Kerala Rain Alerts : സംസ്ഥാനത്ത് മഴയ്ക്ക് ശമനമില്ല; ഇന്ന് ഒരു ജില്ലയിൽ ഓറഞ്ച് അലർട്ട്, 9 ജില്ലകളിൽ യെല്ലോ അലർട്ട്
Kerala Rain Alerts Orange Alert : സംസ്ഥാനത്ത് ഇന്നും മഴ തുടരും. ഇന്ന് ഒരു ജില്ലയിൽ ഓറഞ്ച് അലർട്ടും 9 ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു. ഈ മാസം 19 വരെ മഴ തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിക്കുന്നത്.
സംസ്ഥാനത്ത് മഴയ്ക്ക് ശമനമില്ല. വരും ദിവസങ്ങളിൽ സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് (Heavy Rain) സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മഴയോടൊപ്പം ശക്തമായ കാറ്റിനും കടലാക്രമണത്തിനും സാധ്യതയുണ്ട്. ഇന്ന് ഒരു ജില്ലയിൽ ഓറഞ്ച് അലർട്ടും 9 ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു.
പത്തനംതിട്ട ജില്ലയിലാണ് ഇന്ന് ഓറഞ്ച് അലർട്ട്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളില്‍ യെല്ലോ അലർട്ടാണ്. മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയുള്ള ശക്തമായ കാറ്റിനും സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. എറണാകുളം ജില്ലയിൽ അടുത്ത മൂന്ന് മണിക്കൂറിൽ ഒറ്റപ്പെട്ട ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയുള്ള കാറ്റിനും സാധ്യതയുണ്ട്. കടലാക്രമണത്തിനുള്ള സാധ്യതയുള്ളതിനാൽ തീര പ്രദേശത്തുള്ളവർ ജാഗ്രത പാലിക്കണം. കേരള, ലക്ഷദ്വീപ്, കര്‍ണാടക തീരങ്ങളില്‍ മത്സ്യബന്ധനത്തിന് വിലക്ക് ഏർപ്പെടുത്തി.
തെക്കൻ കർണാടകയ്ക്ക് മുകളിൽ സ്ഥിതി ചെയുന്ന ചക്രവാതച്ചുഴിയുടെ ഫലമായി ഈ ആഴ്ച സംസ്ഥാനത്ത് മഴ കനക്കുമെന്നാണ് ഈ മാസം 16ന് കാലാവസ്ഥാ വകുപ്പ് നൽകിയ മുന്നറിയിപ്പ്. ഇതിനു പുറമേ കർണാടക മുതൽ കന്യാകുമാരി മേഖല വരെയുള്ള ന്യൂനമർദപാത്തിയും കനത്ത മഴയ്ക്ക് കാരണമാകുമെന്നും അധികൃതർ പറയുന്നു. ഈ ആഴ്ച വ്യാപക മഴയാക്കാണ് സാധ്യത.
ഇടിമിന്നലോടു കൂടിയുള്ള മഴയാണ് ഇന്നലെ പ്രവചിച്ചിരുന്നത്. ഇടുക്കി, എറണാകുളം ജില്ലകളിൽ ഇന്നലെ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരുന്നു. തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ യെലോ അലർട്ടാണ് പ്രഖ്യാപിച്ചിരുന്നത്.
Also Read : Kerala Rain Alert : ചക്രവാതച്ചുഴിയിൽ പെട്ട് കേരളം: ഈ ആഴ്ച മഴ കനക്കും
കർണാടക തീരത്ത് മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട് എന്നും മുന്നറിയിപ്പുണ്ടായിരുന്നു. 2024 ഓഗസ്റ്റ് 18 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ (പരമാവധി 50 kmph വരെ) വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് പുറപ്പെടുവിച്ച മുന്നറിയിപ്പിൽ പറയുന്നത്.
ഇതിനിടെ വയനാട്ടിലെ മുണ്ടക്കൈ, ചൂരൽമല ഉരുൾപ്പൊട്ടലിൽ മരിച്ചവരുടെ കുടുംബത്തിന് ആറ് ലക്ഷം രൂപ സംസ്ഥാന സർക്കാർ ധനസഹായം നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചിരുന്നു. മന്ത്രിസഭ യോഗത്തിന് ശേഷം മുഖ്യമന്ത്രി വിളിച്ചുചേർത്ത വാർത്തസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. ദുരന്തത്തിൽ അംഗവൈകല്യം സംഭവിച്ചവർക്ക് 75,000 രൂപയും ചെറിയ അംഗവൈകല്യങ്ങൾക്ക് 50,000 രൂപയുമാണ് ധനസഹായമായ സംസ്ഥാന സർക്കാർ നൽകുക.
സംസ്ഥാന ദുരിതാശ്വാസ നിധിയിൽ നിന്നും നാല് ലക്ഷം രൂപയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും രണ്ട് ലക്ഷം രൂപ വീതമാണ് അനുവദിക്കുക. അംഗവൈകല്യം 60 ശതമാനത്തിൽ അധികം സംഭവിച്ചർക്കാണ് 75,000 രൂപ ലഭിക്കുക. മറ്റ് ഗുരുതരമായി പരിക്കേറ്റവർക്കും അംഗവൈകല്യം സംഭവിച്ചവർക്കും 50,000 രൂപ വീതം ദുരിതാശ്വസ നിധിയിൽ നിന്നും അനുവദിക്കും.
ഉരുൾപൊട്ടൽ ദുരന്തത്തെ തുടർന്ന് വാടക വീട്ടിലേക്ക് മാറി താമസിക്കേണ്ടി വരുന്ന കുടുംബങ്ങൾക്ക് പ്രതിമാസം 6,000 രൂപ ധനസഹായം നൽകും. ദുരിതാശ്വാസ നിധിയിൽ നിന്നുമാണ് ധനസഹായം നൽകുക. വാടകയ്ക്ക് തമാസിക്കാതെ ബന്ധുവിട്ടിലേക്ക് മാറേണ്ടി വന്നവർക്കും ധനസഹായം ലഭിക്കും. അതേസമയം സർക്കാരിൻ്റെയോ മറ്റ് സ്വകാര്യ വ്യക്തികളോ നൽകുന്ന സൗജന്യമായ ഇടത്ത് താമസിക്കുവന്നവർക്ക് ധനസഹായം ലഭിക്കില്ലയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. എന്നാൽ പകുതി സ്പോൺസർഷിപ്പ് നൽകുന്ന വാടക വീടുകൾക്ക് ബാക്കി തുക സർക്കാർ നൽകുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. ദുരിതം ബാധിച്ച എല്ലാവർക്കും സൗജന്യ താമസം ഒരുക്കുകയെന്നാണ് സർക്കാരിൻ്റെ ലക്ഷ്യമെന്നും മുഖ്യമന്ത്രി വാർത്തസമ്മേളനത്തിൽ പറഞ്ഞു.