Hema Committee Report: മുകേഷ് രാജിവെക്കുമോ? അന്തിമ തീരുമാനമെടുക്കാൻ CPM സംസ്ഥാന കമ്മിറ്റി
Hema Committee Report: നടനും എംഎൽഎയുമായ എം മുകേഷിന്റെ രാജിക്കാര്യത്തിൽ ഇന്ന് സിപിഎം നിലപാടെടുക്കും. ലെെംഗികാരോപണത്തിൽ നടി നൽകിയ രഹസ്യ മൊഴിയിൽ മുമ്പ് വെളിപ്പെടുത്തിയതിനേക്കാൾ കൂടുതൽ വിവരങ്ങളുണ്ടാകുമെന്നാണ് സൂചന.
തിരുവനന്തപുരം: ലെെംഗിക പീഡന കേസിൽ പ്രതിയായ കൊല്ലം എംഎൽഎയും നടനുമായ എം മുകേഷിന്റെ രാജിയിൽ അന്തിമ തീരുമാനമെടുക്കാൻ സിപിഎം സംസ്ഥാന കമ്മിറ്റി ഇന്ന് യോഗം ചേരും. സമാന കേസുകളിൽ പ്രതിയായ രണ്ട് കോൺഗ്രസ് എംഎൽഎമാർ രാജിവച്ചിട്ടില്ലെന്നും അതുകൊണ്ട് തന്നെ മുകേഷിന്റെ രാജി ആവശ്യമില്ലെന്നുമാണ് സിപിഎം പ്രതിരോധം. സംസ്ഥാന കമ്മിറ്റിയിലെ കൊല്ലത്തെ നേതാക്കളുടെ അഭിപ്രായം കൂടെ കേട്ട ശേഷം രാജിയിൽ തീരുമാനമെടുക്കും.
സിപിഐക്ക് പുറമെ സിപിഎമ്മിന്റെ ഉള്ളിലും മുകേഷ് രാജിവയ്ക്കണമെന്ന അഭിപ്രായം ശക്തമാകുന്നുണ്ട്. ഇക്കാര്യങ്ങൾ സിപിഎം സംസ്ഥാന കമ്മിറ്റി പരിശോധിക്കും. ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്ത് നിന്ന് ലെെംഗികാരോപണ പരാതിയെ തുടർന്ന് രഞ്ജിത്ത് രാജിവച്ചതോടെ പുതിയ ആളെ തിരഞ്ഞെടുക്കാനുള്ള പ്രാഥമിക ചർച്ചയും സംസ്ഥാന കമ്മിറ്റിയിൽ ഉയർന്നുവന്നേക്കും.
എം മുകേഷിന്റെ രാജി ആവശ്യം സംസ്ഥാന നേതൃത്വം അംഗീകരിക്കാൻ സാധ്യതയില്ലെന്നാണ് സൂചന. വിഷയത്തിൽ മുകേഷിന് പറയാനുള്ളതും പാർട്ടി കേൾക്കും. ലൈംഗികാരോപണ കേസിൽ മുകേഷ് രാജി വെക്കുന്നതാണ് ഉചിതമെന്ന് സിപിഐ നിലപാട് സ്വീകരിച്ചിരുന്നു. നേതൃത്വത്തിന്റെ നിലപാട് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം മുഖ്യമന്ത്രിയെ നേരിൽ കണ്ട് അറിയിക്കുകയും ചെയ്തു. പിന്നാലെ, രാജി ആവശ്യപ്പെട്ട് മുന്നണിക്കുള്ളിലും പ്രതിഷേധം ശക്തമായി.
എം മുകേഷ് പദവിയിൽ തുടരുന്നതിലെ അതൃപ്തി ബൃന്ദ കാരാട്ടും നേതൃത്വത്തെ ധരിപ്പിച്ചു. നിങ്ങൾ അങ്ങനെ ചെയ്തതു കൊണ്ട് ഞാൻ ഇങ്ങനെ ചെയ്തുവെന്ന വിധത്തിലുള്ള നിലപാട് അല്ല വിഷയത്തിൽ കൈക്കൊള്ളേണ്ടതെന്നാണ് നേതൃത്വത്തിന്റെ നിലപാടിനെ പരോക്ഷമായി വിമർശിച്ചു കൊണ്ട് പോളിറ്റ് ബ്യൂറോ അംഗമായ ബൃന്ദ കാരാട്ട് പറഞ്ഞത്. സിപിഎമ്മിന്റെ ഔദ്യോഗിക വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ച ലേഖനത്തിലൂടെയാണ് പ്രതികരണം. ഹേമാ കമ്മിറ്റി റിപ്പോർട്ടിന്റെ അനന്തരഫലത്തെ കുറിച്ച് ചില ചിന്തകൾ എന്നാണ് ലേഖനത്തിന് നൽകിയ തലക്കെട്ട്. മുന്നണിക്ക് പുറമെ മുകേഷിന്റെ രാജി പ്രതിപക്ഷ സംഘടനകളും ആവശ്യപ്പെടുന്നുണ്ട്.
എന്നാൽ എഫ്ഐആർ റദ്ദാക്കാനുള്ള തെളിവുകൾ കൈവശം ഉണ്ടെന്ന് മുകേഷ് മുഖ്യമന്ത്രിയെ ധരിപ്പിച്ചിരുന്നു. നടി അയച്ച വാട്സ്അപ്പ് സന്ദേശങ്ങൾ തന്റെ പക്കലുണ്ട്. ആരോപണം വ്യാജമാണെന്നും പരാതിക്കാരി തന്നെ ഭീഷണിപ്പെടുത്തിയെന്നുമാണ് മുകേഷ് മുഖ്യമന്ത്രിയ്ക്ക് നൽകിയ വിശദീകരണം. നടിയുടെ പരാതി താൻ സിപിഎംകാരൻ ആയതിനാലാണെന്നും ബ്ലാക്മെയിലിംഗിന്റെ ഭാഗമാണെന്നുമാണ് മുകേഷ് മാധ്യമങ്ങൾക്ക് നൽകിയ വിശദീകരണം.
ഇതെല്ലാം പരിശോധിച്ചതിന് ശേഷമായിരിക്കും വിഷയത്തിൽ സിപിഎം നേതൃത്വം ഉചിതമായ നിലപാട് കെെക്കൊള്ളുക. കൊച്ചി സ്വദേശിനിയായ നടി നൽകിയ ലൈംഗിക പീഡന പരാതിയിലാണ് മുകേഷിനെതിരെ കേസെടുത്തത്. സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് ഹോട്ടലിൽ വച്ച് പീഡിപ്പിച്ചുവെന്നാണ് പരാതി. പരാതിയിന്മേൽ നടിയുടെ രഹസ്യ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്.
ഭാരതീയ നാഗരിക് സുരക്ഷാ സംഹിതയിലെ (ബിഎൻഎസ്എസ്) 183-ാം വകുപ്പ് പ്രകാരം രേഖപ്പെടുത്തിയ മൊഴിയിൽ മുമ്പ് വെളിപ്പെടുത്തിയതിനേക്കാൾ കൂടുതൽ വിവരങ്ങളുണ്ടാകുമെന്നാണ് സൂചന.