Kanathil Jameela: കാനത്തില്‍ ജമീലയുടെ സംസ്‌കാരം ചൊവ്വാഴ്ച
Kanathil Jameela Passes Away: കാനത്തില്‍ ജമീലയുടെ സംസ്‌കാരം ചൊവ്വാഴ്ച നടക്കും. അത്തോളി കുനിയില്‍ മസ്ജിദ് ഖബര്‍സ്ഥാനിലാണ് ഖബറടക്കം. ചൊവ്വാഴ്ച വൈകിട്ട് ആറിനാണ് ഖബറടക്കം

Kanathil Jameela
കൊയിലാണ്ടി: കൊയിലാണ്ടി എംഎല്‍എയും, സിപിഎം നേതാവുമായ കാനത്തില്‍ ജമീലയുടെ സംസ്‌കാരം ചൊവ്വാഴ്ച (ഡിസംബര്‍) നടക്കും. അത്തോളി കുനിയില്‍ മസ്ജിദ് ഖബര്‍സ്ഥാനിലാണ് ഖബറടക്കം. ചൊവ്വാഴ്ച വൈകിട്ട് ആറിനാണ് ഖബറടക്കം നിശ്ചയിച്ചിരിക്കുന്നത്. ചൊവ്വാഴ്ച വരെ മെയ്ത്ര ആശുപത്രിയില്‍ മൃതദേഹം സൂക്ഷിക്കും. ചൊവ്വാഴ്ച രാവിലെ പാര്‍ട്ടി നേതാക്കള്‍ മൃതദേഹം ഏറ്റുവാങ്ങും. തുടര്‍ന്ന് പാര്‍ട്ടിയുടെ ജില്ലാ കമ്മിറ്റി ഓഫീസായ സിഎച്ച് കണാരന്‍ സ്മാരക മന്ദിരത്തില്‍ പൊതുദര്‍ശനമുണ്ടാകും.
പിന്നീട് കൊയിലാണ്ടി ടൗണ്‍ ഹാളിലും പൊതുദര്‍ശനമുണ്ടാകും. അതിനുശേഷം തലക്കുളത്തൂരും പൊതുദര്‍ശനമുണ്ട്. തുടര്‍ന്ന് തലക്കുളത്തൂരുള്ള വീട്ടിലേക്ക് മൃതദേഹം കൊണ്ടുപോകും. വിദേശത്തുള്ള മകന്‍ എത്താനുള്ളതിനാലാണ് സംസ്‌കാരം ചൊവ്വാഴ്ച തീരുമാനിച്ചതെന്നാണ് റിപ്പോര്‍ട്ട്.
അര്‍ബുദബാധയെ തുടര്‍ന്ന് ശനിയാഴ്ച രാത്രി 8.40-ഓടെയാണ് കാനത്തില്‍ ജമീല മരിച്ചത്. ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് ശനിയാഴ്ചയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കഴിഞ്ഞ ഒമ്പതു മാസമായി വിവിധ ആശുപത്രികളിലായി ചികിത്സയിലായിരുന്നു. ചികിത്സയില്‍ കഴിയുമ്പോഴും മണ്ഡലത്തിന്റെ വികസന പ്രവര്‍ത്തനങ്ങളില്‍ സജീവമായി ഇടപെട്ടു.
Also Read: Kanathil Jameela: കൊയിലാണ്ടി എംഎല്‍എ കാനത്തില്‍ ജമീല അന്തരിച്ചു
2021ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ 8,472 വോട്ടുകള്‍ക്കായിരുന്നു ജമീലയുടെ ജയം. 1995ലെ തദ്ദേശ തിരഞ്ഞെടുപ്പില്‍ തലക്കുളത്തൂരില്‍ മത്സരിച്ച് ജയിക്കുകയും, പഞ്ചായത്ത് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു. 1995ലെ തിരഞ്ഞെടുപ്പ് മുതലാണ് ജമീല രാഷ്ട്രിയരംഗത്ത് സജീവമായത്. 2005ല്‍ ചേളന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായി. 2010ല്‍ കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി. 2020ല്‍ വീണ്ടും ജില്ലാ പഞ്ചായത്തിന്റെ അധ്യക്ഷസ്ഥാനത്തെത്തി. തുടര്‍ന്ന് നിയമസഭ തിരഞ്ഞെടുപ്പില്‍ ജമീലയെ മത്സരിപ്പിക്കാന്‍ പാര്‍ട്ടി തീരുമാനിക്കുകയായിരുന്നു.
കുറ്റ്യാടി നടുവിലക്കണ്ടി വീട്ടിൽ പരേതരായ ടികെ ആലിയുടെയും മറിയത്തിന്റെയും മകളാണ് കാനത്തില്‍ ജമീല. ഭർത്താവ്: കെ അബ്ദുറഹ്മാൻ. മക്കൾ: ഐറിജ് റഹ്മാൻ, അനൂജ സുഹൈബ്. മരുമക്കൾ: സുഹൈബ്, തേജു.