്ടാകും. ഇതുമായി ബന്ധപ്പെട്ട് വിവരങ്ങള്‍ ശേഖരിച്ചിരുന്നു.