Kerala Lottery: ഒരു കോടി സമ്മാനമടിച്ച ലോട്ടറി ടിക്കറ്റ് ബ്ലാക്കിൽ വിൽക്കാൻ ശ്രമിച്ചു; വാങ്ങാനെത്തിയ സംഘം ലോട്ടറി തട്ടിയെടുത്ത് മുങ്ങി
Lottery Ticket Snatched: ഒരു കോടി രൂപ സമ്മാനമടിച്ച ടിക്കറ്റ് ഒരു സംഘം തട്ടിയെടുത്തു. കണ്ണൂർ പേരാവൂരിൽ സ്ത്രീശക്തി ടിക്കറ്റാണ് ഒരു സംഘം തട്ടിയെടുത്തത്.

കേരള ലോട്ടറി
ഒരു കോടി രൂപ സമ്മാനമടിച്ച സ്ത്രീശക്തി ഭാഗ്യക്കുറി ഒരു സംഘം തട്ടിയെടുത്തതായി പരാതി. കണ്ണൂർ പേരാവൂരിലാണ് സംഭവം. പേരാവൂർ സ്വദേശിയായ സാദിഖിന് അടിച്ച ടിക്കറ്റ് ബ്ലാക്കിൽ വിൽക്കാൻ ശ്രമിക്കുന്നതിനിടെ വാങ്ങാനെത്തിയ സംഘം തട്ടിയെടുക്കുകയായിരുന്നു എന്നാണ് പരാതി. സംഘത്തിൽ പെട്ട ചാക്കാട് സ്വദേശി ഷുഹൈബിനെ പോലീസ് പിടികൂടി.
പേരാവൂരിൽ ലൈറ്റ് ആൻഡ് സൗണ്ട് ഷോപ്പ് നടത്തുന്നയാളാണ് സാദിഖ്. കഴിഞ്ഞ വർഷം ഡിസംബർ 30ന് സമ്മാനം അടിച്ച ലോട്ടറിയാണ് സാദിഖ് വിൽക്കാൻ ശ്രമിച്ചത്. ബ്ലാക്കിൽ വിൽക്കുമ്പോൾ കമ്മീഷനും നികുതിയും നൽകേണ്ടതില്ല. മുഴുവൻ തുകയും ലഭിക്കും. ഈ മാസം 15ന് രാത്രി 9 മണിയോടെയാണ് സംഭവം. പേരാവൂർ അക്കരമ്മൽ വച്ച് സാദിഖും സുഹൃത്തും ചേർന്ന് ലോട്ടറി കൈമാറാൻ ശ്രമിച്ചുകൊണ്ടിരിക്കെ ടിക്കറ്റ് വാങ്ങാനെത്തിയ സംഘം ലോട്ടറി ടിക്കറ്റ് തട്ടിയെടുത്തു. ഫലപ്രഖ്യാപനവുമായി ഒത്തുനോക്കിയ ശേഷം തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയാണ് സംഘം ടിക്കറ്റ് തട്ടിയെടുത്തത്. തുടർന്ന് സുഹൃത്തിനെ ബലം പ്രയോഗിച്ച് വാഹനത്തിൽ കയറ്റിക്കൊണ്ടുപോയി മറ്റൊരു സ്ഥലത്ത് ഉപേക്ഷിച്ച ശേഷം കടന്നുകളഞ്ഞു.
കേസിൽ പോലീസ് പിടിയിലായ ഷുഹൈബ് വേറെയും തട്ടിപ്പ് കേസുകളിൽ പ്രതിയാണ്. ടിക്കറ്റ് ഇതുവരെ കണ്ടെത്താനായിട്ടില്ല. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.
എല്ലാ ചൊവ്വാഴ്ചകളിലും നറുക്കുന്ന ഭാഗ്യക്കുറിയാണ് സ്ത്രീശക്തി ലോട്ടറി. ഒരു കോടി രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം 30 ലക്ഷം രൂപ. മൂന്നാം സമ്മാനം അഞ്ച് ലക്ഷം രൂപ 50 രൂപയാണ് ടിക്കറ്റിൻ്റെ വില. ആകെ 9 സമ്മാനങ്ങളുണ്ട്. 100 രൂപയാണ് അവസാനത്തെ സമ്മാനം. ബാങ്കിലോ ലോട്ടറി ഓഫീസിലോ ടിക്കറ്റ് സമർപ്പിച്ചാണ് നിയമാനുസൃതമായി സമ്മാനത്തുക കൈപ്പറ്റേണ്ടത്.