Nuclear Power Plant in Kerala: അതിരപ്പിള്ളിയിൽ ആണവനിലയം? പഠനം നടത്തുന്നതായി സൂചന, ആശങ്കയുമായി നാട്ടുകാർ
Nuclear Power Plant in Kerala: 7000 കോടി രൂപ ചെലവിൽ 220 മെഗാവാട്ടിന്‍റെ രണ്ട് പദ്ധതികളിലായി 440 മെഗാവാട്ട് വൈദ്യുതി ഉല്‍പാദിപ്പിക്കുകയാണ് കെഎസ്ഇബി ആണവ നിലയത്തിലൂടെ ലക്ഷ്യമിടുന്നത്. പദ്ധതിക്ക് വേണ്ടിയുള്ള സ്ഥലം ഏറ്റെടുപ്പിന്റെ നടപടികൾ കെഎസ്ഇബി ആരംഭിച്ചതായാണ് റിപ്പോർട്ട്.
തൃശൂർ: ഉയർന്ന വിലയ്ക്ക് കേരളം പുറത്തുനിന്ന് വെെദ്യുതി വാങ്ങുന്നതിൽ വലിയ നഷ്ടം സംഭവിക്കുന്ന സാഹചര്യത്തിലാണ് ആണവനിലയത്തിനായി സർക്കാർ ശ്രമം ആരംഭിച്ചത്. അതിനായി സ്ഥലം ഏറ്റെടുക്കുന്നതിന് മുന്നോടിയായി അതിരപ്പള്ളിയിൽ സാധ്യതാ പഠനം നടത്തുന്നതിനായി കെഎസ്ഇബി നടപടികൾ ആരംഭിച്ചതായി റിപ്പോർട്ട്. ഔദ്യോഗികമായി കെഎസ്ഇബി ഇക്കാര്യം പുറത്തുവിട്ടില്ല. സർക്കാരും നിയമപരമായി തീരുമാനമെടുക്കേണ്ടതുണ്ട്. അതിന് മുന്നോടിയായി പ്രാഥമിക പഠനം നടത്തി റിപ്പോർട്ട് തയ്യാറാക്കാനാണ് കെഎസ്ഇബി ലക്ഷ്യം വയ്ക്കുന്നത്.
1000 ഹെക്ടറോളം ഭൂമിയാണ് ആണവനിലയത്തിനായി വേണ്ടത്. ജനവാസം കുറഞ്ഞതും സർക്കാർ ഭൂമി കൂടുതലുള്ളതുമായ സ്ഥലം എന്ന നിലയിലാണ് അതിരപ്പള്ളിയിൽ ആണവ നിലയത്തിനായി സ്ഥലം തേടുന്നത്. ആണവനിലയവുമായി മുന്നോട്ട് പോകാനാണ് സർക്കാർ തീരുമാനമെങ്കിൽ സമരവുമായി മുന്നോട്ട് പോകുമെന്നാണ് ജനകീയ സമിതിയുടെ നിലപാട്. അതേസമയം പരിസ്ഥിതിലോല മേഖലയായ അതിരപ്പള്ളിയിൽ ഒരുതരത്തിലും ആണവനിലയം സുരക്ഷിതമല്ലെന്നാണ് സാമൂഹിക പ്രവർത്തകർ വ്യക്തമാക്കുന്നത്.
അതിരപ്പള്ളിയിൽ നേരത്തെ പുതിയ ഡാം നിർമ്മിച്ച് ജല വെെദ്യുത പദ്ധതിക്കായുള്ള നീക്കം കെഎസ്ഇബി നടത്തിയിരുന്നു. എന്നാൽ ശക്തമായ പ്രതിഷേധം ഉയർന്നതോടെ പദ്ധതി സർക്കാർ ഉപേക്ഷിക്കുകയായിരുന്നു. കേരളത്തില്‍ ആണവവൈദ്യുത നിലയം സ്ഥാപിക്കാനായുള്ള ചര്‍ച്ചകള്‍ നടന്നിട്ടുണ്ടെന്ന് വെെദ്യുത മന്ത്രി കെ കൃഷ്ണൻകുട്ടി നേരത്തെ വ്യക്തമാക്കിയിരുന്നു.
കൂടംകുളത്ത് ആണവനിലയം സ്ഥാപിച്ചിട്ടുള്ള കമ്പനിയായിരുന്നു ചീഫ് സെക്രട്ടറിക്ക് കേരളത്തിൽ ആണവ നിലയം സ്ഥാപിക്കാൻ താത്പര്യം പ്രകടിപ്പിച്ച് കത്തയച്ചത്. സ്ഥലം കണ്ടെത്തി നല്‍കിയാല്‍ ആണവ നിലയം സ്ഥാപിക്കാമെന്നാണ് വാഗ്ദാനം. കത്തിന്‍റെ പകര്‍പ്പ് മനോരമന്യൂസിന് ലഭിച്ചു. എന്നാല്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുത്തിട്ടില്ലെന്നായിരുന്നു വെെദ്യുതി മന്ത്രി പ്രതികരിച്ചത്.
ആണവ വൈദ്യുത നിലയം സ്ഥാപിക്കുന്നതിനായി കെഎസ്ഇബിയും ഊര്‍ജവകുപ്പും ശ്രമം നടത്തിയതിന്‍റെ വിവരങ്ങള്‍ പുറത്തുവന്നിരുന്നു. ഇതിന്റെ ഭാഗമായുള്ള ആദ്യഘട്ട ചർച്ചകൾ ജൂണിലാണ് നടന്നത്. 220 മെഗാവാട്ടിന്‍റെ രണ്ട് പദ്ധതികളിലായി 440 മെഗാവാട്ട് വൈദ്യുതി ഉല്‍പാദിപ്പിക്കുകയാണ് ലക്ഷ്യം. അതിരപ്പിള്ളി, ചീമോനി ഉള്‍പ്പടെയുള്ള സ്ഥലങ്ങളാണ് കെഎസ്ഇബിയുടെ പരിഗണനയിലുള്ളത്.
ആണവ നിലയം ആരംഭിക്കുന്ന സംസ്ഥാനത്തിന് ഉല്‍പാദിപ്പിക്കുന്ന വൈദ്യുതിയുടെ പകുതി ലഭിക്കും. ഇക്കാര്യം പരിഗണിച്ചാണ് കേരളവും ആണവ വൈദ്യുത നിലയമെന്ന ആശയത്തിലേക്ക് എത്തിയത്. 7000 കോടി രൂപയാണ് പദ്ധതിക്ക് ചെലവ് പ്രതീക്ഷിക്കുന്നത്.