kerala Holiday : വീണ്ടും അവധി വരുന്നു… നവംബർ മൂന്നിന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ ഓഫീസുകൾ പ്രാദേശിക അവധി
Local Holiday in Kerala on November 3: പരുമല തിരുമേനിയുടെ 123-ാമത് ഓർമ്മപ്പെരുന്നാളിനോടനുബന്ധിച്ച് വിപുലമായ ഒരുക്കങ്ങളാണ് സർക്കാർ തലത്തിൽ ഏർപ്പെടുത്തുന്നത്. ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വിവിധ വകുപ്പുകളുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനും ഹരിതചട്ടം കർശനമായി പാലിക്കാനും തീരുമാനിച്ചു.

പ്രതീകാത്മക ചിത്രം
പത്തനംതിട്ട: പത്തനംതിട്ട ജില്ലയിലെ പരുമല പള്ളിയിൽ നടക്കുന്ന വിശുദ്ധ ഗ്രീഗോറിയോസ് തിരുമേനിയുടെ ഓർമ്മപ്പെരുന്നാൾ പ്രമാണിച്ചു നവംബർ 3, തിങ്കളാഴ്ച ആലപ്പുഴ ജില്ലയിലെ രണ്ട് താലൂക്കുകൾക്ക് പ്രാദേശിക അവധി പ്രഖ്യാപിച്ചു. മാവേലിക്കര, ചെങ്ങന്നൂർ താലൂക്കുകളിലെ എല്ലാ സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമായിരിക്കും. പൊതുപരീക്ഷകൾക്ക് ഈ ഉത്തരവ് ബാധകമായിരിക്കില്ലെന്ന് ജില്ലാ കളക്ടർ അറിയിച്ചു.
പെരുന്നാളിന് വിപുലമായ സർക്കാർ ക്രമീകരണങ്ങൾ
പരുമല തിരുമേനിയുടെ 123-ാമത് ഓർമ്മപ്പെരുന്നാളിനോടനുബന്ധിച്ച് വിപുലമായ ഒരുക്കങ്ങളാണ് സർക്കാർ തലത്തിൽ ഏർപ്പെടുത്തുന്നത്. ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വിവിധ വകുപ്പുകളുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനും ഹരിതചട്ടം കർശനമായി പാലിക്കാനും തീരുമാനിച്ചു.
തീർത്ഥാടകർക്കായി കെഎസ്ആർടിസിയുടെ പ്രത്യേക സർവീസുകൾ വിവിധ ഡിപ്പോകളിൽ നിന്ന് ഏർപ്പെടുത്തും. റോഡുകളുടെയും പാലങ്ങളുടെയും അറ്റകുറ്റപ്പണികൾ അടിയന്തരമായി പൂർത്തിയാക്കാൻ നിർദ്ദേശിച്ചു. പഞ്ചായത്തിന്റെ സഹകരണത്തോടെ കുടിവെള്ള വിതരണം ഉറപ്പാക്കും. വഴിവിളക്കുകൾ പ്രകാശിപ്പിക്കാനുള്ള നടപടികൾ സ്വീകരിക്കും. പെരുന്നാൾ ദിവസങ്ങളിൽ പ്രത്യേക പോലീസ് കൺട്രോൾ റൂം സ്ഥാപിക്കാനും തീരുമാനം ഉണ്ട്. ആരോഗ്യവകുപ്പ് ആംബുലൻസ് സേവനവും പ്രത്യേക മെഡിക്കൽ ടീമിനെയും സജ്ജമാക്കും എന്നാണ് വിവരം.
പരുമല പള്ളിയിലെ ഓർമ്മപ്പെരുന്നാൾ ഒക്ടോബർ 26-ന് കൊടിയേറി നവംബർ 3-ന് സമാപിക്കും. മാത്യു ടി. തോമസ് എംഎൽഎ, പത്തനംതിട്ട കളക്ടർ പ്രേം കൃഷ്ണൻ തുടങ്ങിയവരും യോഗത്തിൽ പങ്കെടുത്തു.