Kerala weather: സംസ്ഥാനത്ത് കള്ളക്കടല്‍ ഭീഷണി തുടരുന്നു; കേരള തീരത്ത് ഓറഞ്ച് അലര്‍ട്ട്
താഴ്ന്ന പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തണം. മുന്നറിയിപ്പുകള്‍ ഒരു കാരണവശാലും അവഗണിക്കരുത്. ബീച്ചിലേക്കുള്ള യാത്രകളും കടലില്‍ ഇറങ്ങിയുള്ള വിനോദങ്ങളും ഒഴിവാക്കണം

ban on trolling
തിരുവനന്തപുരം: സംസ്ഥാനത്ത് കള്ളക്കടല്‍ മുന്നറിയിപ്പില്‍ മാറ്റമില്ല. കേരള തീരത്തും തെക്കന്‍ തമിഴ്‌നാടിന്റെ തീരത്തും ഓറഞ്ച് അലര്‍ട്ട് ഇന്നും തുടരും. ഇന്ന് 3.30 വരെ 1.5 മീറ്റര്‍ ഉയരത്തില്‍ തീരമാലകളടിക്കാന്‍ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. കഴിഞ്ഞ ദിവസം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ കടലാക്രമണം ഉണ്ടായിരുന്നു.
താഴ്ന്ന പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തണം. മുന്നറിയിപ്പുകള്‍ ഒരു കാരണവശാലും അവഗണിക്കരുത്. ബീച്ചിലേക്കുള്ള യാത്രകളും കടലില്‍ ഇറങ്ങിയുള്ള വിനോദങ്ങളും ഒഴിവാക്കണം. ഒരു കാരണത്താലും തീരത്ത് കിടന്നുറങ്ങരുത്. മത്സ്യബന്ധന ഉപകരണങ്ങള്‍ സുരക്ഷിതമായി മറ്റൊരിടത്തേക്ക് മാറ്റി സൂക്ഷിക്കുക.
കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്തും തെക്കന്‍ തമിഴ്‌നാട് തീരത്തും ഇന്ന് വൈകീട്ട് 3.30 വരെയാണ് 0.5 മുതല്‍ 1.5 മീറ്റര്‍ ഉയരത്തില്‍ തിരമാലകളടിക്കുക. തിരമാലകളുടെ തീവ്രത കൂടുന്നത് കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം മുന്നറിയിപ്പ് പുറപ്പെടുവിച്ചു.
മുന്നറിയിപ്പ് ഇപ്രകാരം
1. കടലാക്രമണം രൂക്ഷമാകാന്‍ സാധ്യതയുള്ളതുകൊണ്ട് അപകട മേഖലകളില്‍ നിന്ന് അധികൃതരുടെ നിര്‍ദേശം അനുസരിച്ച് മാറി താമസിക്കണം.
2. മത്സ്യബന്ധനത്തിന് ഉപയോഗിക്കുന്ന ഉപകരണങ്ങള്‍ ഹാര്‍ബറില്‍ കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങള്‍ തമ്മില്‍ കൃത്യമായ അകലം പാലിക്കുന്നത് ഇവ തമ്മില്‍ കൂട്ടിയിടിച്ചുണ്ടാകുന്ന അപകടം ഒഴിവാക്കും.
3. ബീച്ചിലേക്കുള്ള യാത്രയും കടലില്‍ ഇറങ്ങിയുള്ള വിനോദവും പൂര്‍ണമായും ഒഴിവാക്കുക.
4. മുന്നറിയിപ്പ് അവസാനിക്കുന്നതുവരെ എല്ലാ ബീച്ചുകളില്‍ നിന്നും ആളുകളെ ഒഴിവാക്കണം.
5. കേരള തീരത്തോട് ചേര്‍ന്ന പ്രദേശങ്ങളില്‍ വള്ളങ്ങളിലും അല്ലെങ്കില്‍ മറ്റ് ചെറിയ യാനങ്ങളിലും രാത്രി 8 മണിക്ക് ശേഷം മത്സ്യബന്ധനം നടത്താന്‍ പാടില്ല.
6. കേരള തീരത്തോട് ചേര്‍ന്ന പ്രദേശങ്ങളില്‍ ഈ മുന്നറിയിപ്പ് പിന്‍വലിക്കും വരെ പൊഴികളില്‍ നിന്നും അഴിമുഖങ്ങളില്‍ നിന്നും മത്സ്യബന്ധനത്തിനായി ചെറിയ യാനങ്ങളില്‍ കടലിലേക്ക് പോകാന്‍ പാടില്ല.