KSU education strike: നാളെ സംസ്ഥാനത്ത് കെഎസ്‍യു വിദ്യാഭ്യാസ ബന്ദ്
KSU Calls Statewide Education Strike : സെക്രട്ടേറിയറ്റ് മാർച്ചിനിടെ പ്രവർത്തകർക്ക് നേരെ നടന്ന പോലീസ് അതിക്രമങ്ങളിൽ പ്രതിഷേധിച്ചാണ് കെഎസ്‍യു ഈ ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്.
തിരുവനന്തപുരം: കേരള സ്റ്റുഡൻ്റ്സ് യൂണിയൻ നാളെ സംസ്ഥാന വ്യാപകമായി പ്രഖ്യാപിച്ച വിദ്യാഭ്യാസ ബന്ദ് വിദ്യാഭ്യാസ മേഖലയെ സ്തംഭിപ്പിക്കും. സെക്രട്ടേറിയറ്റ് മാർച്ചിനിടെ പ്രവർത്തകർക്ക് നേരെ നടന്ന പോലീസ് അതിക്രമങ്ങളിൽ പ്രതിഷേധിച്ചാണ് കെഎസ്‍യു ഈ ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്.
പ്രതിഷേധത്തിന് പിന്നിൽ
പ്ലസ് വൺ സീറ്റ് പ്രതിസന്ധി, കേരള സാങ്കേതിക സർവകലാശാലയിലെ വിദ്യാർത്ഥി വിരുദ്ധമായ ‘ഇയർ ബാക്ക്’ സിസ്റ്റം, മുടങ്ങിക്കിടക്കുന്ന വൈസ് ചാൻസലർ നിയമനങ്ങളും സ്ഥിരം അധ്യാപക തസ്തികകളിലെ ഒഴിവുകളും, സർക്കാർ മെഡിക്കൽ കോളേജുകളോടുള്ള അനാസ്ഥ തുടങ്ങിയ നിരവധി വിഷയങ്ങളിൽ KSU സർക്കാരിനെതിരെ ശക്തമായ പ്രതിഷേധം ഉയർത്തുന്നുണ്ട്.
ഈ വിഷയങ്ങളിൽ പ്രതിഷേധം ശക്തമാക്കുന്നതിന്റെ ഭാഗമായി സെക്രട്ടേറിയേറ്റിലേക്ക് നടത്തിയ മാർച്ചിൽ പോലീസ് ലാത്തിച്ചാർജും ജലപീരങ്കിയും പ്രയോഗിക്കുകയും നിരവധി KSU പ്രവർത്തകർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഇതിൽ പ്രതിഷേധിച്ചാണ് നാളത്തെ വിദ്യാഭ്യാസ ബന്ദ്.
ഇതിനു മുമ്പ് അഖില ഭാരതീയ വിദ്യാർത്ഥി പരിഷത്ത് ( എബിവിപി) സംസ്ഥാന വ്യാപകമായി വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തിരുന്നു . എബിവിപി സംസ്ഥാന സെക്രട്ടറിയെ ആക്രമിച്ചതിൽ പ്രതിഷേധിച്ചും പിഎംശ്രീ പദ്ധതി നടപ്പാക്കണമെന്നും ആവശ്യപ്പെട്ടുമായിരുന്നു അന്നത്തെ സമരം.