Walayar Rape Case: പ്രതികളെ രക്ഷിച്ചതിനുള്ള സമ്മാനമാണ് എംജെ സോജന് സര്‍ക്കാര്‍ നല്‍കുന്നത്: വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ
MJ Sojan: വേട്ടക്കാര്‍ക്കൊപ്പമാണ് സര്‍ക്കാരെന്ന് വീണ്ടും തെളിയിക്കുകയാണ്. ഇരകളെയും കോടതിയേയും സര്‍ക്കാര്‍ വെല്ലുവിളിക്കുന്നുവെന്നും വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ പറഞ്ഞു.
പാലക്കാട്: വാളയാര്‍ കേസിലെ മുന്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ എംജെ ജോസഫിന് ഐപിഎസ് പദവി നല്‍കാന്‍ സര്‍ക്കാര്‍ നീക്കം. സംഭവത്തില്‍ പ്രതിഷേധവുമായി പെണ്‍കുട്ടികളുടെ അമ്മ രംഗത്തെത്തി. എംജെ സോജന് ഐപിഎസ് ഗ്രേഡ് നല്‍കുന്നതിനുള്ള സമഗ്രതാ സര്‍ട്ടിഫിക്കറ്റ് തടഞ്ഞുവെക്കാനാകില്ലെന്ന് ആഭ്യന്തര വകുപ്പ് വിശദീകരണം നല്‍കിയതായി അമ്മ പറയുന്നു. കോടതി വിധി വരും മുമ്പ് സര്‍ക്കാര്‍ തിരക്കിട്ട് ഈ നീക്കം നടത്തുന്നത് കോടതിയേയും ഇരായക്കപ്പെട്ടവരേയും വെല്ലുവിളിക്കുന്നതാണെന്ന് അമ്മ പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.
പ്രതികളെ രക്ഷിച്ചതിന് സമാനമാണ് സര്‍ക്കാരിന്റെ നടപടി. കേസ് അട്ടിമറിച്ച് മുഴുവന്‍ പ്രതികളെയും ലക്ഷിച്ചെടുത്ത ഉദ്യോഗസ്ഥനാണ് സോജന്‍. ഇതിനുള്ള സമ്മാനമായാണ് ഐപിഎസ് പദവി നല്‍കുന്നത്. പ്രതിസ്ഥാനത്ത് നില്‍കുന്ന സോജന് എന്തിനാണ് തിടുക്കപ്പെട്ട് ഐപിഎസ് പദവി നല്‍കുന്നത്. വേട്ടക്കാര്‍ക്കൊപ്പമാണ് സര്‍ക്കാരെന്ന് വീണ്ടും തെളിയിക്കുകയാണ്. ഇരകളെയും കോടതിയേയും സര്‍ക്കാര്‍ വെല്ലുവിളിക്കുന്നുവെന്നും വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ പറഞ്ഞു.
Also Read: Welfare Pension: ഇതാ പിടിച്ചോ ഓണസമ്മാനം…! 2 മാസത്തെ ക്ഷേമപെൻഷൻ വിതരണം ഈ മാസം അവസാനത്തോടെ
നിലവില്‍ എസ്പി ആയ സോജന് സീനിയോരിറ്റി പ്രകാരം 2021-22 വര്‍ഷത്തെ ഐപിഎസ് ലഭിക്കാനുള്ള നടപടി ക്രമങ്ങളുടെ ഭാഗമായാണ് സമഗ്രത സര്‍ട്ടിഫിക്കറ്റ് നല്‍കുന്നത്. എന്നാല്‍ ഇയാള്‍ക്കെതിരെ കുന്നംകുളം പോലീസ് സ്‌റ്റേഷനിലെ ലോക്കപ്പ് മര്‍ദനാരോപണവുമായി ബന്ധപ്പെട്ടുള്ള കേസും വാളയാല്‍ പെണ്‍കുട്ടികളുടെ അമ്മയുടെ പരാതിയും നിലനില്‍ക്കുന്നതിനാല്‍ സര്‍ട്ടിഫിക്കറ്റ് കൈമാറുന്നത് ആഭ്യന്തര വകുപ്പ് തടഞ്ഞുവെച്ചിരിക്കുകയായിരുന്നു.
കുന്നംകുളം പോലീസ് സ്‌റ്റേഷനില്‍ സോജനെതിരെയുള്ള കേസുമായി ബന്ധപ്പെട്ട് ആഭ്യന്തരവകുപ്പ് അഡ്വക്കേറ്റ് ജനറലിനോട് നിയമോപദേശം തേടിയിരുന്നു. ഐപിഎസ് സ്ഥാനക്കയറ്റവുമായി ബന്ധപ്പെട്ട് വകുപ്പുതലത്തിലുള്ള സമഗ്രത സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതില്‍ നിയമതടസങ്ങളില്ലെന്നാണ് അഡീ.അഡ്വക്കറ്റ് ജനറല്‍ രേഖാമൂലം കോടതിയെ അറിയിച്ചിരിക്കുന്നത്.
വാളയാര്‍ കേസന്വേഷണ ചുമതലയുണ്ടായിരുന്ന സോജന്‍ മരണപ്പെട്ട പെണ്‍കുട്ടികളെ കുറിച്ച് ഒരു അഭിമുഖത്തില്‍ മോശമായി സംസാരിച്ചെന്നാണ് അമ്മയുടെ പരാതി. ഇതിന് തെളിവായി ശബ്ദരേഖയും അവര്‍ ഹാജരാക്കിയിരുന്നു. ഈ പരാതിയുടെ അടിസ്ഥാനത്തില്‍ ജൂലൈ 26ന് ആഭ്യന്തരവകുപ്പ് ഉന്നതോദ്യഗസ്ഥര്‍ തിരുവനന്തപുരത്ത് വെച്ച് പെണ്‍കുട്ടികളുടെ അമ്മയില്‍ നിന്ന് നേരിട്ട് തെളിവെടുപ്പ് നടത്തുകയും ചെയ്തിരുന്നു.
സംഭവത്തില്‍ സോജന്‍ സത്യവാങ്മൂലം സമര്‍പ്പിച്ചിരുന്നു. പെണ്‍കുട്ടികളെ കുറിച്ച് മോശമായി സംസാരിച്ചിട്ടില്ലെന്നും ശബ്ദരേഖയുടെ ആധികാരികത അന്വേഷിക്കണമെന്നും സോജന്‍ ആവശ്യപ്പെട്ടു. എന്നാല്‍ ജോലിയിലെ കാര്യക്ഷമത പരിഗണിച്ചാണ് വകുപ്പുതലത്തില്‍ ഐപിഎസ് ഗ്രേഡിനുള്ള സമഗ്രത സര്‍ട്ടിഫിക്കറ്റ് നല്‍കിയതെന്നും വ്യക്തിഗത പരാതികള്‍ ഇതിനെ സ്വാധീനിക്കുന്നില്ലെന്നും ആഭ്യന്തരവകുപ്പ് സെക്രട്ടറിയുടെ ഉത്തരവില്‍ പറയുന്നു.
2017 ജനുവരി 7 നാണ് വീട്ടില്‍ 13 വയസുകാരിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. 2017 മാര്‍ച്ച് 4ന് ഇതേ വീട്ടില്‍ അനുജത്തിയായ ഒമ്പത് വയസുകാരിയേയും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഈ കേസ് അന്വേഷിക്കുന്നതിനായി 2017 മാര്‍ച്ച് 6ന് പാലക്കാട് എഎസ്പി ജി പൂങ്കുഴലിയുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു. രണ്ട് പെണ്‍കുട്ടികളും പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയായതായുള്ള പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് 2017 മാര്‍ച്ച് 12ന് പുറത്തുവന്നു. എന്നാല്‍ 2019 ജൂണ്‍ 22ന് ഇരുവരുടെയും മരണം ആത്മഹത്യയെന്ന് രേഖപ്പെടുത്തി പോലീസ് കുറ്റപത്രം സമര്‍പ്പിച്ചു.
പിന്നീട് 2019 ഒക്ടോബര്‍ ഒമ്പതിനാണ് കേസിലെ ആദ്യ വിധി വന്നത്. മൂന്നാം പ്രതിയായി ചേര്‍ത്ത ചേര്‍ത്തല സ്വദേശി പ്രദീപ് കുമാറിനെ തെളിവുകളുടെ അഭാവത്താല്‍ വെറുതെവിട്ടുകൊണ്ടുള്ളതായിരുന്നു അത്. എന്നാല്‍ 2019 ഒക്ടോബര്‍ 25ന് പ്രതികളായ വി മധു, എം മധു, ഷിബു എന്നിവരെയും കോടതി വെറുതെവിട്ടു.
ഈ വിധി റദ്ദാക്കണമെന്നും പുനര്‍വിചാരണ വേണമെന്നുമാവശ്യപ്പെട്ട് 2019 നവംബര്‍ 19ന് പെണ്‍കുട്ടികളുടെ അമ്മ ഹൈക്കോടതിയെ സമീപിച്ചക്കുകയായിരുന്നു. പിന്നീട് 2020 മാര്‍ച്ച് 18ന് കേസന്വേഷണത്തില്‍ പോലീസിനും പ്രോസിക്യൂഷനും വീഴ്ചയുണ്ടായെന്ന് ഹനീഫ കമ്മീഷന്‍ കണ്ടെത്തി. 2020 നവംബര്‍ 4 മൂന്നാം പ്രതി പ്രദീപ് കുമാര്‍ ആത്മഹത്യ ചെയ്തു. പിന്നീട് 2021 ജനുവരിയില്‍ പ്രതികളെ വെറുതെവിട്ട വിചാരണകോടതി വിധി ഹൈക്കോടതി റദ്ദാക്കി.
ഇതിന് പിന്നാലെ കേസ് സിബിഐക്ക് വിട്ടു. കേസ് ഏറ്റെടുത്ത സിബിഐ 2021 ഏപ്രില്‍ ഒന്നിന് പാലക്കാട് പോക്‌സോ കോടതിയില്‍ എഫ്‌ഐആര്‍ സമര്‍പ്പിച്ചു. എന്നാല്‍ 2021 ഡിസംബര്‍ 27ന് വാളയാര്‍ പെണ്‍കുട്ടികള്‍ ആത്മഹത്യ ചെയ്തതാണെന്ന കണ്ടെത്തലില്‍ സിബിഐ കുറ്റപത്രം സമര്‍പ്പിച്ചു. ഈ കുറ്റപത്രം 2022 ഓഗസ്റ്റ് 10ന് പാലക്കാട് പോക്‌സോ കോടതി തള്ളി. സംഭവത്തില്‍ തുടരന്വേഷണം നടത്തണമെന്നും ഉത്തരവിട്ടു. സിബിഐ തിരുവനന്തപുരം യൂണിറ്റിലെ പ്രത്യേക കുറ്റാന്വേഷണം നടത്തുന്നത്.