Kerala Local Body Election 2025: തിരുവനന്തപുരം കോർപ്പറേഷനിലെ വിഴിഞ്ഞം വാർഡിലെ തിരഞ്ഞെടുപ്പ് മാറ്റിവെച്ചു, കാരണമിത്….
Vizhinjam Ward Election Postponed: രാത്രി സബ്കളക്ടറുടെ അറിയിപ്പ് ലഭിച്ചതിന് പിന്നാലെ വാർഡിലെ 10 ബൂത്തുകളും രാത്രിയോടെ പൂട്ടി ഉദ്യോഗസ്ഥർ മടങ്ങി. രാത്രി എട്ട് മണിയോടെയാണ് ബൂത്തുകളുടെ ചുമതലയുളള സെക്ടറൽ ഓഫീസർ ടി.ബി.ബിജുവിന് സബ്കളക്ടറുടെ അറിയിപ്പ് ലഭിക്കുന്നത്.
വിഴിഞ്ഞം: തിരുവനന്തപുരം കോർപ്പറേഷനിലെ വിഴിഞ്ഞം 66-ാം വാർഡിലെ തിരഞ്ഞെടുപ്പ് മാറ്റിവെച്ചു. വാർഡിൽ സ്വതന്ത്രസ്ഥാനാർത്ഥിയായി മത്സരിച്ചിരുന്ന വിഴിഞ്ഞം കോട്ടപ്പുറം അഞ്ചു നിവാസിൽ ജസ്റ്റിൻ ഫ്രാൻസിസ് അപകടത്തിൽ മരിച്ചതിനെ തുടർന്നാണ് തിരഞ്ഞെടുപ്പ് മാറ്റി വച്ചത്. സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷന്റെ(എസ്എംടിഎഫ്) പ്രതിനിധിയായിട്ടായിരുന്നു ജസ്റ്റിസ് ഫ്രാൻസിസ് മത്സരത്തിനിറങ്ങിയത്.
സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ജസ്റ്റിൻ ഫ്രാൻസിസി തിങ്കളാഴ്ച വൈകിട്ട് 6.50 ഓടെയായിരുന്നു മരിച്ചത്. തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ജസ്റ്റിനെ ഓട്ടോയിടിക്കുകയായിരുന്നു. തുടര്‍ന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചെങ്കിലും തിങ്കളാഴ്ച വൈകിട്ടോടെ മരണത്തിന് കീഴടങ്ങുകയായിരുന്നു.
സ്ഥാനാർത്ഥിയുടെ മരണത്തെതുടർന്ന് വാർഡ് 66- ലെ തിരഞ്ഞെടുപ്പ് കേരള മുനിസിപ്പൽ ആക്ട് 124 വകുപ്പ് പ്രകാരം മാറ്റിവെച്ചതായി വരണാധികാരി സബ്കളക്ടർ ഒ.വി. ആൽഫ്രഡ് അറിയിച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ALSO READ: ആവേശത്തോടെ ആദ്യ ഘട്ടം, പോളിങ് ബൂത്തിലേക്ക് ഏഴു ജില്ലകള്‍; വോട്ട് ചെയ്യേണ്ടത് എങ്ങനെ?
വാർഡ് 66 -ൽ 10 ബൂത്തുകളാണ് ഉളളത്. ഉച്ചയോടെ ഉദ്യോഗസ്ഥരെത്തി ബൂത്തുകൾ തിരഞ്ഞെടുപ്പിന് വേണ്ടി സജ്ജമാക്കിയിരുന്നു. എന്നാൽ രാത്രി സബ്കളക്ടറുടെ അറിയിപ്പ് ലഭിച്ചതിന് പിന്നാലെ വാർഡിലെ 10 ബൂത്തുകളും രാത്രിയോടെ പൂട്ടി ഉദ്യോഗസ്ഥർ മടങ്ങി.
രാത്രി എട്ട് മണിയോടെയാണ് ബൂത്തുകളുടെ ചുമതലയുളള സെക്ടറൽ ഓഫീസർ ടി.ബി.ബിജുവിന് സബ്കളക്ടറുടെ അറിയിപ്പ് ലഭിക്കുന്നത്. മരിച്ച ജസ്റ്റിൻ ഫ്രാൻസിസ് ഉൾപ്പെട്ട സ്വതന്ത്ര സ്ഥാനാർഥികളടക്കം 10 പേരായിരുന്നു വിഴിഞ്ഞത് ജനവിധി തേടിയിരുന്നത്.