Vande Bharat: കോഴിക്കോട് നിന്ന് ബെംഗളൂരുവിലേക്ക് വന്ദേ ഭാരത്; എപ്പോള്‍ കയറാം?
Kozhikode to Bengaluru Vande Bharat: വടക്കന്‍ കേരളത്തിലുള്ളവരെ, പ്രത്യേകിച്ച് കോഴിക്കോട്, മലപ്പുറം ജില്ലകളിലുള്ളവരെ സംബന്ധിച്ച് പല ആവശ്യങ്ങള്‍ക്കായും അവര്‍ക്ക് ബെംഗളൂരുവിലേക്ക് പോകേണ്ടതുണ്ട്. നിലവില്‍ രണ്ടേ രണ്ട് ട്രെയിനുകളാണ് കോഴിക്കോടിനെയും ബെംഗളൂരുവിനെയും തമ്മില്‍ ബന്ധിപ്പിച്ചുകൊണ്ട് സര്‍വീസ് നടത്തുന്നത്.
കോഴിക്കോട്: മലബാറുകാരുടെ ദീര്‍ഘനാളായുള്ള ആവശ്യങ്ങളിലൊന്നാണ് കോഴിക്കോട് നിന്ന് ബെംഗളൂരുവിലേക്ക് നേരിട്ടൊരു വന്ദേ ഭാരത് എക്‌സ്പ്രസ്. ഇതിനോടകം തന്നെ ഈ ആവശ്യം യാത്രക്കാര്‍ ശക്തമായി റെയില്‍വേയെ അറിയിച്ചിട്ടുണ്ട്. പല കാരണങ്ങള്‍ നിരത്തിയാണ് വന്ദേ ഭാരത് ട്രെയിന്‍ കോഴിക്കോടുമായി ബന്ധിപ്പിക്കാന്‍ സാധിക്കില്ലെന്ന് റെയില്‍വേ പറയുന്നത്. സേലത്തിനും കോയമ്പത്തൂരിനും ഇടയില്‍ ഇപ്പോള്‍ തന്നെ സര്‍വീസ് നടത്തുന്നത് ശേഷിയിലും അധികം ട്രെയിനുകളാണെന്നാണ് റെയില്‍വേയുടെ വാദം.
എന്നാല്‍ വടക്കന്‍ കേരളത്തിലുള്ളവരെ, പ്രത്യേകിച്ച് കോഴിക്കോട്, മലപ്പുറം ജില്ലകളിലുള്ളവരെ സംബന്ധിച്ച് പല ആവശ്യങ്ങള്‍ക്കായും അവര്‍ക്ക് ബെംഗളൂരുവിലേക്ക് പോകേണ്ടതുണ്ട്. നിലവില്‍ രണ്ടേ രണ്ട് ട്രെയിനുകളാണ് കോഴിക്കോടിനെയും ബെംഗളൂരുവിനെയും തമ്മില്‍ ബന്ധിപ്പിച്ചുകൊണ്ട് സര്‍വീസ് നടത്തുന്നത്. എല്ലാ ദിവസങ്ങളിലും സര്‍വീസ് നടത്തുന്ന യശ്വന്ത്പുര്‍ എക്‌സ്പ്രസും, തിങ്കളാഴ്ചകളില്‍ മാത്രം ഓടുന്ന മംഗളൂരു സെന്‍ട്രല്‍ യശ്വന്ത്പുര്‍ എക്‌സ്പ്രസുമാണത്.
വന്ദേ ഭാരത് ട്രെയിനില്‍ ബെംഗളൂരുവില്‍ എത്തണമെങ്കില്‍ ഈ ജില്ലക്കാര്‍ എറണാകുളം-ബെംഗളൂരു വന്ദേ ഭാരത് എക്‌സ്പ്രസിനെ ആശ്രയിക്കേണ്ടതായി വരും. ബെംഗളൂരുവില്‍ നിന്ന് നാട്ടിലേക്കും ഇവിടെ നിന്നും തിരിച്ചും സുഖകരമായ യാത്ര അനുഭവിക്കാന്‍ വന്ദേ ഭാരത് യാത്രക്കാരെ അനുവദിക്കുന്നു. മലബാറുകാര്‍ ഒട്ടും വിഷമിക്കേണ്ട നിങ്ങള്‍ക്കും വന്ദേ ഭാരത് സേവനം പ്രയോജനപ്പെടുത്താവുന്നതാണ്.
Also Read: കോഴിക്കോട്-ബെംഗളൂരു വന്ദേ ഭാരത് വരുന്നു? എന്ന് പ്രതീക്ഷിക്കാം?
കോയമ്പത്തൂര്‍ വഴി കടന്നുപോകുന്ന ഈ ട്രെയിനില്‍ നിങ്ങള്‍ക്ക് പാലക്കാട് നിന്ന് കയറാം. ആറ് ദിവസമാണ് ഈ ട്രെയിന്‍ സര്‍വീസ് നടത്തുന്നത്. ബുധനാഴ്ചകളില്‍ തീവണ്ടി ഉണ്ടാകില്ല. എറണാകുളം ജങ്ഷനില്‍ നിന്ന് ഉച്ചയ്ക്ക് 2.20ന് ആരംഭിക്കുന്ന ട്രെയിന്‍ രാത്രി 11 മണിക്ക് ബെംഗളൂരുവില്‍ എത്തിച്ചേരും. രാവിലെ 5.10നാണ് ബെംഗളൂരുവില്‍ നിന്നുള്ള യാത്ര ആരംഭിക്കുന്നത്. ഇത് 1.50ന് എറണാകുളത്ത് എത്തിച്ചേരും.
വൈകിട്ട് 4.20നാണ് പാലക്കാട് ജങ്ഷനില്‍ ഈ ട്രെയിന്‍ എത്തുന്നത്. ഈ സമയത്തിനുള്ളില്‍ സ്റ്റേഷനില്‍ എത്തുന്നതിനായി നിങ്ങള്‍ക്ക് 10.35 ന് കോഴിക്കോട് നിന്ന് പുറപ്പെടുന്ന മംഗളൂരു ചെന്നൈ എക്‌സ്പ്രസിന് കയറാവുന്നതാണ്. തൃശൂര്‍, പാലക്കാട്, കോയമ്പത്തൂര്‍, തിരുപ്പൂര്‍, ഈറോഡ്, സേലം, കൃഷ്ണരാജപുരം എന്നിവിടങ്ങളിലാണ് ഈ ട്രെയിനിന് സ്റ്റോപ്പുകളുള്ളത്.