Kochi-Theni Highway: ആ പാത ഉണ്ടാകില്ല; കൊച്ചിയുടെ സ്വപ്‌നങ്ങള്‍ കണ്ണീരിലാണ്ടു
Kochi Theni Greenfield Highway Cancelled: ഹൈറേഞ്ച് മേഖലയില്‍ ഭൂമി ഏറ്റെടുക്കുന്നതും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതും വന്‍ സാമ്പത്തിക ബാധ്യത ഉണ്ടാകുമെന്ന് ചൂണ്ടിക്കാട്ടിയാണ് പദ്ധതി നിര്‍ത്തിവെച്ചത്. മാത്രമല്ല, മലയോര മേഖലയിലെ പാരിസ്ഥിതിക പ്രശ്‌നങ്ങളും പദ്ധതിയ്ക്ക് തിരിച്ചടിയായേക്കുമെന്ന് വിലയിരുത്തലുണ്ട്. സാമ്പത്തിക ബുദ്ധിമുട്ടുകള്‍ കണക്കിലെടുത്ത് ഡിപിആര്‍ നടപടികള്‍ ഉള്‍പ്പെടെ നിര്‍ത്തിവെച്ചു.

പ്രതീകാത്മക ചിത്രം
കൊച്ചി: എറണാകുളം-ഇടുക്കി ജില്ലക്കാരുടെ സ്വപ്‌നപദ്ധതിയായ കൊച്ചി-തേനി ഗ്രീന്‍ഫീല്‍ഡ് ഹൈവേ പദ്ധതി ഉപേക്ഷിച്ചതായി ദേശീയപാത അതോറിറ്റി. ഇടുക്കി ജില്ലയില്‍ നടന്നിരുന്ന ഹൈവേ പ്രൊജക്ടിന്റെ സാധ്യത പഠനവും നിര്‍ത്തിവെച്ചിരിക്കുകയാണ്. തേനിയിലേക്ക് അതിവേഗ പാത എത്തുന്നത് ഇരുജില്ലകളിലെയും യാത്രക്കാര്‍ക്ക് ഏറെ നേട്ടം സമ്മാനിക്കുമായിരുന്നു. എന്നാല്‍ നിലവിലെ റിപ്പോര്‍ട്ടുകള്‍ പ്രദേശവാസികള്‍ക്ക് നിരാശ നല്‍കുന്നു.
ഇടിവി ഭാരതിന്റെ റിപ്പോര്‍ട്ടിലാണ് കൊച്ചി-തേനി പാത ഇനിയുണ്ടാകില്ലെന്ന് പരാമര്‍ശിക്കുന്നത്. ഹൈറേഞ്ച് മേഖലയില്‍ ഭൂമി ഏറ്റെടുക്കുന്നതും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതും വന്‍ സാമ്പത്തിക ബാധ്യത ഉണ്ടാകുമെന്ന് ചൂണ്ടിക്കാട്ടിയാണ് പദ്ധതി നിര്‍ത്തിവെച്ചത്. മാത്രമല്ല, മലയോര മേഖലയിലെ പാരിസ്ഥിതിക പ്രശ്‌നങ്ങളും പദ്ധതിയ്ക്ക് തിരിച്ചടിയായേക്കുമെന്ന് വിലയിരുത്തലുണ്ട്.
കൊച്ചിയില്‍ നിന്ന് ആരംഭിച്ച് മൂവാറ്റുപുഴ, നെടുങ്കണ്ടം വഴി തമിഴ്‌നാട്ടിലെ തേനിയിലേക്ക് പോകുന്ന രീതിയിലായിരുന്നു പദ്ധതി ആസൂത്രണം ചെയ്തിരുന്നത്. കൊച്ചിയെയും മധുരയെയും ബന്ധിപ്പിക്കാന്‍ ലക്ഷ്യമിട്ട് അവതരിപ്പിച്ച പദ്ധതിക്ക് വലിയ സ്വീകാര്യതയും ലഭിച്ചിരുന്നു. എന്നാല്‍ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ കണക്കിലെടുത്ത് ഡിപിആര്‍ നടപടികള്‍ ഉള്‍പ്പെടെ നിര്‍ത്തിവെച്ചു.
Also Read: Panampilly Nagar Parks: പനമ്പിള്ളി നഗറിലെ ആ രണ്ട് പാര്‍ക്കുകള്‍ വെറുതെ പൂട്ടിയതല്ല; പിന്നില്‍ നിഗൂഢത
ഗ്രീന്‍ഫീല്‍ഡ് ഹൈവേയുടെ സാധ്യതകള്‍ പഠിക്കാനും അലൈന്‍മെന്റ് നിര്‍ണയിക്കാനുമായി വര്‍ഷങ്ങള്‍ക്ക് മുമ്പേ നടപടികള്‍ തുടങ്ങിയതാണ്. ഇടുക്കി-എറണാകുളം ജില്ലകളിലെ മലയോര മേഖലകളിലേക്ക് വികസനം എത്തിക്കാനും പാത സഹായിക്കുമെന്നായിരുന്നു അധികൃതരുടെ വിലയിരുത്തല്‍.
വികസനം അവതാളത്തില്‍
പുതിയപാത വരുന്നതോടെ കേരളവും തമിഴ്‌നാടും തമ്മിലുള്ള ബന്ധം കൂടുതല്‍ ദൃഢമാകും. കാര്‍ഷിക മേഖലയ്ക്കും, ചരക്ക് നീക്കത്തിനും ഗുണം ചെയ്യാനും പാതയ്ക്ക് സാധിക്കുമായിരുന്നു. മാത്രമല്ല, ഇടുക്കിയുടെ ടൂറിസം മേഖലയ്ക്കും കരുത്തേകാന്‍ പദ്ധതിയ്ക്ക് കഴിയുമെന്ന വിലയിരുത്തലിലായിരുന്നു നാട്ടുകാര്‍.