Independence Day: ഓഗസ്റ്റ് 14ന് വിഭജന ഭീതി ദിനം ആചരിക്കണമെന്ന് ഗവര്‍ണര്‍; ഭരണഘടനാ വിരുദ്ധമെന്ന് സര്‍ക്കാര്‍
Rajendra Arlekar's Statement About Independence Day: ഓഗസ്റ്റ് 15 എന്നത് സാമ്രാജ്യ വിരുദ്ധ പോരാട്ടത്തിന്റെയും അതിനെ നേരിടാന്‍ ബ്രിട്ടീഷുകള്‍ അഴിച്ചുവിട്ട ക്രൂരതകളുടെയും ഓര്‍മപ്പെടുത്തലാണ്. സ്വാതന്ത്ര്യത്തിന് 78 വയസാകുമ്പോള്‍ അതിന് പുറമെ ഒരു ദിനാചരണം വേണമെന്ന് പറയുന്നത് സംഘ പരിവാര്‍ ബുദ്ധി കേന്ദ്രങ്ങളുടേതാണ്.
തിരുവനന്തപുരം: ഓഗസ്റ്റ് 14ന് വിഭജന ഭീതി ദിനം ആചരിക്കണമെന്ന ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കറുടെ നിര്‍ദേശത്തെ എതിര്‍ത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍. ഈ നിര്‍ദേശം ഭരണഘടനാ വിരുദ്ധമെന്ന് മുഖ്യമന്ത്രി പറഞ്ഞു. വിഷയത്തില്‍ വിസിമാര്‍ക്ക് ഗവര്‍ണര്‍ സര്‍ക്കുലര്‍ അയച്ചത് പ്രതിഷേധാര്‍ഹമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഓഗസ്റ്റ് 15 എന്നത് സാമ്രാജ്യ വിരുദ്ധ പോരാട്ടത്തിന്റെയും അതിനെ നേരിടാന്‍ ബ്രിട്ടീഷുകള്‍ അഴിച്ചുവിട്ട ക്രൂരതകളുടെയും ഓര്‍മപ്പെടുത്തലാണ്. സ്വാതന്ത്ര്യത്തിന് 78 വയസാകുമ്പോള്‍ അതിന് പുറമെ ഒരു ദിനാചരണം വേണമെന്ന് പറയുന്നത് സംഘ പരിവാര്‍ ബുദ്ധി കേന്ദ്രങ്ങളുടേതാണ്. സ്വാതന്ത്ര്യ സമരത്തില്‍ യാതൊരു പങ്കുമില്ലാത്ത, ബ്രിട്ടീഷുകാരുടെ പാദസേവ ചെയ്തവര്‍ക്കാണ് സ്വാതന്ത്ര്യ ദിനത്തെ താഴിത്തിക്കെട്ടേണ്ടതെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
ബ്രിട്ടീഷ് വൈസ്രോയിയയെ കണ്ട് പിന്തുണയറിയിക്കുകയും തങ്ങള്‍ ബ്രിട്ടീഷ് രാജിനെതിരല്ലെന്നും വ്യക്തമാക്കുകയും ചെയ്ത അതേ മാനസികാവസ്ഥയിലാണ് സംഘപരിവാര്‍ ഇന്നും ജീവിക്കുന്നത്. രാജ്യത്തെ നാനാജാതി മതസ്ഥരും ഒരുമിച്ചുനിന്ന സ്വാതന്ത്ര്യ സമരത്തോട് മുഖംതിരിച്ച് നിന്ന രാഷ്ട്രീയം അതുപോലെ പിന്‍പറ്റുന്നവരാണ് ഇപ്പോള്‍ വിഭജന ഭീതിയെ കുറിച്ച് പറയുന്നത്.




ബ്രിട്ടീഷ് ഭരണകൂടത്തിന്റെ ഭിന്നിപ്പിച്ച് ഭരിക്കല്‍ തന്ത്രത്തിന്റെ ഫലമാണ് ഇന്ത്യാ വിഭജനവും വിഭജനാനന്തര കലാപവുമെന്ന് പഴയ ബ്രിട്ടീഷ് ദാസന്മാര്‍ മറുന്നുപോകുന്നു. ഇന്ത്യ വിഭജനത്തിന്റെ സമയത്ത് കലാപം ഉണ്ടായപ്പോള്‍ അതിനെ നിയന്ത്രിക്കാന്‍ ശ്രമിച്ച മഹാത്മാ ഗാന്ധിയെ ഉള്‍പ്പെടെ അപഹസിച്ച കൂട്ടരാണ് ഇവര്‍.
വിഭജന രാഷ്ട്രീയ അജണ്ടകള്‍ക്ക് അനുസരിച്ച് പ്രവര്‍ത്തന പദ്ധതികള്‍ രാജ് ഭവനില്‍ നിന്നും പുറപ്പെടുവിക്കുന്നത് ഭരണഘടനാ വിരുദ്ധമാണ്. ഓഗസ്റ്റ് 14ന് വിഭജന ഭീതിയുടെ ഓര്‍മദിനമായി ആചരിക്കാന്‍ സര്‍ക്കുലര്‍ അയച്ച ഗവര്‍ണറുടെ നടപടി പ്രതിഷേധാര്‍ഹമാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.