Doctors strike : നാളെ ഡോക്ടർമാർ പണിമുടക്കും; ഒപി ഉൾപ്പെടെ പ്രവർത്തിക്കില്ലെന്ന് ഐഎംഎ
Doctors will go on strike tomorrow: ശനിയാഴ്ച രാവിലെ 6 മുതൽ ഞായറാഴ്ച രാവിലെ 6 വരെയായിരിക്കും പണിമുടക്ക് നടക്കുക. എന്നാൽ അഡ്മിറ്റ് ചെയ്ത രോഗികൾക്കുള്ള ചികിത്സയും അവശ്യ സേവനങ്ങളും നിലനിർത്തുമെന്നും അധികൃതർ വ്യക്തമാക്കി.
തിരുവനന്തപുരം: കൊൽക്കത്തയിലെ യുവഡോക്ടറുടെ കൊലപാതകത്തിൽ പ്രതിഷേധിച്ച് നാളെ ഡോക്ടർമാർ പണിമുടക്കും. ഐഎംഎയുടെ നേതൃത്വത്തിൽ സംസ്ഥാനത്ത് നാളെ ഡോക്ടർമാരുടെ പണിമുടക്ക് നടക്കുക. മെഡിക്കൽ കോളജുകളിലും സർക്കാർ, സ്വകാര്യ ആശുപത്രികളിലും ഒപി സേവനം ഉണ്ടായിരിക്കുന്നതല്ല. അടിയന്തര പ്രാധാന്യമില്ലാത്ത സർജറികളും മാറ്റിവയ്ക്കുമെന്ന് അധികൃതർ അറിയിച്ചു. ആർസിസിയിലും ഒപി സേവനമുണ്ടാകില്ല.
ശനിയാഴ്ച രാവിലെ 6 മുതൽ ഞായറാഴ്ച രാവിലെ 6 വരെയായിരിക്കും പണിമുടക്ക് നടക്കുക. എന്നാൽ അഡ്മിറ്റ് ചെയ്ത രോഗികൾക്കുള്ള ചികിത്സയും അവശ്യ സേവനങ്ങളും നിലനിർത്തുമെന്നും അധികൃതർ വ്യക്തമാക്കി. അത്യാഹിത വിഭാഗങ്ങൾ സാധാരണപോലെ പ്രവർത്തിക്കുന്നതിനും സംവിധാനമൊരുക്കും. വയനാട് ജില്ലയിലെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് ജില്ലയെ സമ്പൂർണ്ണ സമരത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട് എന്നാണ് വിവരം.
ജില്ലയിലെ ഡോക്ടർമാർ പ്രതിഷേധ സൂചകമായി കറുത്ത ബാഡ്ജ് ധരിക്കും. ബന്ധപ്പെട്ട അധികാരികളുടെയും ഉദാസീനതയുടെയും നിസ്സംഗതയുടെയും ഫലമായാണ് ഡോക്ടർമാർ ഉൾപ്പെടെയുള്ള ആരോഗ്യപ്രവർത്തകർക്ക് നേരെയുണ്ടാകുന്ന ശാരീരിക ആക്രമണങ്ങളും കുറ്റകൃത്യങ്ങളുമെന്നും ഐഎംഎ പ്രസ്താവനയിൽ പറഞ്ഞു. കൊൽക്കത്ത സംഭവത്തിലെ മുഴുവൻ പ്രതികളേയും ഉടൻ അറസ്റ്റ് ചെയ്ത് കോടതി നടപടികൾ വേഗത്തിലാക്കി കടുത്ത ശിക്ഷാ നടപടികൾ ഉണ്ടാകണം എന്നും പ്രസ്ഥാവനയിൽ പറയുന്നു.
എല്ലാ ആശുപത്രികളും ആരോഗ്യ സ്ഥാപനങ്ങളും പ്രത്യേക സുരക്ഷിതമേഖല ആക്കാനുള്ള തീരുമാനം ദേശീയതലത്തിൽ ഉണ്ടാകണം എന്ന ആവശ്യമുണ്ട്. കൂടാതെ മെഡിക്കൽ കോളജുകൾക്കും ആരോഗ്യ സ്ഥാപനങ്ങൾക്കും അനുമതി ലഭിക്കാനും പ്രവർത്തിക്കാനും പഴുതടച്ചുള്ള സുരക്ഷ ഉറപ്പാക്കണം. അതിനായി ദേശീയ മെഡിക്കൽ കമ്മീഷൻ ചട്ടങ്ങളിൽ ആവശ്യമായ ഭേദഗതികൾ വരുത്തണമെന്നുമാണ് മറ്റുള്ള ആവശ്യങ്ങൾ.