AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Kadavanthra Student Missing: 13കാരനെ കാണാതായ സംഭവം; തൊടുപുഴയ്ക്ക് പോയത് യൂട്യൂബ് വീഡിയോ കണ്ട്, കൈനോട്ടക്കാരൻ കസ്റ്റഡിയിൽ

Kochi Missing Student Found Case Updates: കുട്ടി തൊടുപുഴയിൽ ഇറങ്ങിയത് മുതൽ കൈനോട്ടക്കാരൻ കുട്ടിയെ കസ്റ്റഡിയില്‍ വെച്ചെന്ന് പോലീസ് പറഞ്ഞു. തുടർന്ന്, ഇയാളുടെ വീട്ടിലേക്ക് കുട്ടിയെ കൂട്ടിക്കൊണ്ടുപോയതായും കുട്ടിയുടെ ദേഹത്ത് മുറിവേൽപ്പിക്കാൻ ശ്രമിച്ചതായും പോലീസ് പറഞ്ഞു.

Kadavanthra Student Missing: 13കാരനെ കാണാതായ സംഭവം; തൊടുപുഴയ്ക്ക് പോയത് യൂട്യൂബ് വീഡിയോ കണ്ട്, കൈനോട്ടക്കാരൻ കസ്റ്റഡിയിൽ
പ്രതി ശശികുമാർ
Nandha Das
Nandha Das | Updated On: 28 May 2025 | 01:31 PM

തൊടുപുഴ: കൊച്ചി ഇടപ്പള്ളിയിൽ നിന്ന് കാണാതായ 13കാരനെ തൊടുപുഴയിൽ നിന്ന് കണ്ടെത്തിയ സംഭവത്തിൽ തൊടുപുഴയിലെ കൈനോട്ടക്കാരനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ചൊവ്വാഴ്ച കാണാതായ കുട്ടിയെ ബുധനാഴ്ച രാവിലെയാണ് തൊടുപുഴയിൽ നിന്ന് കണ്ടെത്തിയത്. കുട്ടി തന്റെ കൂടെ ഉണ്ടെന്ന കാര്യം വിളിച്ചു പറഞ്ഞതും ഇയാൾ തന്നെയായിരുന്നു. സംഭവത്തിൽ കൈനോട്ടക്കാരനായ ശശികുമാറിനെതിരെ പോക്സോ വകുപ്പുകള്‍ ചുമത്തി തൊടുപുഴ പൊലീസ് കേസെടുക്കും. പോക്സോയിലെ ഏഴ്, എട്ട് വകുപ്പുകള്‍ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്യുക.

കുട്ടി തൊടുപുഴയിൽ ഇറങ്ങിയത് മുതൽ കൈനോട്ടക്കാരൻ കുട്ടിയെ കസ്റ്റഡിയില്‍ വെച്ചെന്ന് പോലീസ് പറഞ്ഞു. തുടർന്ന്, ഇയാളുടെ വീട്ടിലേക്ക് കുട്ടിയെ കൂട്ടിക്കൊണ്ടുപോയതായും കുട്ടിയുടെ ദേഹത്ത് മുറിവേൽപ്പിക്കാൻ ശ്രമിച്ചതായും പോലീസ് പറഞ്ഞു. കുട്ടിയുടെ മുഖത്ത് ഇതിന്‍റെ പാട് ഉണ്ടെന്നും പോലീസ് വ്യക്തമാക്കി. കൊച്ചി എളമക്കര പോലീസിന് പ്രതിയെ കൈമാറും.

അതേസമയം, കുട്ടി തൊടുപുഴയിൽ എത്തിയത് സിനിമ ലൊക്കേഷൻ കാണാൻ ആണെന്നാണ് വിവരം. തൊടുപുഴയെ കുറിച്ചുള്ള വീഡിയോകൾ കണ്ടത് യുട്യൂബിൽ ആണെന്നും തൊടുപുഴയിലെ യുട്യൂബറുടെ ആരാധകനാണെന്നും കുട്ടി പറഞ്ഞു. പിതാവ് മുൻപ് എപ്പോഴോ നൽകിയ പണം കുട്ടിയുടെ കൈവശം ഉണ്ടായിരുന്നു. ഇത് ഉപയോഗിച്ചാണ് കുട്ടി തൊടുപുഴ കാണാൻ പോയതെന്നും കൗൺസിലിങ് കൊടുക്കുന്നുണ്ടെന്നും പോലീസ് അറിയിച്ചു.

കുട്ടിയെ കണ്ടെത്തിയ വിവരം വിളിച്ച് പറഞ്ഞത് തൊടുപുഴ ബസ്റ്റാൻഡിലെ കൈ നോട്ടക്കാരനാണെന്ന് കുട്ടിയുടെ പിതാവ് നേരത്തെ പറഞ്ഞിരുന്നു. സിസിടിവി ദൃശ്യങ്ങൾ പിന്തുടർന്ന് ഇന്നലെ തന്നെ കുട്ടിയുടെ ബന്ധുക്കൾ മൂവാറ്റുപുഴ വരെ എത്തിയിരുന്നു. തുടർന്നാണ്, കുട്ടി തൊടുപുഴയിൽ ഉണ്ടെന്ന വിവരം ലഭിച്ചതെന്നും പിതാവ് പറഞ്ഞു.

എറണാകുളം കൊച്ചി കടവന്ത്ര സ്വദേശിയായ പതിമൂന്നുകാരൻ, ചൊവ്വാഴ്ച രാവിലെ എട്ടാം ക്ലാസിലെ സേ പരീക്ഷ എഴുതാനായി പോയതാണ്. പരീക്ഷ നേരത്തെ എഴുതി കഴിഞ്ഞ കുട്ടി ഒൻപതരയോടെ സ്‌കൂളിൽ നിന്നും മടങ്ങിയതായി അധ്യാപകർ അറിയിച്ചിരുന്നു. തുടർന്ന് ഉച്ചയ്ക്ക് രണ്ട് മണിയായിട്ടും കുട്ടി തിരികെ എത്താതായതോടെ രക്ഷിതാക്കൾ സ്‌കൂളുമായി ബന്ധപ്പെടുകയും പിന്നീട് പോലീസ് സ്റ്റേഷനിൽ പരാതി നൽകുകയും ചെയ്തു.

ALSO READ: കോവിഡ് വീണ്ടും എത്തിയേ; യാത്ര പോകുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം

സ്‌കൂളിൽ നിന്ന് കുട്ടി ഇറങ്ങി പോകുന്നതിന്റെയും ഇടപ്പള്ളി ലുലു മാളിന് സമീപത്തിലൂടെ നടന്ന് പോകുന്നതിന്റെയും സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിരുന്നു. നഗരത്തിലെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ കുട്ടി തൊടുപുഴയിലേക്ക് ബസ് കയറിയതായി ഇന്നലെ തന്നെ പോലീസിന് വിവരം ലഭിച്ചിരുന്നു. തുടര്‍ന്ന് ഇന്ന് രാവിലെയാണ് കുട്ടിയെ കണ്ടെത്തിയത്.