Kerala Rain Alert Today: കേരളത്തിൽ അടുത്ത 5 ദിവസം മഴയ്ക്ക് സാധ്യത; ഇന്ന് രണ്ട് ജില്ലകളിൽ മുന്നറിയിപ്പ്
Kerala Rain Alert Today: ഇന്ന് രണ്ട് ജില്ലകളിലാണ് മഴ മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടുള്ളത്. കാസർഗോഡ്, കണ്ണൂർ ജില്ലകളിലാണ് മുന്നറിയിപ്പിന്റെ ഭാഗമായി യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. നാളെയും മറ്റന്നാളും ഒരു ജില്ലയിലും മുന്നറിയിപ്പില്ല.

കേരളത്തിൽ അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്നും ബുധനാഴ്ചയും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും നാളെ വരെ ഒറ്റപ്പെട്ടയിടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനു സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പിൽ പറയുന്നു. ഗംഗാതട പശ്ചിമ ബംഗാളിന് മുകളിലായി സ്ഥിതിചെയ്യുന്നു ചക്രവാത ചുഴി അടുത്ത 24 മണിക്കൂറിൽ ന്യൂനമർദ്ദമായി ശക്തി പ്രാപിക്കാൻ സാധ്യതയുണ്ടെന്നും തെക്കൻ ഗുജറാത്ത് തീരം മുതൽ കർണാടക തീരം വരെ ന്യൂന മർദ്ദ പാത്തി സ്ഥിതിചെയ്യുന്നതിനാലാണ് സംസ്ഥാനത്ത് മഴ ശക്തമാകാൻ കാരണമെന്നാണ് കാലാവസ്ഥ വകുപ്പ് പറയുന്നത്.
ഇന്ന് രണ്ട് ജില്ലകളിലാണ് മഴ മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടുള്ളത്. കാസർഗോഡ്, കണ്ണൂർ ജില്ലകളിലാണ് മുന്നറിയിപ്പിന്റെ ഭാഗമായി യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. നാളെയും മറ്റന്നാളും ഒരു ജില്ലയിലും മുന്നറിയിപ്പില്ല. എന്നാൽ ബുധനാഴ്ച കാസർഗോഡ്, കണ്ണൂർ ജില്ലകളിൽ യെല്ലോ അലർട്ടുണ്ട്. അതേസമയം അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും, തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, മലപ്പുറം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
കണ്ണൂർ, കാസറഗോഡ് ജില്ലകളിലെ തീരങ്ങളിൽ (കുഞ്ചത്തൂർ മുതൽ കോട്ടക്കുന്ന് വരെ) നാളെ രാത്രി 08.30 വരെ 2.9 മുതൽ 3.1 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു.ഈ പ്രദേശങ്ങളിലെ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും പ്രത്യേക ജാഗ്രത പാലിയ്ക്കാൻ നിർദ്ദേശമുണ്ട്.