Kerala MVD: സീബ്ര ലൈൻ കടക്കുമ്പോൾ ഇടിച്ചാൽ 2000 രൂപ പിഴ, ലൈസൻസും റദ്ദാക്കും; എംവിഡി
Kerala MVD On Pedestrian Safety: ഏതെങ്കിലും വാഹനം സീബ്ര ലൈനിൽ പാർക്ക് ചെയ്താലും ശിക്ഷയുണ്ടാകും. ലൈസൻസ് റദ്ദാക്കുകയും പിഴ ഈടാക്കുകയും ചെയ്യുന്നതാണ്. ഈ വർഷം 800ലധികം കാൽനടയാത്രക്കാരാണ് വിവിധയിടങ്ങളിലായി നടന്ന റോഡപകടത്തിൽ മരിച്ചതെന്നാണ് ഗതാഗത കമ്മീഷണർ വ്യക്തമാക്കുന്നത്.
തിരുവനന്തപുരം: കാൽനടയാത്രക്കാരുടെ സുരക്ഷയെ മാനിച്ച് നിയമം കർശനമാക്കാൻ ഒരുങ്ങി സംസ്ഥാന മോട്ടോർ വാഹന വകുപ്പ് (എംവിഡി). ഇതിൻ്റെ ഭാഗമായി ചില നിർദ്ദേശങ്ങളും പുറപ്പെടുവിച്ചിട്ടുണ്ട്. സീബ്ര ലൈൻ കടക്കുമ്പോൾ വാഹനമിടിച്ചാൽ ലൈസൻസ് റദ്ദാക്കാനും 2000 രൂപ പിഴയീടാക്കാനുമാണ് എംവിഡിയുടെ തീരുമാനം.
ഏതെങ്കിലും വാഹനം സീബ്ര ലൈനിൽ പാർക്ക് ചെയ്താലും ശിക്ഷയുണ്ടാകും. ലൈസൻസ് റദ്ദാക്കുകയും പിഴ ഈടാക്കുകയും ചെയ്യുന്നതാണ്. ഈ വർഷം 800ലധികം കാൽനടയാത്രക്കാരാണ് വിവിധയിടങ്ങളിലായി നടന്ന റോഡപകടത്തിൽ മരിച്ചതെന്നാണ് ഗതാഗത കമ്മീഷണർ വ്യക്തമാക്കുന്നത്. ഇതിൽ 80 ശതമാനത്തിലധികവും പ്രായമായവരാണ്. ഈ സാഹചര്യത്തിലാണ് ഗതാഗത നിയമം കർശനമാക്കാൻ ഒരുങ്ങുന്നത്.
പൊതുജനങ്ങളുടെ സുരക്ഷിതത്വം സർക്കാരിൻ്റെ ഉത്തരവാദിത്തമായതിനാൽ പ്രൈവറ്റ് ബസിലെ ജീവനക്കാർക്ക് പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് (PCC) നിർബന്ധമാക്കി കഴിഞ്ഞ ദിവസം ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാർ ഉത്തരവിറക്കിയിരുന്നു. ഡ്രൈവർ, കണ്ടക്ടർ, ക്ലീനർ തുടങ്ങിയവർക്കാണ് പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് വേണ്ടത്.
വർഷത്തിലൊരിക്കൽ ഇത് വാങ്ങിയിരിക്കുകയും വേണം. ഗതാഗതവകുപ്പിൻ്റെ ഇത്തരം ഉത്തരവുകൾ പാലിക്കാത്ത ബസുകളുടെ പെർമിറ്റ് റദ്ദാക്കുന്നതടക്കമുള്ള നടപടികളും സ്വീകരിക്കാനാണ് നിർദ്ദേശം. വേഗതയുടെ കാര്യത്തിലും നിയമ ലംഘനങ്ങൾ അനുവദിക്കില്ലെന്ന് അദ്ദേഹം ഫേസ്ബുക്കിൽ പങ്കുവച്ച വീഡിയോയിൽ വ്യക്തമാക്കി.