Kerala Rain Alert: സംസ്ഥാനത്ത് തീവ്രമഴ മുന്നറിയിപ്പ്; ഏഴ് ജില്ലകളിൽ ഓറഞ്ച് അലേർട്ട്, തീരദേശത്ത് ജാഗ്രത
Kerala Rain Alert Today July 26: മഹാരാഷ്ട്ര തീരം മുതൽ കേരള തീരം വരെ തീരത്തോട് ചേർന്ന് ന്യൂനമർദപാത്തി സ്ഥിതി ചെയ്യുന്നതും പശ്ചിമ ബംഗാളിന്റെ തീരത്തിന് മുകളിലും വടക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും മുകളിലുമായി തീവ്രന്യൂനമർദ്ദം സ്ഥിതി ചെയ്യുന്നതുമാണ് മഴ ശക്തമാക്കാനുള്ള കാരണം.

പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസം കൂടി ശക്തമായ മഴ തുടരും. ജൂലൈ 29 വരെ അതിതീവ്ര മഴയ്ക്കുള്ള സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. ഒറ്റപ്പെട്ടയിടങ്ങളിൽ മണിക്കൂറിൽ 50 മുതൽ 60 കിലോമീറ്റർ വരെ വേഗതയിലുള്ള ശക്തമായ കാറ്റിനും സാധ്യതയുണ്ട്.
ഇന്ന് (ജൂലൈ 26) പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴ, അതായത് 24 മണിക്കൂറിൽ 115.6 mm മുതൽ 204.4 mm വരെ മഴ ലഭിക്കും.തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടാണ്.
വടക്കൻ ജില്ലകളിൽ ഇന്ന് അതിതീവ്ര മഴയ്ക്കൊപ്പം ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വിദഗ്ധർ അറിയിച്ചു. മഹാരാഷ്ട്ര തീരം മുതൽ കേരള തീരം വരെ തീരത്തോട് ചേർന്ന് ന്യൂനമർദപാത്തി സ്ഥിതി ചെയ്യുന്നതും പശ്ചിമ ബംഗാളിന്റെ തീരത്തിന് മുകളിലും വടക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും മുകളിലുമായി തീവ്രന്യൂനമർദ്ദം സ്ഥിതി ചെയ്യുന്നതുമാണ് സംസ്ഥാനത്ത് മഴ ശക്തമാക്കാനുള്ള കാരണം.
നാളെ (ജൂലൈ 27) ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെല്ലോ അലേർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ജൂലൈ 28ന് കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോടും, ജൂലൈ 29ന് കണ്ണൂർ, കാസർകോട് ജില്ലകളിലും യെല്ലോ അലേർട്ടാണ്.
ALSO READ: മിഥുന്റെ മരണം; സ്കൂൾ മാനേജ്മെൻ്റിനെ പിരിച്ചുവിട്ടു
മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ, മലവെള്ളപ്പാച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവരും നദിക്കരകൾ, അണക്കെട്ടുകളുടെ കീഴ്പ്രദേശങ്ങൾ എന്നിവിടങ്ങളിൽ താമസിക്കുന്നവരും അപകട സാധ്യത കണക്കിലെടുത്ത് അധികൃതരുടെ നിർദേശം അനുസരിച്ച് അവിടെ നിന്നും സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറി താമസിക്കണമെന്നാണ് നിർദേശം. നദിക്കരകൾ, അണക്കെട്ടുകളുടെ കീഴ്പ്രദേശങ്ങൾ എന്നിവിടങ്ങളിൽ താമസിക്കുന്നവരും അപകടസാധ്യത മുൻകൂട്ടി കണ്ട് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കേണ്ടതാണ്.