Kerala Rain Alert: വോട്ട് ചെയ്യാന്‍ പോകുമ്പോള്‍ കുടയെടുക്കണോ? മഴ പണി തരുമോ? കാലാവസ്ഥ മുന്നറിയിപ്പ്
Kerala Weather Alert: തദ്ദേശ തിരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ട വോട്ടെടുപ്പിന് മഴ വെല്ലുവിളിയാകില്ല. ഇന്നത്തെ കാലാവസ്ഥ മുന്നറിയിപ്പ് പരിശോധിക്കാം
തിരുവനന്തപുരം: സംസ്ഥാനത്ത് തദ്ദേശ തിരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ട വോട്ടെടുപ്പിന് മഴ വെല്ലുവിളിയാകില്ല. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലാണ് ആദ്യ ഘട്ടത്തില്‍ വോട്ടെടുപ്പ്. ഇതില്‍ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ മാത്രമാണ് നേരിയ മഴ സാധ്യതയുള്ളത്. ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളില്‍ മഴ മുന്നറിയിപ്പില്ല. കേരളത്തിലെ മറ്റ് ജില്ലകളിലും ഇന്ന് മഴയ്ക്ക് സാധ്യതയില്ല.
രണ്ടാം ഘട്ട വോട്ടെടുപ്പ് ദിവസവും മഴ വെല്ലുവിളിയാകില്ല. ഡിസംബര്‍ 11ന് നടക്കുന്ന രണ്ടാം ഘട്ടത്തില്‍ തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് വോട്ടെടുപ്പ്. ഈ ജില്ലകളില്‍ അന്ന് മഴ സാധ്യതയില്ല.
നാളെ ആറു ജില്ലകളില്‍ നേരിയ മഴ സാധ്യതയുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിലാണ് 10ന് മഴ സാധ്യത. 11, 12 തീയതികളില്‍ കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ നേരിയ മഴ സാധ്യതയുണ്ട്. സംസ്ഥാനത്ത് മഴയ്ക്ക് ശമനമെന്ന് സൂചിപ്പിക്കുന്നതാണ് പുതിയ മുന്നറിയിപ്പുകള്‍.
ശീതതരംഗം
ഇന്ത്യയുടെ മധ്യ, കിഴക്കൻ, വടക്കൻ പ്രദേശങ്ങളില്‍ ഡിസംബര്‍ 12 വരെ ശീതതരംഗത്തിന് സാധ്യതയെന്ന് മുന്നറിയിപ്പ്. ഡിസംബർ 10 മുതൽ 12 വരെ വടക്കുപടിഞ്ഞാറൻ ഇന്ത്യയിലും പശ്ചിമേന്ത്യയിലും ശീതതരംഗത്തിന് സാധ്യത.