Rahul Mamkootathil: രാഹുൽ മാങ്കൂട്ടത്തിലിന് താല്‍ക്കാലിക ആശ്വാസം, അറസ്റ്റ് 15 വരെ തടഞ്ഞു
Rahul Mamkootathil's arrest stayed: രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു. ഈ മാസം 15 വരെയാണ് അറസ്റ്റ് തടഞ്ഞത്. 15ന് ജാമ്യാപേക്ഷ വീണ്ടും പരിഗണിക്കും. കോടതി വിധി രാഹുലിന് തല്‍ക്കാലത്തേക്ക് ആശ്വാസമാണ്

Rahul Mamkootathil
കൊച്ചി: രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് ഹൈക്കോടതി താല്‍ക്കാലികമായി തടഞ്ഞു. ഈ മാസം 15 വരെയാണ് അറസ്റ്റ് തടഞ്ഞത്. 15ന് ജാമ്യാപേക്ഷ വീണ്ടും പരിഗണിക്കും. കോടതി വിധി രാഹുലിന് തല്‍ക്കാലത്തേക്ക് ആശ്വാസമാണ്. തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജാമ്യാപേക്ഷ തള്ളിയതിനെ തുടര്‍ന്നാണ് രാഹുല്‍ ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ നല്‍കിയത്. ഈ അപേക്ഷ പരിഗണിച്ചുകൊണ്ടാണ് കോടതി അറസ്റ്റ് താല്‍ക്കാലികമായി തടഞ്ഞത്. കേസില്‍ വിശദമായി വാദം കേള്‍ക്കണമെന്ന് വ്യക്തമാക്കിയാണ് 15 വരെ അറസ്റ്റു തടഞ്ഞത്.
ബലാത്സംഗം ചെയ്തിട്ടില്ലെന്നും, പരസ്പര സമ്മതത്തോടെയുള്ള ബന്ധമാണ് യുവതിയുമായി ഉണ്ടായിരുന്നതെന്നുമാണ് രാഹുല്‍ കോടതിയില്‍ വാദിച്ചത്. ഗർഭഛിദ്രം നടത്താന്‍ നിര്‍ബന്ധിച്ചിട്ടില്ലെന്നും രാഹുല്‍ വാദിച്ചു. കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ട കാര്യമില്ല. അന്വേഷണവുമായി സഹകരിക്കാമെന്നും ഹര്‍ജിയിലൂടെ രാഹുല്‍ കോടതിയെ അറിയിച്ചു.
Also Read: Actress Attack Case: കാവ്യയുമായി അവിഹിത ബന്ധം; മഞ്ജു ഫോണില്‍ കണ്ടത് പല പേരിലുള്ള മെസേജുകള്‍
പരാതിക്കാരി വിവാഹിതയാണെന്നും അകന്നുകഴിയുകയാണെന്നും അറിയാമായിരുന്നു. സ്വകാര്യസംഭാഷണത്തിലെ വോയ്‌സ് ക്ലിപ്പുകള്‍ പുറത്തുവന്നതിന് പിന്നില്‍ താനാണെന്ന് സംശയിച്ചാണ് പരാതിക്കാരി അകന്നത്. സംഭാഷണത്തിന്റെ വിവരങ്ങള്‍ പക്കലുണ്ട്. പൊലീസ് പിന്നാലെയുള്ളതിനാല്‍ ഇത് ഹാജരാക്കാനാകുന്നില്ലെന്നും രാഹുല്‍ ഹര്‍ജിയിലൂടെ കോടതിയെ അറിയിച്ചു.
തുടര്‍ച്ചയായ പത്താം ദിവസവും രാഹുല്‍ ഒളിവില്‍ തുടരുകയാണ്. ഒളിസങ്കേതം കണ്ടെത്താന്‍ അന്വേഷണ സംഘത്തിന് ഇപ്പോഴും സാധിച്ചിട്ടില്ല. അറസ്റ്റ് താല്‍ക്കാലികമായി തടഞ്ഞ പശ്ചാത്തലത്തില്‍ രാഹുല്‍ ഒളിവുസങ്കേതത്തില്‍ നിന്ന് പുറത്തെത്തുമോയെന്നാണ് ആകാംക്ഷ. എന്നാല്‍ അതിന് സാധ്യത കുറവാണെന്നാണ് സൂചന. പുറത്തിറങ്ങിയാല്‍ രണ്ടാമത്തെ കേസില്‍ രാഹുല്‍ അറസ്റ്റിലാകാന്‍ സാധ്യതയുണ്ട്.