Sunglass on Gandhi Statue: ഗാന്ധിപ്രതിമയിൽ കൂളിങ്ഗ്ലാസ് വെച്ചത് അധാർമികം, പക്ഷെ ശിക്ഷിക്കാനാകില്ല; കേസ് റദ്ധാക്കി ഹൈക്കോടതി
Gandhi Statue Sunglasses Case Closed Dismissed: ദേശീയ ബഹുമതികളെ അധിക്ഷേപിക്കുന്നത് തടയുന്ന 1971ലെ നിയമത്തിൽ ശിക്ഷിക്കാൻ വകുപ്പില്ലെന്ന് വിലയിരുത്തി കോടതി കേസ് റദ്ദാക്കുകയായിരുന്നു.

കേരള ഹൈക്കോടതി
കൊച്ചി: കോളേജിലെ ക്രിസ്മസ് ആഘോഷത്തിനിടെ ഗാന്ധിപ്രതിമയുടെ മുഖത്ത് കുളിങ് ഗ്ലാസ് വെച്ച സംഭവത്തിൽ വിദ്യാർത്ഥിയെ ശിക്ഷിക്കാനാകില്ലെന്ന് ഹൈക്കോടതി. നടപടി അധാർമികമാണെങ്കിലും വിദ്യാർത്ഥിയെ ശിക്ഷിക്കാനാകില്ലെന്നാണ് ഹൈക്കോടതി അറിയിച്ചത്. ദേശീയ ബഹുമതികളെ അധിക്ഷേപിക്കുന്നത് തടയുന്ന 1971ലെ നിയമത്തിൽ ശിക്ഷിക്കാൻ വകുപ്പില്ലെന്ന് വിലയിരുത്തി കോടതി കേസ് റദ്ദാക്കുകയായിരുന്നു.
ജസ്റ്റിസ് വി ജി അരുണാണ് വിദ്യാർഥിയുടെ പേരിലുള്ള കേസ് റദ്ദാക്കിയത്. ഭരണഘടന ഉറപ്പുനൽകുന്ന സ്വാതന്ത്ര്യവും അവകാശവുമെല്ലാം മൗലികമായ ചില ചുമതലകളാൽ നിയന്ത്രിതമാണെന്ന് വിദ്യാർഥി ഓർക്കണമായിരുന്നുവെന്ന് ജഡ്ജി പറഞ്ഞു.
മനഃപൂർവം ചെയ്തതല്ലെന്നും ആഘോഷത്തിന്റെ ആവേശത്തിൽ ചെയ്ത് പോയതെന്നുമായിരുന്നു വിദ്യാർത്ഥി കോടതിയെ അറിയിച്ചത്. തെറ്റ് മനസിലായ ഉടനെ കൂളിംഗ് ഗ്ലാസും കഴുത്തിൽ അണിയിച്ച പുഷ്പചക്രവും നീക്കിയെന്നും വിദ്യാർത്ഥി പറഞ്ഞു.
ALSO READ: ഷർട്ടിന്റെ ബട്ടൻസ് ഇട്ടില്ല; പ്ലസ് വൺ വിദ്യാർത്ഥിയെ ക്രൂരമായി മർദ്ദിച്ച് സീനിയർ വിദ്യാർഥികൾ
2023 ഡിസംബർ 21നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ചൂണ്ടി ഭാരത് മാതാ സ്‌കൂൾ ഓഫ് ലീഗൽ സ്റ്റഡീസിലിലെ ക്രിസ്‌മസ് ആഘോഷത്തിനിടെ ആയിരുന്നു സംഭവം. വിദ്യാർത്ഥി ഗാന്ധിപ്രതിമയിൽ കൂളിംഗ് ഗ്ലാസ് അണിയിക്കുന്നതിന്റെ വീഡിയോ വാട്‌സാപ്പ് ഗ്രൂപ്പിലടക്കം പ്രചരിപ്പിച്ചിരുന്നു.
സംഭവത്തിൽ പരാതി ലഭിച്ചതിനെ തുടർന്ന് എടത്തല പോലീസ് വിദ്യാർത്ഥിക്കെതിരെ കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു. കലാപത്തിന് ശ്രമിച്ചു എന്നതടക്കമുള്ള വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്. സംഭവത്തിൽ കോളേജ് അധികൃതരും വിദ്യാർത്ഥിക്കെതിരെ നടപടി സ്വീകരിച്ചിരുന്നു.