Kerala High Court: ഡ്രൈവിംഗ് ക്യാബിനിൽ വ്ളോഗിങ് പാടില്ല; മോട്ടോർ വാഹനവകുപ്പിന് ഹൈക്കോടതിയുടെ നിർദേശം
Kerala High Court on Vlogging in the driving cabin: യൂട്യൂബിൽ വിവിധ വ്‌ളോഗർമാർ പോസ്റ്റ് ചെയ്ത നിരവധി വീഡിയോ ക്ലിപ്പുകൾ തുറന്ന കോടതിയിൽ പരിശോധിച്ചു. ഡ്രൈവർ കാബിനിൽ വീഡിയോ ചിത്രീകരിക്കുന്നതിനിടെ മൂന്ന് വാഹനങ്ങൾ കൂട്ടിയിടിക്കുന്ന വിഡിയോയും കോടതിയുടെ ശ്രദ്ധയിൽപ്പെട്ടു.
കൊച്ചി: ഓടുന്ന ടൂറിസ്റ്റ് ബസുകളുടെയും, വലിയ വാഹനങ്ങളുടെയും ഡ്രൈവിംഗ് ക്യാബിനിൽ വ്ളോഗിങ് പാടില്ലെന്ന് ഹൈക്കോടതി. കർശന നടപടി സ്വീകരിക്കാൻ മോട്ടോർ വാഹനവകുപ്പിന് നിർദേശം നൽകി. ഇത്തരം പ്രവണതകൾ അപകടത്തിന് കാരണമാകുമെന്നും ഡ്രൈവറുടെ മാത്രമല്ല യാത്രക്കാരുടെയും മറ്റ് റോഡ് ഉപയോക്താക്കളുടെയും സുരക്ഷയ്ക്ക് ഗുരുതര ഭീഷണിയാവുകയും ചെയ്യുന്നതായി കോടതി നിരീക്ഷിച്ചു.
ഇത്തരം വീഡിയോഗ്രഫി തടയാൻ സ്വീകരിച്ച നടപടികൾ അറിയിക്കണമെന്ന് ട്രാൻസ്പോർട്ട് കമ്മീഷണറോടും സംസ്ഥാന പോലീസ് മേധാവിയോടും കോടതി പറഞ്ഞു. കനത്ത പിഴ ചുമത്താനും നിർദേശം നൽകി. വാഹനങ്ങളുടെ അനധികൃത രൂപമാറ്റം സൃഷ്ടിക്കുന്ന സുരക്ഷാ പ്രശ്‌നങ്ങള്‍ സംബന്ധിച്ച് സ്വമേധയാ എടുത്ത കേസിലാണ് ജസ്റ്റിസ് അനില്‍ കെ. നരേന്ദ്രന്‍, ജസ്റ്റിസ് എസ്. മുരളീകൃഷ്ണ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചിന്റെ നടപടി.
യൂട്യൂബിൽ വിവിധ വ്‌ളോഗർമാർ പോസ്റ്റ് ചെയ്ത നിരവധി വീഡിയോ ക്ലിപ്പുകൾ തുറന്ന കോടതിയിൽ പരിശോധിച്ചു. ഡ്രൈവർ കാബിനിൽ വീഡിയോ ചിത്രീകരിക്കുന്നതിനിടെ മൂന്ന് വാഹനങ്ങൾ കൂട്ടിയിടിക്കുന്ന വിഡിയോയും കോടതിയുടെ ശ്രദ്ധയിൽപ്പെട്ടു.
ALSO READ: കടകംപള്ളിയെ ചോദ്യം ചെയ്യുന്നത് എന്ന്? ‘സര്‍ക്കാര്‍ ഇടപെടല്‍’ അന്വേഷിക്കാന്‍ എസ്‌ഐടി
അതേസമയം, വാഹനങ്ങളിലെ ഡിജെ ലേസർ,മൾട്ടി കളർ എൽഇഡി ലൈറ്റുകൾ ഉൾപ്പെടെയുള്ള അനധികൃത ലൈറ്റുകളും ഉയർന്ന ശബ്ദത്തിലുള്ള പവർ മ്യൂസിക് സിസ്റ്റങ്ങൾ സ്ഥാപിച്ച വാഹനങ്ങൾ എന്നിവയുടെ നിയമലംഘനങ്ങളും ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. അനധികൃത ലൈറ്റുകൾ എതിർദിശയിൽ നിന്ന് വരുന്ന ഡ്രൈവർമാരെ ‘കുരുടരാക്കാൻ’ സാധ്യതയുണ്ടെന്നും ഇത് മാരകമായ അപകടങ്ങൾക്ക് കാരണമാകുമെന്നും കോടതി മുന്നറിയിപ്പ് നൽകി. ഓരോ അനധികൃത ലൈറ്റിനും 500 രൂപ വീതം പിഴ ചുമത്താമെന്നും കോടതി വ്യക്തമാക്കി.