Kerala Rain Alert: ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത, മുന്നറിയിപ്പുമായി കാലാവസ്ഥ വകുപ്പ്
Kerala Revised Rain Alert 02-10-2025: ഇന്നും നാളെയും ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി. ഇടിമിന്നലിന് സാധ്യതയുള്ളതിനാല്‍ ജനം ജാഗ്രത പാലിക്കണം. കാര്‍മേഘം കണ്ട് തുടങ്ങുമ്പോള്‍ മുതല്‍ മുന്‍കരുതല്‍ വേണം.
കേരളത്തില്‍ ഇന്നും നാളെയും (ഒക്ടോബര്‍ 2, 3) ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി. ഇടിമിന്നലിന് സാധ്യതയുള്ളതിനാല്‍ ജനം ജാഗ്രത പാലിക്കണം. കാര്‍മേഘം കണ്ട് തുടങ്ങുമ്പോള്‍ മുതല്‍ മുന്‍കരുതല്‍ വേണം. മിന്നലിന്റെ പ്രാരംഭ ലക്ഷണം കാണുമ്പോള്‍ മുതല്‍ ജാഗ്രത വേണം. സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക് മാറണം. തുറസായ സ്ഥലങ്ങളില്‍ നില്‍ക്കരുത്. കാറ്റും മിന്നലും ശക്തമായാല്‍ വാതിലും ജനലും അടച്ചിടണം. വാതിലിന്റെയും ജനലിന്റെയും അടുത്ത് നില്‍ക്കരുത്.
കെട്ടിടത്തിനുള്ളില്‍ തുടരുക. തറയിലോ, ഭിത്തിയിലോ സ്പര്‍ശിക്കാതിരിക്കാന്‍ ശ്രമിക്കുക. ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിച്ഛേദിക്കണം. ഇടിമിന്നലുള്ള സമയം ടെലിഫോണ്‍ ഉപയോഗിക്കരുത്. ടെറസിലും മരച്ചുവട്ടിലും നില്‍ക്കരുത്. വൃക്ഷങ്ങളുടെ ചുവട്ടില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുകയുമരുത്.
കേരള, കര്‍ണാടക, ലക്ഷദ്വീപ് തീരങ്ങളില്‍ ഇന്ന് മത്സ്യബന്ധനത്തിന് പോകാം. കാലാവസ്ഥ വകുപ്പ് മത്സ്യത്തൊഴിലാളികള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചിട്ടില്ല. കാലാവസ്ഥ വകുപ്പ് അടുത്ത അഞ്ച് ദിവസത്തേക്ക് പുറത്തിറക്കിയ മുന്നറിയിപ്പില്‍ ഒരു ജില്ലയിലും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് പ്രവചിക്കുന്നില്ല. എല്ലാ ജില്ലയിലും ഈ ദിവസങ്ങളില്‍ ഗ്രീന്‍ അലര്‍ട്ടാണ്. നേരിയ മഴയ്ക്ക് മാത്രം സാധ്യതയുണ്ട്. ഒക്ടോബര്‍ ആറു വരെയുള്ള മുന്നറിയിപ്പാണ് നിലവില്‍ പുറപ്പെടുവിച്ചിരിക്കുന്നത്.
അതിതീവ്ര ന്യൂനമര്‍ദ്ദം
അതേസമയം, ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദം അതിതീവ്രമായി. ഇന്ന് രാത്രിയോടെ വടക്ക്-വടക്കുപടിഞ്ഞാറോട്ട് നീങ്ങി ഗോപാൽപൂരിനും പാരദീപിനും ഇടയിലായി ഇത് കരയിലേക്ക് പ്രവേശിച്ചേക്കും. ആന്ധ്രാപ്രദേശിലും, ഒഡീഷയിലും ശക്തമായ മഴ പെയ്‌തേക്കും. കേരളത്തില്‍ കാര്യമായ മഴ നിലവില്‍ പ്രതീക്ഷിക്കുന്നില്ല. സംസ്ഥാനത്തെ വടക്കന്‍ ജില്ലകളില്‍ മഴ സാധ്യതയുണ്ട്.
ബംഗാള്‍ ഉള്‍ക്കടലില്‍ ചുഴലിക്കാറ്റ് രൂപപ്പെട്ടെന്നായിരുന്നു യുഎസ് ഏജന്‍സിയുടെ നിരീക്ഷണം. എന്നാല്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. അറബിക്കടലിലും ന്യൂനമര്‍ദ്ദത്തിന് സാധ്യതയുണ്ടെന്നാണ് പുതിയ സൂചനകള്‍. വടക്കുകിഴക്കൻ അറബിക്കടലിലെ ന്യൂനമർദം കഴിഞ്ഞ മൂന്ന് മണിക്കൂറായി ഏതാണ്ട് സ്ഥിരമായി തുടരുന്നുവെന്ന് കാലാവസ്ഥ വകുപ്പ് വ്യക്തമാക്കി. ഇത് തീവ്ര ന്യൂനമര്‍ദ്ദമാകുമോയെന്ന് വ്യക്തമല്ല.
ഈ രണ്ട് ന്യൂനമര്‍ദ്ദങ്ങളും ദുര്‍ബലമാകുന്നതോടെ കാലവര്‍ഷക്കാറ്റിന്റെയും ശക്തി കുറയും. അതോടെ, കാലവര്‍ഷം പിന്‍വാങ്ങും. ഒക്ടോബര്‍ ഒമ്പതോടെ കാലവര്‍ഷം പൂര്‍ണമായും പിന്‍വാങ്ങാനാണ് സാധ്യത. വടക്ക് കിഴക്കന്‍ കാലവര്‍ഷം (തുലാവര്‍ഷം) രണ്ടാഴ്ചയ്ക്കുള്ളില്‍ ആരംഭിച്ചേക്കും. തുലാവര്‍ഷത്തിന് മുന്നോടിയായുള്ള ഇടിയോടു കൂടിയ മഴ വൈകാതെ തന്നെ ലഭിച്ച് തുടങ്ങാനാണ് സാധ്യത.
കാലാവസ്ഥ വകുപ്പിന്റെ ട്വീറ്റ്
At 0830 hrs IST of 2 Oct:
(A) Deep Depression over westcentral & adj northwest BoB about 160 km south-southeast of Gopalpur is very likely to continue to move north-northwestwards and cross Odisha and adjoining Andhra Pradesh coasts between Gopalpur and Paradip by night of 2 Oct. pic.twitter.com/B8QBKLJF8T— India Meteorological Department (@Indiametdept) October 2, 2025