Kerala Weather Update: ഇടിമിന്നലോട് കൂടിയ മഴ; ഇന്ന് 4 ജില്ലകളിൽ യെല്ലോ അലർട്ട്
Kerala Weather Updates: ഇന്ന് മധ്യ പടിഞ്ഞാറൻ അറബിക്കടൽ, അതിനോട് ചേർന്ന തെക്ക് പടിഞ്ഞാറൻ അറബിക്കടൽ, വടക്ക് പടിഞ്ഞാറൻ അറബിക്കടൽ എന്നിവിടങ്ങളിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 65 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിന് സാധ്യതയുണ്ട്.
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും മഴ മുന്നറിയിപ്പ്. ഇന്ന് ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. നാല് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കോട്ടയം, എറണാകുളം, തൃശ്ശൂർ, കാസർകോട് ജില്ലകളിലാണ് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയുള്ളതിനാൽ അലർട്ടുള്ളത്. 24 മണിക്കൂറിൽ 64.5 mm മുതൽ 115.5 mm വരെ മഴ ലഭിക്കുമെന്ന സാഹചര്യത്തെയാണ് ശക്തമായ മഴ കൊണ്ട് സൂചിപ്പിക്കുന്നത്.
ഇടിമിന്നലോട് കൂടിയ മഴയാണ് പ്രവചിച്ചിട്ടുള്ളത്. അതിനാൽ മുൻകരുതൽ സ്വീകരിക്കുന്നതില്‍ നിന്നും വിട്ടുനിൽക്കരുതെന്ന് കാലാവസ്ഥ വകുപ്പ് മുന്നറയിപ്പ് നൽകി. ഇന്ന് മധ്യ പടിഞ്ഞാറൻ അറബിക്കടൽ, അതിനോട് ചേർന്ന തെക്ക് പടിഞ്ഞാറൻ അറബിക്കടൽ, വടക്ക് പടിഞ്ഞാറൻ അറബിക്കടൽ എന്നിവിടങ്ങളിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 65 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിന് സാധ്യതയുണ്ട്.
ഇടിമിന്നൽ മുന്നറിയിപ്പുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇടിമിന്നലുള്ള സമയത്ത് ടെറസിലോ മറ്റ് ഉയരമുള്ള സ്ഥലങ്ങളിലോ മരക്കൊമ്പിലോ ഇരിക്കുന്നത് അപകടകരമാണെന്നും അതിനാൽ ഇത്തരം സാഹചര്യങ്ങളിൽ സുരക്ഷിതമായ സ്ഥലത്തേക്ക് മാറണമെന്നും അധികൃതർ നിർദേശിച്ചു.
അതേസമയം, ജൂണ്‍ ഒന്നാം തീയതി മുതല്‍ ഇതുവരെ കേരളത്തില്‍ മഴയുടെ മൊത്തത്തിലുള്ള കുറവ് ഇപ്പോള്‍ 15 ശതമാനമായി വര്‍ധിച്ചിട്ടുണ്ടെന്നാണ് വിവരം. ഓഗസ്റ്റ് 1 മുതല്‍ 11 വരെ സാധാരണ ലഭിക്കേണ്ട ശരാശരി മഴയായ 179 മില്ലിമീറ്റര്‍ മഴയെ അപേക്ഷിച്ച് കേരളത്തില്‍ 75.4 മില്ലിമീറ്റര്‍ മഴ മാത്രമാണ് ലഭിച്ചതെന്നും റിപ്പോർട്ടുണ്ട്.