Krishna Janmashtami 2025: ശ്രീകൃഷ്ണ ജയന്തി ഘോഷയാത്ര; തൃശൂരില്‍ മാത്രമല്ല, ഇന്ന് ഈ സ്ഥലങ്ങളിലെല്ലാം ഗതാഗത നിയന്ത്രണം
Sri Krishna Jayanti Ashtami Rohini celebrations in Kerala 2025: ഘോഷയാത്രയോടനുബന്ധിച്ച് സംസ്ഥാനത്ത് വിവിധ സ്ഥലങ്ങളില്‍ ഗതാഗത ക്രമീകരണം ഏര്‍പ്പെടുത്തി. തൃശൂര്‍ നഗരത്തില്‍ വൈകിട്ട് മൂന്ന് മുതല്‍ ക്രമീകരണം ഏര്‍പ്പെടുത്തും. ഗുരുവായൂരിലും ഗതാഗത നിയന്ത്രണമുണ്ടാകും. തിരുവനന്തപുരം നഗരത്തില്‍ ഉച്ചയ്ക്ക് രണ്ട് മുതല്‍ ഏഴ് വരെ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി

File Pic
തൃശൂര്‍/തിരുവനന്തപുരം: ശ്രീകൃഷ്ണ ജയന്തി ഘോഷയാത്രയോടനുബന്ധിച്ച് സംസ്ഥാനത്ത് വിവിധ സ്ഥലങ്ങളില്‍ ഗതാഗത ക്രമീകരണം ഏര്‍പ്പെടുത്തി. തൃശൂര്‍ നഗരത്തില്‍ വൈകിട്ട് മൂന്ന് മുതല്‍ ക്രമീകരണം ഏര്‍പ്പെടുത്തും. സ്വരാജ് റൗണ്ട്, നായ്ക്കനാല്‍, തേക്കിന്‍കാട് മൈതാനി എന്നിവിടങ്ങളില്‍ വാഹന പാര്‍ക്കിങ് അനുവദിക്കില്ല. സ്വരാജ് റൗണ്ടിലും സമീപ റോഡിലും ഉച്ചയ്ക്ക് മൂന്ന് മുതല്‍ ഗതാഗത നിയന്ത്രണമുണ്ടാകും. ശോഭയാത്ര അവസാനിക്കുന്നതുവരെ റൗണ്ടിലേക്ക് വാഹനങ്ങളെ പ്രവേശിപ്പിക്കില്ല. അത്യാവശ കാര്യങ്ങള്‍ക്കല്ലാതെ സ്വകാര്യ വാഹനങ്ങളില്‍ എത്തുന്നത് ഒഴിവാക്കണം.
ഘോഷയാത്ര കാണാന്‍ അപകടാവസ്ഥയിലുള്ള കെട്ടിടങ്ങളിലോ, വൃക്ഷങ്ങള്‍ക്ക് മുകളിലോ കയറരുത്. വിവിധ സെക്ടറുകളായി തിരിച്ച് പൊലീസുകാരെ വിന്യസിച്ചിട്ടുണ്ട്. മഫ്തി, ഷാഡോ പൊലീസ് എന്നിവരുമുണ്ടാകും. തിരക്ക് പ്രതീക്ഷിക്കുന്ന സ്ഥലങ്ങളിലെല്ലാം സിസിടിവി കാമറയിലൂടെ നിരീക്ഷണമുണ്ടാകും. എമര്‍ജന്‍സി ടെലി ഫോണ്‍ നമ്പറുകള്‍: സിറ്റി കൺട്രോൾ റൂം: 0487 2424193, ട്രാഫിക് പൊലീസ് യൂണിറ്റ്: 0487 2445259, ടൗൺ ഈസ്റ്റ് സ്റ്റേഷൻ: 0487 2424192.
ഗുരുവായൂരിലും ഗതാഗത നിയന്ത്രണമുണ്ടാകും. രാവിലെ ഒമ്പത് മുതലാകും നിയന്ത്രണം. ഔട്ടര്‍ റിങ് റോഡ്, ഇന്നര്‍ റിങ്ക് റോഡ് എന്നിവിടങ്ങളില്‍ വണ്‍വേ ആയിരിക്കും. കുന്നംകുളം ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങള്‍ ചൂല്‍പ്പുറത്ത് നിന്ന് പൊലീസ് സ്റ്റേഷന്‍ റോഡ് വഴി മാവിന്‍ചുവടെത്തി ഗുരുവായൂരിലേക്ക് പോകണം.
പാവറട്ടി ഭാഗത്തു നിന്ന് എത്തുന്ന നോണ്‍ ട്രാന്‍സ്‌പോര്‍ട്ട് ഹെവി വണ്ടികള്‍ പഞ്ചാരമുക്കിലുടെ ചാവക്കാട് ഭാഗത്തേക്ക് പോകേണ്ടതാണ്. ഔട്ടര്‍ റിങിലാകും പ്രധാന പാര്‍ക്കിങ് കേന്ദ്രങ്ങള്‍. അത് പരമാവധി ഉപയോഗിച്ചതിന് ശേഷം ഇന്നര്‍ റിങിലെ പാര്‍ക്കിങ് കേന്ദ്രങ്ങള്‍ പ്രയോജനപ്പെടുത്താം.
തിരുവനന്തപുരത്തും ക്രമീകരണങ്ങള്‍
തിരുവനന്തപുരം നഗരത്തില്‍ ഉച്ചയ്ക്ക് രണ്ട് മുതല്‍ ഏഴ് വരെ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി. പ്രധാന നിയന്ത്രണങ്ങള്‍ പാളയം-കിഴക്കേകോട്ട റോഡിലാണ്. പാളയം, സ്‌പെന്‍സര്‍, സ്റ്റാച്യു, ആയുര്‍വേദ കോളേജ്, ഓവര്‍ ബ്രിഡ്ജ്, പഴവങ്ങാടി, കിഴക്കേക്കോട്ട വരെയുള്ള ഘോഷയാത്ര കടന്നുപോകുന്ന റോഡില്‍ വാഹന പാര്‍ക്കിങ് അനുവദിക്കുന്നതല്ല. വിവിധ പ്രദേശങ്ങളില്‍ നിന്ന് ശോഭയാത്രയ്ക്ക് എത്തുമ്പോള്‍, യാത്രക്കാരെ ഇറക്കിയതിന് ശേഷം ഡ്രൈവര്‍മാര്‍ വാഹനങ്ങള്‍ ആറ്റുകാല്‍ ക്ഷേത്രഗ്രൗണ്ടില്‍ പാര്‍ക്ക് ചെയ്യണം.