Local Body Election: തെരഞ്ഞെടുപ്പ് ചൂടിലേക്ക് കേരളം; തദ്ദേശ തിരഞ്ഞെടുപ്പ് പ്രഖ്യാപനം ഇന്ന്; മുന്നൊരുക്കങ്ങൾ തുടങ്ങി
Local Body Election Announcement: സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ എ ഷാജഹാൻ ആണ് തീയതി പ്രഖ്യാപിക്കുക. ഇതിനു മുന്നോടിയായുള്ള ഒരുക്കങ്ങളെല്ലാം സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ പൂര്‍ത്തിയാക്കി.

പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: സംസ്ഥാനത്ത് തദ്ദേശ തെരഞ്ഞെടുപ്പ് പ്രഖ്യാപനം ഇന്ന്. തെരഞ്ഞെടുപ്പ് കമ്മീഷൻ ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് നടത്തുന്ന വാർത്താസമ്മേളനത്തിൽ തെരഞ്ഞെടുപ്പ് പ്രഖ്യാപനം നടത്തും. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ എ ഷാജഹാൻ ആണ് തീയതി പ്രഖ്യാപിക്കുക. ഇതിനു മുന്നോടിയായുള്ള ഒരുക്കങ്ങളെല്ലാം സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ പൂര്‍ത്തിയാക്കി.
ഡിസംബർ അഞ്ചിനും പതിനഞ്ചിനും ഇടയിൽ രണ്ട് ഘട്ടമായി വോട്ടെടുപ്പ് നടന്നേക്കുമെന്നാണ് വിവരം. പ്രഖ്യാപനം അടുത്തതോടെ മുന്നണികളെല്ലാം സീറ്റ് വിഭജനവും സ്ഥാനാര്‍ഥി നിര്‍ണയവും വേഗത്തിലാക്കിയിട്ടുണ്ട്. പല തദ്ദേശ സ്ഥാപനങ്ങളിലും യുഡിഎഫ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു കഴിഞ്ഞു.
Also Read:RSS ശാഖയിലെ പീഡനം; യുവാവിന്റെ മരണത്തിൽ പ്രകൃതി വിരുദ്ധ പീഡനത്തിന് കേസ്
നിലവില്‍ തദ്ദേശ സ്ഥാപനങ്ങളില്‍ എല്‍ഡിഎഫിനാണ് മുന്‍തൂക്കം. ആകെയുള്ള ആറ് കോർപ്പറേഷനുകളിൽ അഞ്ചിടത്തും ഇടതുമുന്നണിയാണ് ഭരിക്കുന്നത്. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, തൃശ്ശൂർ, കൊല്ലം കോർപ്പറേഷനുകളിൽ എൽഡിഎഫും കണ്ണൂരിൽ യുഡിഎഫുമാണ് ഭരണമുള്ളത്. നഗരസഭകളുടെ കാര്യം നോക്കിയാൽ ആകെയുള്ളത് 87 നഗരസഭകളാണ്. ഇതിൽ 44 നഗരസഭകളിൽ ഇടതുമുന്നണിയും 41 നഗരസഭകളിൽ യുഡിഎഫും ഭരിക്കുന്നും. പാലക്കാടും പന്തളത്തുമാണ് ബിജെപി ഭരണമുള്ളത്.
14 ജില്ലാ പഞ്ചായത്തുകളിൽ 11 ഇടത്താണ് ഇടത് ഭരണമുള്ളത്.മൂന്ന് ജില്ലാ പഞ്ചായത്തുകളിൽ യുഡിഎഫ് ഭരണമാണുള്ളത്. എറണാകുളം, വയനാട്, മലപ്പുറം ജില്ലകളിലാണ് യുഡിഎഫ് ഭരണമുള്ളത്. 941 ഗ്രാമപഞ്ചായത്തിൽ എൽഡിഎഫ്–557 ഇടത്തും, യുഡിഎഫ്–363 ഇടത്തും, ബിജെപി–14 ഇടത്തും, ട്വന്റി 20–5 ഇടത്തും, ആർഎംപി–2 ഇടത്തും ഭരിക്കുന്നു.