Kerala Rain Alert: സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത; ഇടിമിന്നൽ മുന്നറിയിപ്പ്
Kerala Weather Latest Update: അതേസമയം കേരള - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. വരുന്ന അഞ്ച് ദിവസം കേരളത്തിലെ വിവിധ ജില്ലകളിൽ മഴയ്ക്കുള്ള സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ഇടിമിന്നൽ മുന്നറിയിപ്പുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും അധികൃതർ അറിയിച്ചു.
തിരുവനന്തപുരം: കേരളത്തിലെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ നേരിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിൻ്റെ മുന്നറിയിപ്പ്. വരും മണിക്കുറുകളിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലാണ് ഒറ്റപ്പെട്ട നേരിയ മഴയ്ക്കുള്ള സാധ്യത പ്രവചിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിൽ യെലോ അലർട്ട് പ്രഖ്യാപിച്ചിരുന്നു.
അതേസമയം കേരള – കർണാടക – ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. വരുന്ന അഞ്ച് ദിവസം കേരളത്തിലെ വിവിധ ജില്ലകളിൽ മഴയ്ക്കുള്ള സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ഇടിമിന്നൽ മുന്നറിയിപ്പുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും അധികൃതർ അറിയിച്ചു.
അതേസമയം സംസ്ഥാനത്തെ വടക്കൻ ജില്ലകളിൽ ചൂട് വളരെ കൂടുതലാണ്. സാധാരണയെക്കാൾ 2 ഡിഗ്രി സെൽഷ്യസ് മുതൽ 3 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാനുള്ള സാധ്യതയാണ് കാലാവസ്ഥാ വകുപ്പ് പ്രവചിക്കുന്നത്. ചൂട് കൂടുന്ന സാഹചര്യത്തിൽ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ജാഗ്രതാ നിർദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്.
ഇടിമിന്നൽ ജാഗ്രതാ നിർദേശം
- ഇടിമിന്നൽ ലക്ഷണങ്ങൾ കണ്ടുകഴിഞ്ഞാൽ സുരക്ഷിതമായ സ്ഥലത്തേക്ക് മാറേണ്ടതാണ്.
- ഇടിമിന്നലുള്ളപ്പോൾ തുറസായ സ്ഥലങ്ങളിൽ നിൽക്കുന്നത് ഒഴിവാക്കണം.
- ഇടിയും മിന്നലും ഉള്ളപ്പോൾ ഭിത്തിയിലോ തറയിലോ സ്പർശിക്കാതിരിക്കാൻ ശ്രമിക്കുക.
- നിങ്ങളുടെ വീട്ടിലെ ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിഛേദിക്കുക. അല്ലാത്തപക്ഷം അവയ്ക്ക് കേടുപാടുകൾ സംഭവിച്ചേക്കാം.
- ഇടിമിന്നലുള്ള സാഹചര്യങ്ങളിൽ വൃക്ഷങ്ങളുടെ ചുവട്ടിൽ നിൽക്കരുത്.
- ഇടിമിന്നൽ ഉണ്ടാകുമ്പോൾ കുളത്തിലോ പുഴകളിലോ മറ്റ് ജലാശയങ്ങളിലോ മീൻ പിടിക്കാനോ കുളിക്കാനോ പാടില്ല.
- മിന്നലിൻ്റെ ആഘാതം വളരെ വലുതാണ്. ഇത് ശരീരത്തിൽ പൊള്ളൽ ഏൽക്കുകയോ കാഴ്ച്ചയോ കേൾവിയോ നഷ്ടമാവുകയോ ഹൃദയാഘാതം സംഭവിയ്ക്കുകയോ ചെയ്യാവുന്ന അവസ്ഥയിലേക്ക് എത്തിച്ചേക്കാം.