Kerala Weather Update: കുടയെടുത്തോണേ, വേനൽ മഴ ഉണ്ട്; അലർട്ട് ഈ ജില്ലകളിൽ, ഇന്നത്തെ കാലാവസ്ഥ
Kerala Rain Alert Today, April 29: ചിലയിടങ്ങളിൽ ശക്തമായ മഴ പെയ്യുമെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഏപ്രിൽ 30 മുതൽ മെയ് 2 വരെ എല്ലാ ജില്ലകളിലും മഴ അലർട്ട് നൽകിയിട്ടുണ്ട്. വേനൽമഴ കനക്കുമ്പോഴും താപനില ഉയരുന്നത് ആശങ്ക സൃഷ്ടിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം പാലക്കാട് ജില്ലയിൽ 40 °C വരെ താപനില ഉയർന്നേക്കുമെന്നായിരുന്നു പ്രവചനം.

പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: കൊടുംചൂടിനിടെ ആശ്വാസമായി സംസ്ഥാനത്ത് വേനൽമഴ എത്തി. കഴിഞ്ഞ ദിവസങ്ങളിൽ സംസ്ഥാനത്തെ വിവിധ ജില്ലകളിൽ മഴ തകർത്തു. തെക്കൻ ജില്ലകളിൽ കനത്ത മഴയാണ് പെയ്തത്. കൊല്ലത്തെ വിവധ ഭാഗങ്ങളിൽ ആലിപ്പഴം വീണതായും റിപ്പോർട്ടുണ്ട്. അതേസമയം, തൃശൂരിൽ ഇടിമിന്നലേറ്റ് നാല് കുട്ടികൾക്ക് പരിക്കേറ്റു. ഇന്നും ജില്ലകളിൽ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. രാവിലെ തൃശ്ശൂർ ജില്ലയിലെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ നേരിയ, ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും ആലപ്പുഴ,എറണാകുളം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്.
മഴ അലർട്ട്
നേരിയ മഴ സാധ്യത മുൻനിർത്തി എല്ലാ ജില്ലകളിലും ഇന്ന് ഗ്രീൻ അലർട്ടാണ് നൽകിയിട്ടുള്ളത്. വരുംദിവസങ്ങളിലും മഴയ്ക്ക് സാധ്യതയുണ്ട്. ചിലയിടങ്ങളിൽ ശക്തമായ മഴ പെയ്യുമെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഏപ്രിൽ 30 മുതൽ മെയ് 2 വരെ എല്ലാ ജില്ലകളിലും മഴ അലർട്ട് നൽകിയിട്ടുണ്ട്. ഏപ്രിൽ 30ന് കണ്ണൂർ, കാസർഗോഡ്, മെയ് 1ാം തീയതി പത്തനംതിട്ട, ഇടുക്കി, മെയ് 2ന് ആലപ്പുഴ, കോട്ടയം, എറണാകുളം എന്നിവിടങ്ങളിലാണ് ശക്തമായ മഴ സാധ്യത മുൻനിർത്തി യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. മറ്റിടങ്ങളിൽ ഗ്രീൻ അലർട്ടാണ് നൽകിയിട്ടുള്ളത്.
താപനില മുന്നറിയിപ്പ്
വേനൽമഴ കനക്കുമ്പോഴും താപനില ഉയരുന്നത് ആശങ്ക സൃഷ്ടിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം പാലക്കാട് ജില്ലയിൽ 40 °C വരെ താപനില ഉയർന്നേക്കുമെന്നായിരുന്നു പ്രവചനം. കൊല്ലം, കോഴിക്കോട് ജില്ലകളിൽ 38 °C വരെയും പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, മലപ്പുറം, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ 37 °C വരെയും തിരുവനന്തപുരം ജില്ലയിൽ 36°C വരെയും ഉയരാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിരുന്നു. ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ഈ ജില്ലകളിൽ, മലയോര മേഖലകളിലൊഴികെ, ഇന്നലെ ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയാണ് അനുഭവപ്പെടുന്നത്. വരുംദിവസങ്ങളിലും മഴ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും താപനില ഉയരാൻ സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചിട്ടുണ്ട്.
അൾട്രാവയലറ്റ് സൂചിക
താപനില ഉയരുന്നതിനനുസരിച്ച്, സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി സ്ഥാപിച്ച 14 സ്റ്റേഷനുകളിലെ അൾട്രാവയലറ്റ് സൂചികയിലും വ്യത്യാസങ്ങൾ വരുന്നുണ്ട്. ഏറ്റവും ഒടുവിലത്തെ റിപ്പോർട്ട് പ്രകാരം, കോന്നി, ചെങ്ങന്നൂർ, ചങ്ങനാശ്ശേരി, മൂന്നാർ എന്നിവിടങ്ങളിൽ ഓറഞ്ച് അലർട്ടും കൊട്ടാരക്കര, കളമശ്ശേരി,ഒല്ലൂർ, തൃത്താല, പൊന്നാനി, ബേപ്പൂർ, മാനന്തവാടി എന്നിവിടങ്ങളിഷ യെല്ലോ അലർട്ടുമാണ് നൽകിയിട്ടുള്ളത്. യുവി ഇൻഡക്സ് 6 മുതൽ 7 വരെ യെല്ലോ അലർട്ടും 8 മുതൽ 10 വരെ ഓറഞ്ച് അലർട്ടുമാണ് നൽകുന്നത്. സൂചിക 11ന് മുകളിൽ പോകുന്ന സാഹചര്യങ്ങളിലാണ് റെഡ് അലർട്ട് പ്രഖ്യാപിക്കുക.
ALSO READ: വരും മണിക്കൂറിൽ ഇടിമിന്നലോടെ മഴ, ചൂട് കുറയും?; ഇന്നത്തെ കാലാവസ്ഥ
ജാഗ്രത നിർദേശം
- പകൽ 11 മുതൽ 3 വരെ പുറത്തിറങ്ങുന്നതും കൂടുതൽ സമയം ശരീരരത്തിൽ വെയിലേൽക്കുന്നതും പരമാവധി ഒഴിവാക്കുക.
- ലോക്ക്ഡൗണിന് സമാനമായ ജാഗ്രത ആവശ്യമായതിനാൽ പകൽ സമയത്ത് ജനങ്ങൾ സ്വയം ലോക്ക്ഡൌൺ ചെയ്യണമെന്നും അധികൃതർ അഭ്യർത്ഥിച്ചിട്ടുണ്ട്.
- ഹൃദ്രോഗം, പ്രമേഹം, ചർമരോഗങ്ങൾ, കാൻസർ പോലെയുള്ള ആരോഗ്യ പ്രശ്നങ്ങൾ ഉള്ളവരും പ്രായമായവർ, ഗർഭിണികൾ, മുലയൂട്ടുന്ന അമ്മമാർ, കുട്ടികൾ, ആൽബനിസം പോലെയുള്ള അവസ്ഥയുള്ളവർ എല്ലാം പുറത്തിറങ്ങുന്നത് നിർബന്ധമായും ഒഴിവാക്കണം.
- പുറം പണികളിൽ ഏർപ്പെടുന്നത് പകൽ സമയത്ത് പൂർണ്ണമായി ഒഴിവാക്കണം.
- വീട്ടു ജോലിയിൽ ഉൾപ്പെടെ ഏർപ്പെടുന്നവർ കൃത്യമായ ഇടവേളകളിൽ അൽപസമയം വിശ്രമിക്കാനും ശ്രദ്ധിക്കണം.
- പുറത്തിറങ്ങുന്നവർ നിർബന്ധമായും കുട ഉപയോഗിക്കണം. പാദരക്ഷകൾ ധരിക്കണം.
- സൺഗ്ലാസുപയോഗിക്കാൻ സാധിക്കുന്നവർ അതുപയോഗിക്കണം. ഇളം നിറത്തിലുള്ള അയഞ്ഞ കോട്ടൺ വസ്ത്രങ്ങൾ ധരിക്കുന്നതാണ് നല്ലത്.
- തളർച്ച അനുഭവപ്പെട്ടാൽ ഉടനെ വൈദ്യസഹായം തേടണം.
- ധാരാളമായി വെള്ളം കുടിക്കാനും വിശ്രമിക്കാനും പോഷക സമൃദ്ധമായതും നിർജ്ജലീകരണം ഉണ്ടാക്കാത്തതുമായ ഭക്ഷണം കഴിക്കാനും ശ്രദ്ധിക്കുക.
English Summary:
Meteorological Department has Predicted the possibility of summer rains in various districts in Kerala on April 29. IMD declared green alert in 14 districts. Although there is a possibility of rain, Meteorological Department also advised people to be cautious as temperature is likely to rise.