Kochi New Year 2026 Celebration: മെട്രോ, വാട്ടര്‍ മെട്രോ, ഇ ഫീഡര്‍ ബസ്…ആഘോഷം കഴിഞ്ഞ് വേഗം മടങ്ങാം
Kochi Metro New Year Night Service Schedule: ആഘോഷങ്ങള്‍ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിപോകുന്നതില്‍ ഇത്തവണ ബുദ്ധിമുട്ടുകള്‍ ഉണ്ടാകില്ല. കൊച്ചിയിലെത്തുന്നവര്‍ക്ക് മികച്ച യാത്ര സൗകര്യം ഒരുക്കിയിരിക്കുകയാണ് അധികൃതര്‍.

Kochi Metro
കൊച്ചി: പുതുവര്‍ഷത്തെ വരവേല്‍ക്കാന്‍ കൊച്ചി ഒരുങ്ങിക്കഴിഞ്ഞു. പാപ്പാഞ്ഞിയെ കത്തിക്കുന്നതോടെ 2025 നോട് വിടപറഞ്ഞ് മലാളികള്‍ 2026ലേക്ക് കടക്കും. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ആളുകളാണ് ന്യൂയര്‍ ആഘോഷിക്കാനായി കൊച്ചിയിലേക്ക് എത്തുന്നത്. എന്നാല്‍ ആഘോഷങ്ങള്‍ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിപോകുന്നതില്‍ ഇത്തവണ ബുദ്ധിമുട്ടുകള്‍ ഉണ്ടാകില്ല. കൊച്ചിയിലെത്തുന്നവര്‍ക്ക് മികച്ച യാത്ര സൗകര്യം ഒരുക്കിയിരിക്കുകയാണ് അധികൃതര്‍.
ഇ ഫീഡര്‍ ബസ്
പുതുവര്‍ഷ തിരക്ക് കണക്കിലെടുത്ത് കൊച്ചി മെട്രോ, വാട്ടര്‍ മെട്രോ, ഇ ഫീഡര്‍ ബസ് എന്നിവ കൂടുതല്‍ സര്‍വീസ് നടത്തുന്നതാണ്. ഡിസംബര്‍ 31 ബുധനാഴ്ച രാത്രി 12 മുതല്‍ പുലര്‍ച്ചെ നാല് വരെ നഗരത്തില്‍ ഇലക്ട്രിക് ഫീഡര്‍ ബസ് സേവനം ഉണ്ടാകും. വൈപ്പിന്‍ മുതല്‍ ഹൈക്കോര്‍ട്ട് വരെയുള്ള റൂട്ടിലായിരിക്കും ഇ ബസ് സര്‍വീസ് നടത്തുക.
ഇതിന് പുറമെ, ഹൈക്കോര്‍ട്ടില്‍ നിന്ന് മെട്രോ സ്‌റ്റേഷനുകളുമായും എറണാകുളം സൗത്ത് റെയില്‍വേ സ്‌റ്റേഷനുമായും ബന്ധിപ്പിക്കുന്ന തരത്തിലുള്ള സര്‍വീസുമുണ്ടാകും. ഹൈക്കോര്‍ട്ട് മുതല്‍ എംജി റോഡ് സര്‍ക്കുലര്‍ സര്‍വീസ് രാത്രി 12 മുതല്‍ പുലര്‍ച്ചെ 4 വരെ നിങ്ങള്‍ക്ക് പ്രയോജനപ്പെടുത്താം.
കൊച്ചി മെട്രോ
ജനുവരി 1 വ്യാഴാഴ്ച പുലര്‍ച്ചെ 1.30 വരെയാണ് കൊച്ചി മെട്രോ ട്രെയിനുകള്‍ സര്‍വീസ് നടത്തുക. 20 മിനിറ്റ് ഇടവേളയില്‍ ട്രെയിന്‍ സര്‍വീസ് നടത്താനാണ് പദ്ധതിയിട്ടിരിക്കുന്നത്. ആലുവയില്‍ നിന്നും തൃപ്പൂണിത്തുറയില്‍ നിന്നുമുള്ള അവസാന സര്‍വീസ് പുലര്‍ച്ചെ 1.30നായിരിക്കും. ഇടപ്പള്ളി സ്റ്റേഷനില്‍ നിന്ന് ആലുവയിലേക്കും തൃപ്പൂണിത്തുറയിലേക്കുമുള്ള അവസാന സര്‍വീസ് പുലര്‍ച്ചെ രണ്ടിനാകും.
വാട്ടര്‍ മെട്രോ
ഹൈക്കോടതി മുതല്‍ മട്ടാഞ്ചേരി വരെ, ഹൈക്കോടതി മുതല്‍ വൈപ്പിന്‍ വരെ, ഹൈക്കോടതി മുതല്‍ ഫോര്‍ട്ട് കൊച്ചി വരെയുള്ള പതിവ് സര്‍വീസുകള്‍ സാധാരണയായി രാത്രി ഏഴ് മണിക്ക് അവസാനിക്കും. എന്നാല്‍ പുതുവത്സരാഘോഷം കണക്കിലെടുത്ത് അര്‍ധരാത്രി 12 മുതല്‍ നാല് മണി വരെ ഹൈക്കോടതി-മട്ടാഞ്ചേരി, ഹൈക്കോടതി-വൈപ്പിന്‍ റൂട്ടുകളില്‍ പ്രത്യേക സര്‍വീസ് ഉണ്ടാകും.