Kerala Rain: അതിശക്തമായ മഴ, മലയോര മേഖലകളിൽ വെള്ളപ്പൊക്കം
Kanjirappally Rain Update : സ്വകാര്യ ബസുകൾ സർവ്വീസ് നിർത്തിയതോടെ വിദ്യാർഥികളും, ജോലിക്കാരും അടക്കം നിരവധി പേരാണ് ബസ് റൂട്ടിൽ പാതി വഴിയിൽ കുടുങ്ങിയത്
കോട്ടയം/കാഞ്ഞിരപ്പള്ളി: വെള്ളിയാഴ്ച വൈകുന്നേരമുണ്ടായ ശക്തമായ മഴയിൽ കോട്ടയം ജില്ലയുടെ മലയോര മേഖലകളിൽ വെള്ളപ്പൊക്കം. കാഞ്ഞിരപ്പള്ളി-ഈരാറ്റുപേട്ട റൂട്ടിൽ കപ്പാട്, മൂന്നാംമൈൽ, മഞ്ഞപ്പള്ളി, തുടങ്ങിയ പ്രദേശങ്ങളിലെല്ലാം റോഡിൽ വെള്ളം കയറിയതോടെ ഗതാഗതവും സ്തംഭിച്ചു. വൈകുന്നേരം 3 മണിക്ക് തുടങ്ങിയ മഴയുടെ ശക്തി കുറഞ്ഞത് രാത്രി 7 മണിയോടെയാണ്. സ്വകാര്യ ബസുകൾ സർവ്വീസ് നിർത്തിയതോടെ വിദ്യാർഥികളും, ജോലിക്കാരും അടക്കം നിരവധി പേരാണ് ബസ് റൂട്ടിൽ പാതി വഴിയിൽ കുടുങ്ങിയത്. ചപ്പാത്ത് മുങ്ങിയതോടെ പിണ്ണാക്കനാട്-പാറത്തോട് റോഡും അടച്ചു. ഇരുചക്ര വാഹന യാത്രികർ അടക്കം നിലവിൽ റോഡിലിറങ്ങരുതെന്ന് അധികൃതർ അഭ്യർഥിച്ചു.
ഏറ്റവും പുതിയ മഴ മുന്നറിയിപ്പ്
അതേസമയം ഏറ്റവും പുതിയ മഴ മുന്നറിയിപ്പ് പ്രകാരം എറണാകുളം, കോട്ടയം, ഇടുക്കി, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം, കോഴിക്കോട്, വയനാട് ജില്ലകളുടെ ചില ഭാഗങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയാണ് ലഭിക്കുന്നത്. അടുത്ത മണിക്കൂറിൽ മലപ്പുറം, തൃശ്ശൂർ ജില്ലകളുടെ വിവിധ ഭാഗങ്ങളിൽ മഴ ലഭിക്കാൻ സാധ്യതയുണ്ട്. ഇടിമിന്നലിനും കാറ്റിനും ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.