Kochi Ship Accident: കടലിൽ വീണത് മറൈൻ ഓയിലും രാസവസ്തുക്കളും; ജീവനക്കാരെല്ലാം സുരക്ഷിതരെന്ന് സൂചന
Marine Oil Spilled In Arabian Sea: അപകടത്തിൽ പെട്ട കണ്ടെയ്നർ കപ്പലിലുണ്ടായിരുന്നത് മറൈൻ ഓയിലും രാസവസ്തുക്കളുമെന്ന് വിവരം. കപ്പലിലുണ്ടായിരുന്ന ജീവനക്കാരൊക്കെ സുരക്ഷിതരാണ്.

കൊച്ചിയിൽ കണ്ടെയ്നർ കപ്പൽ അപകടത്തിൽ പെട്ട് കടലിൽ വീണത് മറൈൻ ഓയിലും രാസവസ്തുക്കളും എന്ന് വിവരം. കപ്പലിൽ 24 ജീവനക്കാരാണ് ഉണ്ടായിരുന്നത്. ഇവർ എല്ലാവരും സുരക്ഷിതരാണെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഈ മാസം 25നാണ് അറബിക്കടലിലെ ചുഴിയിൽ പെട്ട് കപ്പൽ അപകടത്തിൽ പെട്ടത്.
വിഴിഞ്ഞത്ത് നിന്നും കൊച്ചിയിലേക്ക് പോയ കണ്ടെയ്നർ കപ്പലാണ് ആലപ്പുഴയ്ക്ക് സമീപത്തുവച്ച് ഉൾക്കടലിൽ ചരിഞ്ഞത്. ലൈബീരിയൻ പതാകയുള്ള എംഎസ്‌സി എൽസ 3 എന്ന ഫീഡർ കപ്പലാണ് ചരിഞ്ഞത്. അപകടത്തിന് പിന്നാലെ കപ്പലിലുണ്ടായിരുന്ന കണ്ടെയ്‌നറുകൾ കടലിൽ വീണു. ഈ കണ്ടെയ്നറിൽ അപകടകരമായ വസ്തുക്കളാണുള്ളതെന്നും ആരും ഇത് എടുക്കരുതെന്നും ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകിയിരുന്നു. ഈ കണ്ടെയ്നറിൽ മറൈൻ ഓയിലും രാസവസ്തുക്കളുമാണെന്നാണ് ഇപ്പോൾ ലഭിക്കുന്ന സൂചനകൾ. സൾഫർ അടങ്ങിയ ദ്രാവകമാണ് ഇത്. ഇവ കടലിൽ പരന്നാൽ അപകടകരമായ സാഹചര്യമുണ്ടാവും.
ഈ മാസം 23നാണ് കപ്പല്‍ വിഴിഞ്ഞത്തുനിന്ന് പുറപ്പെട്ടത്. 184 മീറ്റര്‍ നീളവും 26 മീറ്റര്‍ വിസ്താരവുമുള്ള കപ്പലാണ് ഇത്. കപ്പലിൽ നാനൂറോളം കണ്ടെയ്നറുകൾ ഉണ്ടായിരുന്നു. വിഴിഞ്ഞത്തുനിന്ന് കൊച്ചിയിലേക്കും കൊച്ചിയിൽ നിന്ന് തൂത്തുക്കിടിയിലേക്കുമായിരുന്നു സഞ്ചാരപാത. തൂത്തുക്കുടിയിൽ നിന്നാണ് കപ്പൽ വിഴിഞ്ഞത്തെത്തിയത്. മെയ് 21ന് രാത്രി എട്ടരയോടെ വിഴിഞ്ഞത്തെത്തിയ കപ്പൽ 23ന് ഉച്ചയ്ക്ക് രണ്ടരയോടെയാണ് കൊച്ചിയിലേക്ക് പുറപ്പെട്ടത്. 24ന് വൈകിട്ട് നാലരയോടെയാണ് കപ്പൽ കൊച്ചി എത്തേണ്ടിയിരുന്നത്. ഈ യാത്രയ്ക്കിടെയായിരുന്നു അപകടം.
ജീവനക്കാരിൽ 21 പേരെ രക്ഷപ്പെടുത്തി കരയിലെത്തിച്ചു. കപ്പലിൻ്റെ നിയന്ത്രണത്തിനായി മൂന്ന് പേർ കപ്പലിൽ തന്നെ തുടരുകയാണ്. ഫിലിപ്പീൻസ് സ്വദേശികളായ 20 പേരും രണ്ട് യുക്രൈൻ സ്വദേശികളും ഒന്ന് വീതം ജോർജിയ, റഷ്യ സ്വദേശികളുമാണ് കപ്പലിൽ ഉണ്ടായിരുന്നത്.