Kerala Local Body Election 2025: ആവേശത്തോടെ ആദ്യ ഘട്ടം, പോളിങ് ബൂത്തിലേക്ക് ഏഴു ജില്ലകള്‍; വോട്ട് ചെയ്യേണ്ടത് എങ്ങനെ?
Kerala Local Body Election 2025 Phase I: രാവിലെ ഏഴ് മുതല്‍ വൈകുന്നേരം ആറു മണി വരെയാണ് വോട്ടെടുപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലാണ് ആദ്യ ഘട്ടത്തില്‍ വോട്ടെടുപ്പ്
തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ട വോട്ടെടുപ്പ് ഇന്ന് നടക്കും. രാവിലെ ഏഴ് മുതല്‍ വൈകുന്നേരം ആറു മണി വരെയാണ് വോട്ടെടുപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലാണ് ആദ്യ ഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കുന്നത്. പട്ടികയില്‍ ആകെ 1,32,84,789 വോട്ടര്‍മാരുണ്ട്. 70,32,444 സ്ത്രീകളും, 62,51,219 പുരുഷന്മാരും, 126 ട്രാന്‍സ്‌ജെന്‍ഡേഴ്‌സും പട്ടികയില്‍ ഉള്‍പ്പെടുന്നു. 456 പ്രവാസി വോട്ടര്‍മാരുണ്ട്. ആകെ 3,66,30 സ്ഥാനാര്‍ത്ഥികള്‍ മത്സരിക്കുന്നു. 595 തദ്ദേശ സ്ഥാപനങ്ങളിലേക്കാണ് വോട്ടെടുപ്പ് നടക്കുന്നത്.
വോട്ടെടുപ്പ്
- ഗ്രാമപഞ്ചായത്ത്-471
- ബ്ലോക്ക് പഞ്ചായത്ത്-75
- ജില്ലാ പഞ്ചായത്ത്-7
- മുനിസിപ്പാലിറ്റി-39
- കോര്‍പറേഷന്‍-3
ആകെ 11168 വാര്‍ഡുകള്‍
- ഗ്രാമപഞ്ചായത്തില്‍ 8310 വാര്‍ഡുകള്‍
- ബ്ലോക്ക് പഞ്ചായത്തില്‍ 1090 വാര്‍ഡുകള്‍
- ജില്ലാ പഞ്ചായത്തില്‍ 164 വാര്‍ഡുകള്‍
- മുനിസിപ്പാലിറ്റിയില്‍ 1371 വാര്‍ഡുകള്‍
- കോര്‍പറേഷനില്‍ 233 വാര്‍ഡുകള്‍
തിരിച്ചറിയല്‍ രേഖ കരുതണം
സമ്മതിദായകന്‍ തിരിച്ചറിയല്‍ രേഖ കയ്യില്‍ കരുതണമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദ്ദേശിച്ചു. വോട്ടര്‍ തിരിച്ചറിയല്‍ കാര്‍ഡ്, തിരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കിയിട്ടുള്ള വോട്ടര്‍ സ്ലിപ്പ്, പാസ്‌പോര്‍ട്ട്, ഡ്രൈവിങ് ലൈസന്‍സ്, പാന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ്, ഫോട്ടോ പതിച്ച എസ്എസ്എല്‍സി ബുക്ക്, തിരഞ്ഞെടുപ്പ് തീയതിക്ക് ആറു മാസം മുമ്പ് ദേശസാല്‍കൃത ബാങ്കില്‍ നിന്നും നല്‍കിയിട്ടുള്ള ഫോട്ടോ പതിച്ച പാസ് ബുക്ക് എന്നിവയില്‍ ഏതെങ്കിലും ഒരെണ്ണം തിരിച്ചറിയല്‍ രേഖയായി ഹാജരാക്കാം.
എങ്ങനെയാണ് വോട്ട് ചെയ്യേണ്ടത്?
പോളിങ് ബൂത്തില്‍ പ്രവേശിച്ചുകഴിഞ്ഞാല്‍ തിരിച്ചറിയല്‍ രേഖ, വോട്ടര്‍പട്ടികയിലെ വിവരങ്ങള്‍ എന്നിവ പോളിങ് ഉദ്യോഗസ്ഥന്‍ പരിശോധിക്കും. രണ്ടാമത്തെ പോളിങ് ഓഫീസര്‍ കൈവിരലില്‍ മഷി പുരട്ടും. തുടര്‍ന്ന് വോട്ട് രജിസ്റ്ററില്‍ ഒപ്പ് (അല്ലെങ്കില്‍ വിരലടയാളം) രേഖപ്പെടുത്തി വോട്ടിങ് സ്ലിപ്പ് നല്‍കും. ശേഷം വോട്ടിങ് യന്ത്രത്തിന്റെ ചുമതലയുള്ള ഓഫീസറുടെ മുമ്പില്‍ ഈ സ്ലിപ്പ് ഏല്‍പ്പിക്കണം. പിന്നാലെ ഉദ്യോഗസ്ഥര്‍ കണ്‍ട്രോള്‍ യൂണിറ്റിലെ ബട്ടണ്‍ അമര്‍ത്തി ബാലറ്റ് യൂണിറ്റുകള്‍ വോട്ട് ചെയ്യാന്‍ സജ്ജമാക്കും.
ഇതോടെ വോട്ടര്‍ക്ക് വോട്ടിങ് കമ്പാര്‍ട്ട്‌മെന്റിലേക്ക് നീങ്ങാം. ബാലറ്റ് യൂണിറ്റില്‍ പച്ചനിറത്തില്‍ ചെറിയ ലൈറ്റ് തെളിഞ്ഞുനില്‍പുണ്ടെങ്കില്‍ ആ ബാലറ്റ് യൂണിറ്റ് വോട്ട് രേഖപ്പെടുത്താന്‍ തയ്യാറായെന്ന് കരുതാം. സ്ഥാനാര്‍ത്ഥിയുടെ ചിഹ്നത്തിന് നേരെയുള്ള ബട്ടണില്‍ വിരല്‍ അമര്‍ത്തുമ്പോള്‍ ദീര്‍ഘമായ ബീപ് ശബ്ദം കേള്‍ക്കാം.
കോര്‍പറേഷന്‍, മുനിസിപ്പാലിറ്റി എന്നിവിടങ്ങളിലെ വോട്ടര്‍മാര്‍ക്ക് ഒരു വോട്ടു മാത്രം ചെയ്താല്‍ മതി. എന്നാല്‍ ത്രിതല പഞ്ചായത്തില്‍ അങ്ങനെയല്ല. ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളിലെ സ്ഥാനാര്‍ത്ഥികള്‍ക്കായി വോട്ട് ചെയ്യണം. അതായത് ഒരാള്‍ക്ക് മൂന്ന് വോട്ട് ചെയ്യേണ്ടി വരും. ആദ്യ ബാലറ്റ് യൂണിറ്റില്‍ ഗ്രാമപഞ്ചായത്തിലെ സ്ഥാനാര്‍ത്ഥികളുടെ പേരുകളും ചിഹ്നങ്ങളും ഉണ്ടാകും. വെള്ളനിറത്തിലുള്ള ലേബലാകും ഉണ്ടാവുക.
രണ്ടാമത്തേത് ബ്ലോക്ക് പഞ്ചായത്തിലേക്കുള്ളതാണ്. ഇതിന് ഇളംപിങ്ക് നിറമുള്ള ലേബലാണ്. ജില്ലാ പഞ്ചായത്തിലേക്കുള്ള മൂന്നാമത്തെ ബാലറ്റ് യൂണിറ്റിന് ഇളംനീല നിറത്തിലുള്ള ലേബലാണ്. ഇത്തരത്തില്‍ മൂന്ന് ബാലറ്റ് യൂണിറ്റുകളിലും ക്രമമായി വോട്ട് രേഖപ്പെടുത്താം. ഇതിനുശേഷം നീണ്ട ബീപ് ശബ്ദം കേള്‍ക്കും. വോട്ട് രേഖപ്പെടുത്തല്‍ പൂര്‍ണമായി എന്നാണ് ഇതിന്റെ അര്‍ത്ഥം.