Kerala Govt vs Governor: സര്‍ക്കാര്‍-ഗവര്‍ണര്‍ പോരില്‍ അയവില്ല, രാജ്ഭവനിലെ ‘അറ്റ് ഹോം’ പരിപാടിയില്‍ പങ്കെടുക്കാതെ മുഖ്യമന്ത്രിയും മന്ത്രിമാരും
Kerala Government vs Governor issue continues: എല്ലാ വര്‍ഷവും ഇത്തരത്തില്‍ വിരുന്ന് സംഘടിപ്പിക്കാറുണ്ട്. അതില്‍ മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കാറുണ്ട്. എന്നാല്‍ ഗവര്‍ണറുമായി തുടരുന്ന ഭിന്നതയുടെ പേരില്‍ മന്ത്രിമാര്‍ മനപ്പൂര്‍വം പരിപാടിയില്‍ നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു

മുഖ്യമന്ത്രി പിണറായി വിജയനും, ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കറും
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരും ഗവര്‍ണറും തമ്മിലുള്ള ഭിന്നത അയവില്ലാതെ തുടരുന്നു. സ്വാതന്ത്ര്യദിനത്തോട് അനുബന്ധിച്ച് രാജ്ഭവനില്‍ സംഘടിപ്പിച്ച ‘അറ്റ്‌ഹോം’ പരിപാടിയില്‍ മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും പങ്കെടുത്തില്ല. വിരുന്നിലേക്ക് മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും ക്ഷണമുണ്ടായിരുന്നു. സര്‍ക്കാരിന്റെ പ്രതിനിധിയായി ചീഫ് സെക്രട്ടറി മാത്രമാണ് പങ്കെടുത്തത്. പ്രതിപക്ഷ നേതാവ് വിഡി സതീശനും വിരുന്നില്‍ പങ്കെടുത്തില്ല. രാജ്ഭവനിലെ വിരുന്ന് സല്‍ക്കാരത്തിന് സര്‍ക്കാര്‍ നേരത്തെ 15 ലക്ഷം രൂപയുടെ അധികഫണ്ട് അനുവദിച്ചിരുന്നതായാണ് റിപ്പോര്‍ട്ട്.
കുമ്മനം രാജശേഖരന്‍, ഒ രാജഗോപാല്‍ തുടങ്ങിയ ബിജെപി നേതാക്കള്‍ പരിപാടിയില്‍ പങ്കെടുത്തു. സ്വാതന്ത്ര്യദിനവുമായി ബന്ധപ്പെട്ട് രാജ്ഭവന്‍ എല്ലാ വര്‍ഷവും ഇത്തരത്തില്‍ വിരുന്ന് സംഘടിപ്പിക്കാറുണ്ട്. അതില്‍ മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കാറുണ്ട്. എന്നാല്‍ ഗവര്‍ണറുമായി തുടരുന്ന ഭിന്നതയുടെ പേരില്‍ മന്ത്രിമാര്‍ മനപ്പൂര്‍വം പരിപാടിയില്‍ നിന്ന് വിട്ടുനില്‍ക്കുകയായിരുന്നുവെന്നാണ് സൂചന.
രാജ്ഭവനില്‍ കാവിക്കൊടിയേന്തിയ ഭാരതാംബയുടെ ചിത്രം പ്രദര്‍ശിപ്പിച്ചതുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങളാണ് സര്‍ക്കാര്‍ ഗവര്‍ണര്‍ പോരിന് തുടക്കം കുറിച്ചത്. മന്ത്രിമാരായ പി പ്രസാദ്, വി ശിവന്‍കുട്ടി എന്നിവരാണ് ഗവര്‍ണര്‍ക്കെതിരെ ആദ്യം രംഗത്തെത്തിയത്. ഇതിന് പിന്നാലെ വൈസ് ചാന്‍സിലര്‍ നിയമനവുമായി ബന്ധപ്പെട്ടുള്ള പ്രശ്‌നങ്ങളും സര്‍ക്കാരും ഗവര്‍ണറും തമ്മിലുള്ള ബന്ധം കൂടുതല്‍ വഷളാക്കി. ഏറ്റവുമൊടുവില്‍ സ്വാതന്ത്ര്യദിന തലേന്ന് വിഭജനഭീതി ദിനമായി ആചരിക്കണമെന്നുള്ള ഗവര്‍ണറിന്റെ സര്‍ക്കുലറും വിവാദമായി. ഇതിനെതിരെയും സര്‍ക്കാര്‍ രംഗത്തെത്തിയിരുന്നു.